തിരുവനന്തപുരം: വൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യയുടെ ഭാഷാസംസ്കാരം തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ചെറുക്കണമെന്ന് ചെറിയാൻ ഫിലിപ്പ്. ബ്രിട്ടീഷുകാർ ഇംഗ്ലീഷ് അടിച്ചേൽപ്പിച്ചതു പോലെ ഹിന്ദി മേധാവിത്വം സ്ഥാപിക്കാനാണ് പൊതുഭാഷാ വാദത്തിലൂടെ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇംഗ്ലീഷിനോടുള്ള അടിമത്ത മനോഭാവവും ഹിന്ദിയുടെ അധീശത്വവും ഒരുപോലെ അപകടകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഭാഷയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ സംസ്ഥാനങ്ങൾ രൂപീകരിച്ചിട്ടുള്ളത്. ഹിന്ദിക്ക് പുറമെ 22 ഭാഷകളെ ഭരണഘടന അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യൻ പാർലമെന്റിൽ ഏതു ഭാഷയിലും സംസാരിക്കാം. നാനാത്വത്തിൽ ഏകത്വം എന്ന തത്വം ബലികഴിക്കാൻ ആരെയും അനുവദിക്കരുത്. മലയാളം ഔദ്യോഗിക ഭാഷയായ കേരളത്തിൽ പിഎസ്‍സി പരീക്ഷയുടെ ചോദ്യപേപ്പർ മലയാളത്തിലും ആക്കുമെന്നാണ്‌ ഉറച്ച വിശ്വാസം. ഇക്കാര്യത്തിൽ ഒരു സമരം വേണ്ടി വന്നത് ദു:ഖകരമാണെന്നും ചെറിയാൻ ഫിലിപ്പ് കൂട്ടിച്ചേർത്തു.

രാജ്യത്തെ ഒന്നായി നിലനിർത്താൻ ഹിന്ദി ഭാഷയ്ക്ക് സാധിക്കുമെന്നും മാതൃഭാഷയ്ക്കൊപ്പം ഹിന്ദി ഉപയോ​ഗിക്കുന്നത് വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ശനിയാഴ്ചയാണ് ഹിന്ദി ഭാഷാവാദവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രം​ഗത്തെത്തിയത്. ഹിന്ദി ദിവസിനോട് അനുബന്ധിച്ച് ട്വിറ്ററിലൂടെ ആയിരുന്നു അമിത് ഷായുടെ പരാമർശം.

രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് പ്രധാനമാണ്. ജനങ്ങൾ വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്ക് അതിന് സാധിക്കുമെന്നും ഷാ പറഞ്ഞു. സർദാർ വല്ലഭായ് പട്ടേലും മഹാത്മാ ​ഗാന്ധിയും സ്വപ്നം കണ്ട ഒരു രാജ്യം ഒരു ഭാഷ എന്ന ലക്ഷ്യത്തിനായി ജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും അമിത് ഷാ ട്വീറ്റിൽ വ്യക്തമാക്കി.

അമിത് ഷായുടെ പരാമർശത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയാണ്. ഹിന്ദിയേക്കാളും ഹിന്ദുവിനേക്കാളും ഹിന്ദുത്വയേക്കാളും ഉയര്‍ന്നതാണ് ഇന്ത്യയെന്ന് അമിത് ഷായ്ക്ക് അസദുദ്ദിൻ ഒവൈസി മറുപടി നൽകി. എല്ലാ ഇന്ത്യക്കാരുടേയും മാത്യഭാഷ ഹിന്ദിയല്ല. ഈ രാജ്യത്തിന്‍റെ നാനാത്വത്തിന്‍റെ മനോഹാരിതയെ അഭിനന്ദിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോയെന്നും ഒവൈസി ചോദിച്ചു. ഭരണഘടനയിലെ അനുഛേദം 29 ഏതൊരു പൗരനും ഭാഷയും സംസ്കാരവും ഉറപ്പു നല്‍കുന്നുണ്ടെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.

എന്‍ഡിഎ ഘടകകക്ഷിയായ അണ്ണാ ഡിഎംകെ അടക്കം അമിത് ഷായുടെ വാദത്തെ പൂര്‍ണമായി തള്ളി രംഗത്ത് വന്നു. ഒരു രാജ്യം ഒരു ഭാഷ എന്ന നയം ഈ സന്ദര്‍ഭത്തില്‍ നടപ്പാക്കാന്‍ നോക്കരുതെന്ന് തമിഴ്നാട് സാംസ്കാരിക മന്ത്രി കെ പാണ്ഡ്യരാജന്‍ പറഞ്ഞു. ഹിന്ദി ഭാഷാവാദ പരമാർശം അമിത് ഷാ പിൻവലിക്കണമെന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു. സംസ്കാരവൈവിധ്യത്തെ അംഗീകരിക്കാൻ സര്‍ക്കാര്‍ തയ്യാറാവുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈക്കോ, വിസികെ അധ്യക്ഷന്‍ തോള്‍ തിരുമാവലന്‍ തുടങ്ങിയവരും വിഷയത്തില്‍ അമിത് ഷായുടെ വാദത്തെ എതിര്‍ത്ത് രംഗത്ത് വന്നിട്ടുണ്ട്. ഹിന്ദി ഔദ്യോഗിക ഭാഷയാണെന്ന് ഏത് ഭരണഘടനയിലാണ് പറഞ്ഞിട്ടുള്ളതെന്ന് ജെഡിഎസ് നേതാവ്  എച്ച് ഡി കുമാരസ്വാമി പ്രതികരിച്ചു. എല്ലാ ഭാഷകളെയും ബഹുമാനിക്കണമെന്നും എന്നാല്‍ അത് മാതൃഭാഷയെ മറന്നുകൊണ്ടാകരുതെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു.

അമിത് ഷായുടെ ഹിന്ദി വാദത്തിനെതിരെ കേരളത്തിലും പ്രതിഷേധം ശക്തമാകുകയാണ്. അമിത് ഷായുടേത് സംഘപരിവാർ അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമര്‍ശിച്ചു. ഹിന്ദി അജണ്ട പുതിയ സംഘർഷവേദി തുറക്കുന്നതിന്റെ ലക്ഷണമാണെന്നും മറ്റ് ഭാഷകളെ പിന്തള്ളാനുള്ള നീക്കം യുദ്ധപ്രഖ്യാപനമാണെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഭാഷാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. വിഭജനത്തിന്റെയും വേർതിരിവിന്റെയും സംഘപരിവാർ അജണ്ടയാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും ചെന്നിത്തല വിമർശിച്ചു.

അതേസമയം, അമിത് ഷായുടെ പരാമര്‍ശത്തെ പിന്തുണച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രം​ഗത്തെത്തി. ഒരു ഭാഷ ജനങ്ങളെ ഒന്നിപ്പിക്കുമെന്ന് കേരള ഗവര്‍ണര്‍ എന്ന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആരിഫ് ഖാന്‍ ട്വീറ്റ് ചെയ്തു. രാജ്യത്തിന്‍റെ ഒരുമ ഹിന്ദിയിലൂടെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി.