വർഗീയത ആളിക്കത്തിക്കുകയാണ് ഇടത് മുന്നണിയെന്നും മതേതരത്തെ സംരക്ഷിച്ച പാരമ്പര്യമാണ് പാണക്കാട്ടെ കുടുംബത്തിനുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
കാസർകോട്: കേരളം ഭരിക്കുന്നത് അധോലോക സർക്കാരാണെന്ന് രമേശ് ചെന്നിത്തല. ഐശ്വര കേരള യാത്രയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു ചെന്നിത്തലയുടെ പരാമർശം.പിണറായി വിജയന് രണ്ടാമൂഴം നൽകാൻ കേരള സമൂഹം തയ്യാറാകരുതെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. കൊള്ള സംഘത്തിന്റെ കോട്ട പോലെയായി മുഖ്യമന്ത്രിയുടെ ഓഫീസെന്നും പാർട്ടി പോലും അറിയാതെ സ്പ്രിംക്ളർ എങ്ങനെ നടപ്പാക്കിയെന്ന് ചോദിച്ച ചെന്നിത്തല. പിണറായി സർക്കാർ വികസന വീമ്പ് പറയുകയാണെന്ന് കുറ്റപ്പെടുത്തി.
പിണറായിയുടെ ഏകാധിപത്യ ഭരണം ഇനി നടക്കില്ലെന്ന് പറഞ്ഞ ചെന്നിത്തല. മുസ്ലീംങ്ങളെയും ക്രിസ്ത്യാനികളെയും എൽഡിഎഫ് തമ്മിലടിപ്പിക്കുകയാണന്നും എ വിജയരാഘവന് എന്തിനാണിത്ര മുസ്ലീം വിരോധമെന്ന് മനസിലാകുന്നില്ലെന്നും പറഞ്ഞ ചെന്നിത്തല. ഇടത് പക്ഷം കേരളത്തിൽ മതങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. മുക്കാതെ പഴുത്താൽ ഇതാകും അനുഭവമെന്നായിരുന്നു വിജയരാഘവനുള്ള ചെന്നിത്തലയുടെ പരിഹാസം.
മതേതരത്വം നിലനിർത്താനാണ് പോരാട്ടമെന്ന് പറഞ്ഞ ചെന്നിത്തല മുഖ്യമന്ത്രി തീക്കൊള്ളിക്കൊണ്ട് തലചൊറിയുകയാണെന്നും മുന്നറിയിപ്പ് നൽകി. വർഗീയത ആളിക്കത്തിക്കുകയാണ് ഇടത് മുന്നണിയെന്നും മതേതരത്തെ സംരക്ഷിച്ച പാരമ്പര്യമാണ് പാണക്കാട്ടെ കുടുംബത്തിനുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
