ചെന്നൈ: ചെന്നൈ ഐഐടിയില്‍ ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫ് എന്ന മലയാളി പെണ്‍കുട്ടി ഒടുവിലായി വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഏറെ അസ്വസ്ഥയായിരുന്നുവെന്ന് കുടുംബം.  ഒടുവിലായി വാട്ട്സാപ്പ് വീഡിയോകോളില്‍ വന്ന ഫാത്തിമയ്ക്ക് എന്തൊക്കെയോ വിഷമം ഉള്ളതായി തോന്നിയിരുന്നുവെന്ന് ഉറ്റ ബന്ധു ഷമീര്‍ എസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ''എന്തുപറ്റിയെന്ന് അവളുടെ ഉമ്മ ചോദിക്കുകയും ചെയ്തിരുന്നു. എന്തെങ്കിലും വിഷമമുണ്ടായാല്‍ കരഞ്ഞ് ബഹളം വയ്ക്കുന്ന കുട്ടിയല്ല ഫാത്തിമ. ചെറുതായൊന്ന് പുഞ്ചിരിയ്ക്കുകമാത്രമായിരിക്കും ചെയ്യുക. അപ്പോഴും അവള്‍ പുഞ്ചിരിച്ചു. എന്നാല്‍ ആ അവസാനപുഞ്ചിരിക്ക് പിന്നിലും എന്തോ സങ്കടമുണ്ടായിരുന്നു'' - ഷമീര്‍ കൂട്ടിച്ചേര്‍ത്തു.

ഫാത്തിമ മരിച്ചതറിഞ്ഞ് ഐഐടിയില്‍ എത്തിയത് ഷമീറും ഇരട്ട സഹോദരിയായ ആയിഷയുമടക്കം അഞ്ചുപേരായിരുന്നു. അന്ന് അവിടെയെത്തിയപ്പോള്‍ ബന്ധപ്പെട്ട അധികൃതരാരും അവിടെ ഉണ്ടായിരുന്നില്ല.  മരിച്ചവരുടെ മൃതദേഹം പാക്ക് ചെയ്ത് നല്‍കാന്‍ ചുമതലപ്പെട്ട ഒരു ശിപായി മാത്രമാണ് അവിടെയുണ്ടായിരുന്നതെന്നും ഷമീര്‍ പറഞ്ഞു.

''ആരെങ്കിലും വന്നാലല്ലേ ഞങ്ങള്‍ക്ക് അവരുടെ പെരുമാറ്റം അറിയാന്‍ പറ്റൂ. അധ്യാപകരായിട്ടുള്ള, ഡിപ്പാർട്ട്മെന്റ് തലവന്മാരായിട്ടുള്ള, അധികൃതരായിട്ടുള്ള ഒരാള്‍ പോലും വന്നില്ല. ഞങ്ങളോട് ഒരുവാക്ക് തിരക്കിയിട്ടില്ല. ഞങ്ങളുടെ കുട്ടി മരിച്ചിട്ട് ഇത്ര ദിവസമായിട്ടും ഇന്ന് ഉച്ചയ്ക്കാണ് ആരോ ഒന്ന് വിളിച്ചത്. ഒരാളുപോലും തിരക്കിയിട്ടില്ല. ആ സ്ഥാപനത്തിന്‍റെ ഉത്തരവാദിത്തം അത്രമാത്രമേ ഉള്ളൂ എന്ന് ഇപ്പോഴാണ് മനസ്സിലായത്. '' - ഷമീര്‍ കൂട്ടിച്ചേര്‍ത്തു

ഫാത്തിമ പ്രയാസങ്ങള്‍ അനുഭവിച്ചിരുന്നുവെന്നും മരിക്കുന്നതിന്‍റെ തലേദിവസം ക്യാന്‍റീനില്‍ ഇരുന്ന് കരഞ്ഞിരുന്നുവെന്നും കാരണം ചോദിച്ചപ്പോള്‍ ഒന്നും പറഞ്ഞില്ലെന്നും സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ചോദിച്ചപ്പോള്‍ അങ്ങനെ ഒരു സംഭവമേ ഇല്ലെന്ന തരത്തിലാണ് അതേ കുട്ടികള്‍ മറുപടി പറഞ്ഞത്. ഫാത്തിമയെക്കുറിച്ച് കുട്ടികള്‍ പറഞ്ഞത് ഐഐടി അധികൃതര്‍ അറിയുകയും അവിടെ നടന്ന സംഭവങ്ങള്‍ പുറത്തുപറയരുതെന്ന് വിലക്കിയിട്ടുണ്ടെന്നുമാണ് ഇതിൽ നിന്ന് തങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

''ഇടപെടലുകളുണ്ടായി എന്നാണ് മനസ്സിലാക്കേണ്ടത്. ഇത്തരം സംഭവങ്ങള്‍ അവിടെ ആദ്യമായിട്ടല്ലെന്നും മരണം അസാധാരണമല്ലെന്നുമാണ് വ്യക്തമാകുന്നത്. അവര്‍ക്ക് ഫാത്തിമയെന്നില്ല. വര്‍ഷത്തില്‍ അഞ്ചും ആറും പേർ മരിക്കുന്നു. അതില്‍ ഒരു മരണം. മരിച്ചുകഴിഞ്ഞാൽ പിന്നെ കുട്ടികളെ അവര്‍ 'ബോഡി' എന്ന് പറയുന്നു. അത് നമുക്ക് തന്നുവിടുന്നു. അതാണ് ഐഐടി. ഇനി ഇത്തരമൊരു അവസ്ഥ ഒരു കുട്ടിക്കും ഉണ്ടാകരുതെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ''

മുഖ്യമന്ത്രിയെ നേരിൽ ചെന്ന് കണ്ടിരുന്നു. വേണ്ട ഇടപെടലുകള്‍ നടത്തുമെന്നും നടപടികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പുതന്നിട്ടുണ്ട്. അതിന് ശേഷം തമിഴ്‌നാട് പൊലീസില്‍ നിന്ന് വിളിച്ച് സംസാരിച്ചിരുന്നു. അതേസമയം നിരുത്തരവാദപരമായാണ് കോട്ടൂര്‍ പൊലീസ് സ്റ്റേഷന്‍ കേസില്‍ ഇടപെട്ടത്. ഐഐടി ഉള്‍പ്പെട്ട പ്രദേശത്തെ പൊലീസ് സ്റ്റേഷനാണ് കോട്ടൂര്‍. എഫ്ഐആര്‍ വാങ്ങാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ അവിടെ മേശപ്പുറത്തിരിക്കുന്ന ഫോണുകളിലൊന്ന് ഫാത്തിമയുടേതാണെന്ന് സഹോദരി ആയിഷ തിരിച്ചറിഞ്ഞു. ഫാത്തിമയുടെ മരണത്തിലെ ഒരു സുപ്രധാന തെളിവായ ആ ഫോണ്‍ അവര്‍ വളരെ നിരുത്തരവാദപരമായാണ് കൈകാര്യം ചെയ്തിരുന്നത്. ഞങ്ങള്‍ ആ ഫോണ്‍ ആവശ്യപ്പെട്ടു. അത് കിട്ടിയപ്പോഴാണ് അതിനുള്ളിൽ നിന്ന് ആ ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്. തുറക്കുമ്പോള്‍ തന്നെ സ്ക്രീനില്‍ ഉണ്ടായിരുന്നത് അധ്യാപകനെതിരായ വാക്കുകളായിരുന്നു.

'എന്‍റെ മരണത്തിന് ഉത്തരവാദി സുദര്‍ശന്‍ പത്മനാഭന്‍ ആണ്' എന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് സാംസങ് നോട്ട് നോക്കാനും അതിലുണ്ടായിരുന്നു. നോട്ട് പരിശോധിച്ചപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. വേറെയും ചില അധ്യാപകരെക്കുറിച്ചും  വിദ്യാര്‍ത്ഥികളെക്കുറിച്ചും ഫാത്തിമ നോട്ടില്‍ കുറിച്ചിരുന്നുവെന്ന് ഷമീര്‍ പറഞ്ഞു. ആ രേഖയുടെ അടിസ്ഥാനത്തിലാണ് ഇറങ്ങിത്തിരിച്ചതെന്നും അതിലെ വിവരങ്ങളെല്ലാം മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും ഷമീര്‍  പറഞ്ഞു.  

''സുദര്‍ശന്‍ പത്മനാഭനെ അറസ്റ്റ് ചെയ്യണം. അയാളെ കോളേജില്‍ നിന്ന് പുറത്താക്കണം. ഇതാണ് ഞങ്ങളുടെ ആവശ്യം. ഈ പേരുവച്ച് പുറംലോകത്ത് പോയി പഠിക്കാന്‍ വയ്യാത്ത അവസ്ഥയാണല്ലോ എന്ന് ഫാത്തിമ ഒരിക്കല്‍ പിതാവിനോട് പറഞ്ഞിരുന്നു. ഗസറ്റില്‍ പേരുമാറ്റാമെന്ന് പിതാവ് മറുപടിയും നല്‍കിയിരുന്നു. ഞങ്ങള്‍ക്ക് അറിയേണ്ടത് ആ ഒരു ദിവസം ഫാത്തിമയ്ക്ക് എന്താണ് സംഭവിച്ചതെന്നാണ്. കാരണക്കാരനായ സുദര്‍ശന്‍ പത്മനാഭന്‍ എന്താണ് ചെയ്തതെന്നാണ് ഞങ്ങള്‍ക്ക് അറിയേണ്ടത്. '' - ഷമീര്‍ വ്യക്തമാക്കി.

പഠിച്ച സ്കൂളുകളിലെല്ലാം മിടുക്കിയായിരുന്നു ഫാത്തിമ. എഴുതിയ പരീക്ഷകളിലെല്ലാം ഒന്നാമത്. ഐഎഎസ്സുകാരിയായോ അല്ലെങ്കില്‍ അതിനുമപ്പുറമെന്തെങ്കിലും ആകാമെങ്കില്‍ അതും ആകുമായിരുന്ന കുട്ടിയായിരുന്നു. നാല് മാസം മാത്രമായിട്ടുള്ളൂ അവള്‍ ഐഐടിയില്‍ പഠിക്കാന്‍ തുടങ്ങിയിട്ട്. എന്നാല്‍ കഴിഞ്ഞ ഒരുമാസമായി അവള്‍ പ്രയാസത്തിലായിരുന്നു. പൂര്‍ണ്ണമായും പറഞ്ഞില്ലെങ്കിലും കുറച്ചെന്തൊക്കെയോ ഉണ്ടെന്ന് തോനുന്ന രീതിയില്‍ ഉമ്മയുമായി പങ്കുവച്ചിരുന്നു. അവസാന ദിവസം വിളിച്ചു. ഫോണ്‍ കട്ടായി. തിരിച്ചുവിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. കുറച്ച് നേരം കഴിഞ്ഞ് വീണ്ടും തിരിച്ചുവിളിച്ചു. അതിന് ശേഷം വിളിച്ചിട്ടില്ല.

ആദ്യമാസങ്ങളില്‍ വളരെ സന്തോഷവതിയായിരുന്നു അവള്‍. അടുത്ത സെമസ്റ്ററിലേക്കുള്ള പുസ്തകങ്ങള്‍ വരെ വാങ്ങിവച്ചത് വീട്ടിലിരിക്കുന്നുണ്ട്. അതിന്‍റെ കവറുപോലും പൊട്ടിച്ചിട്ടില്ല. തന്നെ മാത്രമല്ല, വേറെ ചില കുട്ടികളേയും ഉപദ്രവിക്കുന്നുണ്ടെന്നും ഫാത്തിമ പറഞ്ഞിരുന്നു. ആ ഒരു ദിവസംകൊണ്ട് എന്ത് ഉപദ്രവമാണ് അവള്‍ക്ക് ഉണ്ടായതെന്നാണ് തങ്ങള്‍ക്ക് അറിയണ്ടതെന്നും ഫാത്തിമയുടെ ബന്ധുക്കള്‍ പറഞ്ഞു.