Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗണിനോട് യോജിപ്പില്ലെന്ന് ചെന്നിത്തല; കൊവിഡിൻ്റെ പേരിൽ ജനങ്ങളെ പരിഭ്രാന്തരാക്കരുത്

അതേസമയം കൊവിഡ് വ്യാപനം സംബന്ധിച്ച അനാവശ്യ പരിഭ്രാന്തി സർക്കാർ ഒഴിവാക്കണം. ഓക്സിജൻ ഉൾപ്പെടെയുള്ള ജീവൻ രക്ഷ സൗകര്യങ്ങൾ ഉറപ്പ് വരുത്തണം. 

chentihala about lock down
Author
Thiruvananthapuram, First Published Apr 24, 2021, 1:44 PM IST

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ പ്രതിപക്ഷം സർക്കാരിനൊപ്പം രംഗത്തുണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരുമായി പ്രതിപക്ഷം സഹകരിച്ച് പ്രവർത്തിക്കും.രാഷട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ച് പ്രതിരോധ പ്രവർത്തനങ്ങളെ പിന്തുണക്കാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്യുന്നതായും ചെന്നിത്തല പറഞ്ഞു.

അതേസമയം കൊവിഡ് വ്യാപനം സംബന്ധിച്ച അനാവശ്യ പരിഭ്രാന്തി സർക്കാർ ഒഴിവാക്കണം. ഓക്സിജൻ ഉൾപ്പെടെയുള്ള ജീവൻ രക്ഷ സൗകര്യങ്ങൾ ഉറപ്പ് വരുത്തണം. ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിക്കരുതെന്നും വാക്സിൻ ദൗർലഭ്യം ഒഴിവാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കൊവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് താൻ പ്രധാനമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. കേന്ദ്രസർക്കാരിൻ്റെ വാക്സിൻ പോളിസി തെറ്റാണ്. വാക്സിൻ പൂർണമായും സൗജന്യമായി നൽകണം. സംസ്ഥാന സർക്കാർ ബജറ്റിൽ ജനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകുമെന്ന പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ബജറ്റിൽ അതിനുള്ള പണം വകയിരുത്തിയിട്ടുണ്ടാകും എന്ന് കരുതുന്നു. ഇല്ലെങ്കിൽ അത് കബളിപ്പിക്കലാണ്.

വാക്സിൻ വിതരണം വിവാദമാക്കാൻ ഉദേശിക്കുന്നില്ല. കേന്ദ്രം സൗജന്യമായി വാക്സിൻ നൽകണമെന്നാണ് ഞങ്ങളുടെ നിലപാട്. ഇനി സംസ്ഥാനം പണം മുടക്കി വാക്സിൻ വാങ്ങിയാൽ പോലും കേന്ദ്രസർക്കാർ റീ ഇംപേഴ്സ്മെന്റ്റ് ചെയണം. വോട്ടെണ്ണൽ ദിവസം വലിയ തോതിലുള്ള വിജയാഘോഷങ്ങൾ ഒഴിവാക്കണമെന്നും സർവ്വകക്ഷി യോഗത്തിൽ ഈ നിലപാട് അറിയിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് ആര് സംഭാവന നൽകുന്നതും നല്ലതാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ആദിവാസി കേന്ദ്രങ്ങളിൽ വാക്സിനേഷൻ ഉറപ് വരുത്തണം. വലിയ പ്രതിസന്ധി നേരിടുന്ന ഡൽഹിയിലേക്ക് ഓക്സിജൻ എത്തിക്കാൻ കേരളം ശ്രമിക്കണം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവ്യക്തതയും ആശയക്കുഴപ്പവും നിലനിൽക്കുന്നുണ്ട്. വിവിധ ജില്ലകളിലെ കളക്ടർമാർ വ്യത്യസ്ത ഉത്തരവിറക്കുന്നു. ഇക്കാര്യത്തിൽ മാറ്റം വരണം. ഏകീകൃത സംവിധാനമുണ്ടാക്കണം. ഭക്ഷ്യക്കിറ്റ് വിതരണവും കാര്യക്ഷമമാക്കണം. തെരഞ്ഞെടുപ്പിന് മുമ്പുള്ള ആവേശം ഇക്കാര്യത്തിൽ സർക്കാരിന് ഇപ്പോഴില്ല.

കൊവിഡ് വ്യാപനം രൂക്ഷമായെങ്കിലും ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനോട് യോജിപ്പില്ലെന്ന് ചെന്നിത്തല പറഞ്ഞു.  പരീക്ഷകൾ മാറ്റിവയ്ക്കുന്നതിനോട് യോജിപ്പില്ല. ആലപ്പുഴ സിപിഎമ്മിൽ ഗുരുതര പ്രതിസന്ധിയാണെന്നും ജി.സുധാകരനെ ക്രൂശിക്കാൻ ശ്രമം നടക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ഇതൊക്കെ അവരുടെ അഭ്യന്തര കാര്യമാണെന്നും അഴിമതി ഇല്ലാത്ത മന്ത്രിക്ക് സീറ്റ് നൽകിയില്ലെന്നും ചെന്നിത്തല പറഞ്ഞു. 

Follow Us:
Download App:
  • android
  • ios