തണ്ണീർമുക്കം വെറിങ്ങൻചുവട് സ്വദേശി സന്തോഷിനെ (53) സ്വന്തം വീട്ടിൽ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒളിവിലുള്ള അയൽവാസി ഐറിഷ് മുൻകൂർ ജാമ്യാപേക്ഷ നൽകി
ചേർത്തല: തണ്ണീർമുക്കം വെറിങ്ങൻചുവട് സ്വദേശി സന്തോഷിനെ (53) സ്വന്തം വീട്ടിൽ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒളിവിലുള്ള അയൽവാസി ഐറിഷ് മുൻകൂർ ജാമ്യാപേക്ഷ നൽകി. വെള്ളിയാഴ്ച അഭിഭാഷകൻ മുഖേന ജില്ലാ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്. മൃതദേഹം കണ്ടെത്തുന്നതിന് മുൻപുതന്നെ സ്വന്തം കാറിൽ സംസ്ഥാനം വിട്ടെന്ന് കരുതുന്ന ഇയാളെ പിടികൂടാൻ ആറു ദിവസം പിന്നിട്ടിട്ടും പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതിക്കായി വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം പുരോഗമിക്കുകയാണ്. ഈ മാസം ആറിനാണ് സന്തോഷിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സമീപത്തെ കുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ മുഹമ്മ പൊലീസ് സന്തോഷിനെ വിളിപ്പിച്ചിരുന്നു. ഇതിൽ ഹാജരാകാത്തതിനെത്തുടർന്ന് വീട്ടിലെത്തിയ പൊലീസാണ് മൃതദേഹം ആദ്യം കണ്ടത്.
കുട്ടിയോട് മോശമായി പെരുമാറിയ വിഷയം ചോദ്യം ചെയ്യാൻ അഞ്ചാം തീയതി രാത്രി ഐറിഷ് സന്തോഷിന്റെ വീട്ടിലെത്തിയെന്നാണ് വിവരം. തുടർന്നുണ്ടായ തർക്കം കൈയാങ്കളിയിൽ കലാശിക്കുകയും വീട്ടിൽ സൂക്ഷിച്ചിരുന്ന വടിയെടുത്ത് ഐറിഷ് സന്തോഷിന്റെ തലയ്ക്കടിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കൃത്യത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ഒടിഞ്ഞ വടി പൊലീസ് വീട്ടിൽ നിന്ന് കണ്ടെടുത്തിരുന്നു. സാഹചര്യ തെളിവുകൾക്കൊപ്പം സമീപത്തെ സി സി ടി വി ദൃശ്യങ്ങളിലും ഐറിഷിന്റെ സാന്നിധ്യം വ്യക്തമായതോടെയാണ് ഇയാൾ തന്നെയാണ് പ്രതിയെന്ന് അന്വേഷണസംഘം ഉറപ്പിച്ചത്.


