ഈ ഉദ്യോഗസ്ഥനെ കാത്തിരിക്കുന്നത് പണ്ട് അഴിമതി ന്യായീകരിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഗതിയായിരിക്കും

തിരുവനന്തപുരം: കര്‍ഷകര്‍ക്ക് സൗജന്യമായി സൗരോര്‍ജ പമ്പുകള്‍ നല്‍കാനുള്ള പിഎം കുസും പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അഴിമതിയെകുറിച്ചുള്ള അനര്‍ട്ടിന്റെ വിശദീകരണം പച്ചക്കള്ളമെന്ന് രമേശ് ചെന്നിത്തല. വൈദ്യുത മന്ത്രിയുടെ അഴിമതി മറയ്ക്കാന്‍ അനര്‍ട്ട് സിഇഒ നിരത്തുന്നത് പച്ചക്കള്ളങ്ങളാണെന്നും ഈ ഉദ്യോഗസ്ഥനെ കാത്തിരിക്കുന്നത് പണ്ട് അഴിമതി ന്യായീകരിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഗതിയായിരിക്കുമെന്നും ചെന്നിത്തല പ്രതികരിച്ചു.

ഇല്ലാത്ത സിഎജി റിപ്പോര്‍ട്ട് വരെ ഉദ്ധരിച്ചു അഴിമതിയെ മറയ്ക്കാനുള്ള ശ്രമമാണ്. ഇത് കൺസൾട്ടൻസി വെച്ച് കമ്മീഷൻ അടിക്കുന്ന സർക്കാരാണ്. സോളാര്‍ ബെഞ്ച് മാര്‍ക്ക് റേറ്റ് തീരുമാനം അട്ടിമറിക്കാന്‍ നിരത്തുന്നത് പൊള്ളയായ കാരണങ്ങളാണെന്നും ചെന്നിത്തല വാർത്താ കുറിപ്പിൽ പറഞ്ഞു.

വൈദ്യുത മന്ത്രിക്കു വേണ്ടി നടത്തിയ അഴിമതി മറച്ചു വെക്കാനാണ് ഈ ഉദ്യോഗസ്ഥന്‍ ഇത്രമാത്രം പച്ചക്കള്ളങ്ങളുടെ പട്ടിക നിരത്തിയിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരിക്കെ ഞാന്‍ പുറത്തു കൊണ്ടു വന്ന ഒരു കണ്‍സള്‍ട്ടന്‍സി അഴിമതി ഇടപാട് നാടുനീളെ ന്യായീകരിച്ചു നടന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉണ്ടായിരുന്നു. അദ്ദേഹത്തിന് എന്തു സംഭവിച്ചു എന്ന് നമ്മളെല്ലാം കണ്ടതാണ്. അതേ ഗതി തന്നെ ഈ ഉദ്യോഗസ്ഥനും സംഭവിക്കും. ഇനിയും ഈ അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ ശ്രമിച്ചാൽ ഇയാൾ ഉൾപ്പെട്ട മറ്റൊരു വലിയ അഴിമതി അധികം താമസിയാതെ തന്നെ പുറത്തു വിടും.

അനര്‍ട്ട് 240 കോടി രൂപയുടെ ടെന്‍ഡര്‍ വിളിക്കുന്ന സമയത്ത് അനര്‍ട്ട് സിഇഒയുടെ അധികാരം വെറും അഞ്ചു കോടി രൂപ മാത്രമായിരുന്നു. 240 കോടിയുടെ ടെന്‍ഡര്‍ വിളിച്ചില്ല എന്ന പച്ചക്കള്ളമാണ് അനര്‍ട്ട് പറഞ്ഞിരിക്കുന്നത്. കേരളത്തിന്റെ ഇ-ടെന്‍ഡര്‍ പോര്‍ട്ടല്‍ ഇക്കാര്യത്തില്‍ കളവ് പറയില്ല. 240 കോടിക്കുള്ള ടെന്‍ഡര്‍ എന്നു അതില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെയാണ് ഫിനാന്‍ഷ്യല്‍ ബിഡ് തിരുത്തിയതിനു നല്‍കുന്ന വിചിത്രമായ വിശദീകരണം. ഒരു ഫിനാന്‍ഷ്യല്‍ ബിഡ്ഡില്‍ എറ്റവും പ്രധാനം അതില്‍ രേഖപ്പെടുത്തുന്ന തുകയാണ്. ബിഡ് തിരുത്തുക എന്നതിന്റെ അര്‍ത്ഥം തുക തിരുത്തുക എന്നതാണ്. ബിഡ്ഡിലെ തുക തിരുത്തിയിട്ട് ക്‌ളെറിക്കല്‍ മിസ്റ്റേക്ക് തിരുത്തി എന്നാണ് അനര്‍ട്ട് നല്‍കുന്ന പരിഹാസ്യമായ വിശദീകരണം.

അതുപോലെ മറ്റൊരു പ്രധാനപ്പെട്ട കളവാണ് സിഎജി റിപ്പോര്‍ട്ടില്‍ ഈ ടെന്‍ഡര്‍ പ്രോസസ് അംഗീകരിച്ചു എന്ന അവകാശവാദം. ഈ കാലഘട്ടത്തിലെ ടെന്‍ഡര്‍ പ്രോസസിങ് പരിശോധിക്കുന്ന സിഎജി റിപ്പോര്‍ട്ട് ഇനിയും പുറത്തിറങ്ങിയില്ല എന്നിരിക്കെ സര്‍വീസ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് ഈ പച്ചക്കളവ് പറച്ചിലിലൂടെ അനര്‍ട്ടിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ നടത്തിയിരിക്കുന്നത്. ഇതുപോലെ വിശദീകരണത്തിലെ ഓരോ പോയിന്റുകളും കളവ് മാത്രമാണ്. ഇതിന്റെ മുഴുവന്‍ തെളിവുകളും കയ്യിലുണ്ട്.

അനര്‍ട്ടു വഴി നടന്ന കോടികളുടെ ഇടപാടുകളുടെ കമ്മിഷന്റെ ഉപഭോക്താക്കള്‍ ആരൊക്കെ എന്ന് അധികം താമസിയാതെ പുറത്തുവരും. ഈ വിഷയത്തില്‍ ഇനി വൈദ്യുത മന്ത്രിക്ക് ഒളിച്ചോടാനാവില്ല. അഴിമതിയുടെയും ക്രമക്കേടിന്റെയും സകല തെളിവുകളും രേഖകളും കയ്യിലുണ്ട്. വിശദമായ അന്വേഷണത്തിന് വൈദ്യുത മന്ത്രിയെ വെല്ലുവിളിക്കുകയാണ്. ഇനിയും ഉദ്യോഗസ്ഥരെ മുന്നില്‍ നിര്‍ത്തി നാണം കെട്ട ഒളിച്ചു കളി തുടരാതെ വൈദ്യുത മന്ത്രി അന്തസായി അന്വേഷണത്തെ നേരിടണം. അനര്‍ട്ടിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഉടപാടുകളില്‍ ഫോറന്‍സിക് അന്വേഷണം നടത്തണം. നിയമസഭാസമിതിയെ കൊണ്ട് അന്വേഷണത്തിന് ശുപാര്‍ശ നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

YouTube video player