ചെന്നൈ: ഐഐടിയിൽ മലയാളി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് അധ്യാപകരുടെ മാനസ്സിക പീഡനം മൂലമെന്ന് കുട്ടിയുടെ അച്ഛൻ. കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫാണ് മരിച്ചത്. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അച്ഛൻ മുഖ്യമന്ത്രിക്ക് പരാതിനല്‍കി.

നവംബർ ഒൻപതാം തീയ്യതിയാണ് ഐഐടി വിദ്യാർത്ഥിനിയായ ഫാത്തിമ ലത്തീഫിനെ മരിച്ച നിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞ് കൊല്ലത്ത് നിന്നും ചെന്നൈയില്‍ എത്തിയ ബന്ധുക്കളോട് സഹകരിക്കാൻ ഐഐടി അധികൃതർ തയ്യാറായില്ലെന്നും പരാതിയുണ്ട്.

കേസെടുക്കുന്ന കാര്യത്തിലും അന്വേഷണത്തിലും പൊലീസ് വീഴ്ച വരുത്തിയെന്നും വിദ്യാർത്ഥിനിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. പൊലീസിന്‍റെ കൈവശമുണ്ടായിരുന്ന ഫാത്തിമയുടെ മോബൈല്‍ ഫോണില്‍ അധ്യപകന്‍റെ പേരടങ്ങിയ അത്മഹത്യ കുറിപ്പ് കണ്ടെത്തിയതായും ഫാത്തിമയുടെ അച്ഛൻ പറഞ്ഞു.

പൊലീസിന്‍റെ കൈവശം ഉള്ള ഫാത്തിമയുടെ മോബൈല്‍ ഫോൺ അലക്ഷ്യമായാണ് സൂക്ഷിച്ചിരിക്കുന്നതെന്നും ബന്ധുക്കള്‍ പറയുന്നു. അത്മഹത്യക്ക് കാരണക്കാരായ അദ്ധ്യപകർ ഉള്‍പ്പടെയുള്ളവർക്ക് എതിരെ കേസ്സെടുക്കണമെന്നാണ് ആവശ്യം. വിദേശത്തായിരുന്ന ഫാത്തിമയുടെ അച്ഛൻ നാട്ടിലെത്തി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കി. പരാതിയുമായി പ്രധാനമന്ത്രിയെ കാണാനും ബന്ധുക്കൾ തീരുമാനിച്ചു.