പള്ളിപ്പുറം സ്വദേശിയായ ആശ ഡിസംബർ 25 നാണ് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനായി അഡ്‌മിറ്റായത്. 26 ന് പ്രസവിച്ചു

ആലപ്പുഴ: ചേര്‍ത്തലയിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ കൊലപ്പെടുത്തിയതാണെന്ന് അമ്മ ആശയും ആൺസുഹൃത്ത് രതീഷും സ്ഥിരീകരിച്ചു. രതീഷിൻ്റെ വീട്ടിൽ കുഞ്ഞിനെ കുഴിച്ചു മൂടിയെന്നാണ് മൊഴി. വിരലടയാള വിദഗ്‌ദ്ധർ പോലിസ് സ്റ്റേഷനിൽ എത്തി. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു.

പള്ളിപ്പുറം സ്വദേശിയായ ആശ ഡിസംബർ 25 നാണ് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനായി അഡ്‌മിറ്റായത്. 26 ന് പ്രസവിച്ചു. 31 ന് ആശുപത്രിയിൽ നിന്നും വിട്ട ഇവർ വീട്ടിലെത്തിയപ്പോൾ കുഞ്ഞ് ഉണ്ടായിരുന്നില്ല. പ്രദേശത്തെ ആശാവര്‍ക്കര്‍ വീട്ടിലെത്തിയപ്പോള്‍ കുഞ്ഞിനെ കാണിക്കാൻ യുവതി തയ്യാറായില്ല. തുടര്‍ന്ന് വാർഡ് മെമ്പറെ ആശാവര്‍ക്കര്‍ വിവരം അറിയിച്ചു. വാര്‍ഡ് മെമ്പര്‍ ഷിൽജ അറിയിച്ചത് അനുസരിച്ച് പൊലീസും അന്വേഷണം നടത്തി. കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറിയെന്നാണ് സ്ത്രീ പൊലീസിനോടും ആദ്യം പറഞ്ഞത്. ഇവര്‍ക്ക് വെറെ രണ്ടു കുട്ടികളുണ്ട്. മൂന്നാമത്തെ കുഞ്ഞിനെയാണ് കൈമാറിയെന്ന് പറഞ്ഞത്. എന്നാൽ കുഞ്ഞിനെ അടക്കം ചെയ്ത സ്ഥലത്തേക്ക് പൊലീസ് പ്രതികളുമായി പോയി. ഇവിടെ പ്രതികളുടെ മൊഴി അടിസ്ഥാനമാക്കി തെരച്ചിൽ നടത്തും.