മുങ്ങാൻ തുടങ്ങിയ ചെറുതോണി പാലത്തിലൂടെ രക്ഷാപ്രവർത്തകർ എടുത്തുകൊണ്ടോടിയ രണ്ടുവയസ്സുകാരൻ. മഹാപ്രളയത്തിന്‍റെ ഭീകരത മുഴുവൻ രേഖപ്പെടുത്തുന്ന ദൃശ്യമായിരുന്നു അത്. ഒരു വർഷത്തിനിപ്പുറം തക്കുടുവെന്ന സൂരജിനെ ചെറുതോണിയിൽ വച്ച് വീണ്ടും കണ്ടു. ഒര ചെറു പുഞ്ചിരിയോടെ അച്ഛന്‍റെ മടിയിൽ നിന്ന് കൊഞ്ചി തക്കുടു ഞങ്ങളോട് മിണ്ടി. 

''ദേ, ഇവടൊക്കെ വെള്ളം വന്നപ്പോ, ഓടി, അവിടൊക്കെ വെള്ളമുണ്ടായിരുന്നല്ലോ..'', എന്ന് തക്കുടു.

എത്ര വെള്ളമുണ്ടായിരുന്നു തക്കുടൂ, എന്ന് ഞങ്ങൾ ചോദിച്ചപ്പോ ''ഒത്തിരി, ഒത്തിരി'', എന്ന് പറ‍ഞ്ഞ് ചിരിക്കുന്നു, കുഞ്ഞു തക്കുടു. 

ഇടുക്കി ന്യൂമാൻ സ്കൂളിൽ എൽകെജിയിൽ പഠിക്കുകയാണ് സൂരജ് എന്ന തക്കുടുവിപ്പോൾ. ഈ കൊച്ചുമിടുക്കന്‍റെ പുഞ്ചിരി മഹാപ്രളയത്തെ അതിജീവിച്ച മലയാളിയുടേത് കൂടിയാണ്. 

കട്ടപ്പനയിൽ നിന്ന് അനിലും സുജിത്ത് വയലാറും ചേർന്ന് പകർത്തിയ ദൃശ്യങ്ങൾ.