സംസ്ഥാനത്തെ പോക്സോ കേസുകളിലെ പ്രതികളെല്ലാം രക്ഷപ്പെടുന്ന സാഹചര്യമാണ് ഉള്ളതെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു
ഇടുക്കി: വണ്ടിപ്പെരിയാർ പോക്സോ കേസിലെ പ്രതി സി പി എം അനുഭാവി ആയതുകൊണ്ട് പ്രോസിക്യൂഷനും പൊലീസും ഒത്തു കളിച്ചെന്ന് രമേശ് ചെന്നിത്തല. വണ്ടിപ്പെരിയാർ പോക്സോ കേസിലെ പ്രതി രക്ഷപ്പെട്ട വിധിയുടെ പൂർണ്ണ ഉത്തരവാദി സംസ്ഥാന സർക്കാരാണെന്നും അതിനാൽ തന്നെ മുഖ്യമന്ത്രി കേരള ജനതയോട് മാപ്പ് പറയണമെന്നും ചെന്നത്തല ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പോക്സോ കേസുകളിലെ പ്രതികളെല്ലാം രക്ഷപ്പെടുന്ന സാഹചര്യമാണ് ഉള്ളതെന്നും മുൻ പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
വണ്ടിപ്പെരിയാർ കേസ്; പൊലീസിന്റേയും സർക്കാരിന്റേയും അനാസ്ഥക്കെതിരെ 17ന് കോൺഗ്രസ് ധർണ്ണ
വണ്ടിപ്പെരിയാർ പോക്സോ കേസിലെ കോടതി വിധി എല്ലാവരെയും ഞെട്ടിച്ചുവെന്നും നിരാശയുണ്ടാക്കുന്ന വിധിയാണ് ഉണ്ടായതെന്നുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ചെയ്തത് തെറ്റാണ്. പ്രാഥമിക തെളിവുകൾ പോലും ശേഖരിച്ചില്ല. ശേഖരിച്ച തെളിവുകൾ കോടതിയിൽ ഹാജരാക്കിയില്ല. ലാഘവത്തോടെയാണ് പൊലീസ് കേസ് കൈകാര്യം ചെയ്തത്. സി പി എം പ്രാദേശിക ജില്ലാ നേതൃത്വം ആണ് കേസ് ആട്ടിമറിച്ചത്. ഡി വൈ എഫ് ഐ നേതാവിനെ രക്ഷിക്കാൻ ശ്രമിച്ചു. സ്വന്തക്കാരെ രക്ഷിക്കാൻ എന്ത് ക്രൂര കൃത്യവും ആട്ടിമറിക്കും എന്നതിന്‍റെ തെളിവാണിതെന്നും സതീശൻ അഭിപ്രായപ്പെട്ടിരുന്നു.
അതിനിടെ വണ്ടിപ്പെരിയാർ പോക്സോ കേസിൽ അർജുനെ വെറുതെ വിട്ട കട്ടപ്പന അതിവേഗ പ്രത്യേക കോടതി വിധിക്കെതിരെ പ്രത്യക്ഷ സമരവുമായി ആറു വയസ്സുകാരിയുടെ മാതാപിതാക്കൾ രംഗത്തെത്തി. വിധി റദ്ദാക്കണമെന്നും പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേക്ക് വായ മൂടി കെട്ടി ഇവർ മാർച്ച് നടത്തി. ആറു വയസ്സുകാരുടെ മാതാപിതാക്കളുടെ പ്രതിഷേധത്തിനൊപ്പം നാട്ടുകാരും തൊഴിലാളികളും ചേർന്നു. വാളയാർ കേസിലെ കുടുംബാംഗങ്ങളും അഭിഭാഷകനും നാളെ ഇവരെ സന്ദർശിക്കും.
അതേസമയം വിധിക്കെതിരെ അടുത്ത ആഴ്ച ആദ്യം അപ്പീൽ നൽകും. ഇതിനായി കേസ് സംബന്ധിച്ച ഫയലുകൾ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് കൈമാറി. ഡി ജി പിയുടെ ഓഫീസിൽ നിന്നുള്ള നിയമ വിദഗ്ദ്ധർ ഇത് പരിശോധിച്ച് അപ്പീൽ തയ്യാറാക്കും.
