തിരുവമ്പാടിയിൽ ജോലിവിട്ട് പോകുമ്പോൾ ചെന്താമര ഒരു ഫോൺ സഹപ്രവർത്തകന് നൽകി. മോട്ടറോള ഫോൺ ആണ് ഇയാൾക്ക് സൗജന്യമായി കൊടുത്തത്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകം നടന്ന് ഒന്നര ദിവസം പിന്നിടുമ്പോഴും കൊലയാളിയായ ചെന്താമരയെ പിടികൂടാനാകാതെ പൊലീസ്. നെന്മാറയിലും പാലക്കാട് നഗരത്തിലും കോഴിക്കോട് ജില്ലയിലും തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ ഇതുവരെ കണ്ടെത്താനായില്ല. പ്രധാനമായും ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ചെന്താമരയുടെ കൈയിലുണ്ടായിരുന്നത് 3 ഫോണുകളെന്നാണ് പൊലീസിന്‍റെ നിഗമനം. ഇതിൽ ഒരെണ്ണം പൊട്ടിച്ചു കളഞ്ഞതായും മറ്റൊന്ന് സുഹ്യത്തിന് കൈമാറിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൈയ്യിലുള്ള ഫോൺ ഏതെന്നുള്ളത് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

ചെന്താമരയെന്ന പേര് വില്ലനായി; കോഴിക്കോട് ഒരാളെ കസ്റ്റഡിയിലെടുത്ത് പൊലീസ്; പിന്നാലെ വിട്ടയച്ചു, ആള് മാറി!

തിരുവമ്പാടിയിൽ ജോലിവിട്ട് പോകുമ്പോൾ ചെന്താമര ഒരു ഫോൺ സഹപ്രവർത്തകന് നൽകിയിരുന്നു. ആ ഫോൺ മണികണ്ഠൻ എന്ന ആൾ നിലവിൽ ഉപയോഗിക്കുന്നുണ്ട്. മോട്ടറോള ഫോൺ ആണ് ചെന്താമര ഇയാൾക്ക് സൗജന്യമായി കൊടുത്തത്. എവിടെയും ദേശ്യക്കാരനായിരുന്നു ചെന്താമരയെന്നാണ് സഹപ്രവർത്തകർ പൊലീസിനോട് പറഞ്ഞത്. അസുഖം വന്നതിനെ തുടർന്നാണ് ജോലി വിട്ടതെന്നും പിന്നീട് ഒരു ബന്ധവും ഇല്ലെന്നും മണികണ്ഠൻ പൊലീസിനെ അറിയിച്ചു. കഴിഞ്ഞ ഡിസംബറിലാണ് ഇവിടെ നിന്നും പോയത്. പോകുന്ന സമയത്ത് ഉപയോഗിച്ചിരുന്ന ഫോണുകളിൽ ഒന്നാണ് സഹപ്രവർത്തകനായ മണികണ്ഠന് നൽകിയത്. കൊലക്കേസിൽ പ്രതിയാണെന്ന വിവരവും ഇനിയും ചിലരെ കൊല്ലാനുണ്ടെന്നും തന്നോട് പറഞ്ഞിരുന്നതായി മണികണ്ഠൻ പൊലീസിനോട് വിവരിച്ചു. ഒരു വർഷത്തോളം ആണ് ഇവിടെ ജോലി ചെയ്തത്.

അതേസമയം ചെന്താമരക്കായി കോഴിക്കോട് കൂടരഞ്ഞിയിലും ഇന്ന് പൊലീസ് വിശദമായ തെരച്ചിൽ നടത്തിയിരുന്നു. ഈ പ്രദേശത്തുവച്ച് ചെന്താമരയുടെ മൊബൈൽ ഫോൺ ഓൺ ആയി എന്ന വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. കൂടരഞ്ഞി കൂമ്പാറയിലെ ക്വാറിയിൽ സുരക്ഷ ജീവനക്കാരനായി ചെന്താമര ജോലി ചെയ്തിരുന്നു. എന്നാൽ സെക്ക്യൂരിറ്റി ജോലിക്ക് കയറിയത് കൊലക്കേസ് പ്രതി എന്ന് അറിയിക്കാതെയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനിടെ നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് ചെന്താമര എന്ന് പേരുള്ള ആളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ ഇയാൾ അല്ല പ്രതി എന്ന് തിരിച്ചറിഞ്ഞതോടെ പിന്നീട് വിട്ടയച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം