ചെന്നിത്തലയിൽ ആളില്ലാത്ത വീടിന്‍റെ അടുക്കള ഭാഗത്തെ പൂട്ട് തകർത്ത് മോഷണം.
മാന്നാർ: ചെന്നിത്തലയിൽ ആളില്ലാത്ത വീടിന്‍റെ അടുക്കള ഭാഗത്തെ പൂട്ട് തകർത്ത് മോഷണം. വെമ്പുഴശ്ശേരിൽ ഉഷസ്സിൽ ഉഷയുടെ വീട്ടിലാണ് കവർച്ച നടന്നത്. വീടിനുള്ളിലെ അലമാരകൾ കുത്തിത്തുറന്ന് വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലാണ്. ഉഷയും കുടുംബവും മുംബൈയിലാണ് താമസിക്കുന്നത്. ഉഷയുടെ ഭർതൃസഹോദരൻ ബാലചന്ദ്രൻ നായർ വെള്ളിയാഴ്ച പറമ്പിൽ നാളികേരം എടുക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. അടുക്കള ഭാഗത്തുള്ള ഗ്രില്ലിന്‍റെ താഴ് നഷ്ടപ്പെട്ടതായും വാതിൽ തുറന്നുകിടക്കുന്നതായും അദ്ദേഹം കണ്ടു.
തുടർന്ന് വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ മുറികളിൽ പൂട്ടിയിരുന്ന അലമാരകളും പെട്ടികളും തുറന്നുകിടക്കുന്നതായി കണ്ടെത്തിയതോടെ മാന്നാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മാന്നാർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. വീട്ടിൽ സൂക്ഷിച്ചിരുന്ന ഓട്ടുരുളികൾ, ചെമ്പുകുട്ടകം, വിവിധ വലിപ്പത്തിലുള്ള ഓട്ടുവിളക്കുകൾ, ചെമ്പുകലങ്ങൾ തുടങ്ങി വിലപിടിപ്പുള്ള നിരവധി ഗൃഹോപകരണങ്ങൾ നഷ്ടപ്പെട്ടതായി പൊലീസിന് നൽകിയ പരാതിയിൽ ഉഷ വ്യക്തമാക്കി.


