ചേരാനല്ലൂർ അപകടക്കേസിൽ പ്രോസിക്യൂഷനും മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും തമ്മിൽ കോടതിയിൽ വാദപ്രതിവാദങ്ങൾ നടന്നു. അന്വേഷണത്തിന് കുടുംബം തടസ്സം നിൽക്കുന്നുവെന്ന് പ്രോസിക്യൂഷനും, വിവരങ്ങൾ മറച്ചുവെക്കുന്നുവെന്ന് കുടുംബവും ആരോപിച്ചു. തുടർന്ന് വാദം അടച്ചിട്ട മുറിയിലേക്ക് മാറ്റിയ കോടതി, ജഡ്ജിക്കെതിരെ തെളിവ് നശിപ്പിച്ചതിന് പുതിയ വകുപ്പ് ചുമത്തി.
കൊച്ചി: ചേരാനല്ലൂർ അപകടത്തിൽ കോടതിയിൽ ഏറ്റുമുട്ടി പ്രോസിക്യൂഷനും, മരിച്ച ജയപാലകൃഷ്ണന്റെ കുടുംബവും. അന്വേഷണത്തിന് കുടുംബം തടസ്സം നിൽക്കുന്നതായി പ്രോസിക്യൂഷനും, തങ്ങൾക്ക് പ്രോസിക്യൂഷൻ വിവരങ്ങൾ കൈമാറുന്നില്ലെന്ന് കുടുംബവും പറഞ്ഞു. അന്വേഷണത്തെ സമ്മർദ്ദത്തിൽ ആക്കുന്നത് അനുവദിക്കാൻ ആവില്ലെന്ന് പറഞ്ഞ കോടതി, തുടർവാദം അടച്ചിട്ട മുറിയിലേക്ക് മാറ്റി. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് ജഡ്ജിക്കെതിരെ ബിഎൻസ് 238 കൂടി ചുമത്തി.
17 കാരൻറെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി ഇന്ന് വാദം കേട്ടത്. കോടതി നിർദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥൻ ഉൾപ്പെടെ കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. ഇതിനിടയാണ് ജയബാലകൃഷ്ണന്റെ കുടുംബം അന്വേഷണത്തിന് തടസ്സം നിൽക്കുന്നതായി പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. അന്വേഷണത്തെ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ മാധ്യമങ്ങൾക്ക് മുൻപിലും പൊതു സമൂഹത്തിലേക്കും ജയബാലകൃഷ്ണന്റെ അഭിഭാഷകർ നൽകി എന്നായിരുന്നു ആരോപണം. എന്നാൽ അടിസ്ഥാന രേഖകൾ പോലും തരാതെ പ്രോസിക്യൂഷൻ നിസ്സഹകരണം നടത്തുന്നതായി ജയബാലകൃഷ്ണന്റെ കുടുംബം ആരോപിച്ചു.
പ്രോസിക്യൂഷൻ അഭിഭാഷക ഏഴുവർഷമായി കോടതിയിൽ ഉണ്ടെന്നും എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ പ്രത്യേകമായി നൽകണമെന്നും കോടതി നിർദ്ദേശിച്ചു. പ്രോസിക്യൂഷന്റെ ആരോപണങ്ങൾക്ക് പിന്നിൽ മറ്റ് കാരണങ്ങൾ ഉണ്ടെന്നും ഇപ്പോൾ പറയാൻ ആകില്ലെന്നും ജയബാലകൃഷ്ണന്റെ കുടുംബം പറഞ്ഞു. എന്നാൽ വാദം അടച്ചിട്ട കോടതിയിലേക്ക് മാറ്റാമെന്ന് പറയുകയായിരുന്നു കോടതി. അന്വേഷണം ഏജൻസിയെ സമ്മർദ്ദത്തിൽ ആക്കാൻ ആകില്ലെന്നും കോടതി പറഞ്ഞു. അതിനിടെ ജയബാലകൃഷ്ണന്റെ മകളുടെ പരാതിയിൽ 17 കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിക്കെതിരെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനുള്ള വകുപ്പ് കൂടി ചുമത്തി. പ്രത്യേകം കേസെടുക്കണമെന്നാണ് കുടുംബം ആവശ്യപ്പെട്ടതെങ്കിലും നിലവിലുള്ള എഫ്ഐആറിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനുള്ള ബിഎൻസ് 238 കൂടി ചേർക്കുകയായിരുന്നു.



