'സമരം തുടങ്ങിയത് മൂന്നാം ദിവസം തീര്‍ക്കണമെന്ന ഉദ്ദേശത്തോടെ ആയിരുന്നില്ല. എന്നാൽ ഏതെങ്കിലും ഘട്ടത്തിൽ സമരം അവസാനിപ്പിക്കണമെന്ന ഉദ്ദേശമുണ്ടായിരുന്നു'
തിരുവനന്തപുരം: സോളാര്‍ സമരം തുടങ്ങും മുൻപ് തന്നെ ഒത്തുതീര്‍പ്പ് ചര്‍ച്ചകൾ തുടങ്ങിയെന്ന് ചെറിയാൻ ഫിലിപ്പ്. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം 12ാം തീയ്യതി തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപ് 11ാം തീയ്യതി തന്നെ ബ്രിട്ടാസിനൊപ്പം താൻ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കണ്ട് ചര്‍ച്ച നടത്തി. അദ്ദേഹത്തിന്റെ വീട്ടിൽ പോയാണ് സംസാരിച്ചതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
സര്‍ക്കാര്‍ നേരിടുന്ന പ്രശ്നങ്ങളും സമരക്കാരുടെ പ്രശ്നങ്ങളും തങ്ങൾ മൂവരും സംസാരിച്ചു. പിന്നീട് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ഉമ്മൻ ചാണ്ടിയോടും സംസാരിച്ചു. എന്നാൽ ആ ചര്‍ച്ചയുടെ വിവരങ്ങൾ സിപിഎം നേതൃത്വവുമായി ബ്രിട്ടാസ് സംസാരിച്ചത് അടുത്ത ദിവസം സമരം തുടങ്ങിയ ശേഷമാണ്. പിന്നീട് മറ്റ് ചര്‍ച്ചകൾ നടന്നത് സമരം തുടങ്ങിയ ശേഷമാണ്. മൂന്നാം ദിവസം തീര്‍ക്കണമെന്ന ഉദ്ദേശത്തോടെയല്ല എൽഡിഎഫ് സമരം തുടങ്ങിയത്. എന്നാൽ ഏതെങ്കിലും ഘട്ടത്തിൽ സമരം അവസാനിപ്പിക്കണമെന്ന ഉദ്ദേശമുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് ചര്‍ച്ചകൾ നടന്നതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
