എസ്ഐആർ നീട്ടിവെക്കണമെന്ന സർവീസ് സംഘടനകളുടെ ആവശ്യം പരിഗണിക്കാനാകില്ലെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും ജോയിൻ്റ് കൗൺസിൽ സെക്രട്ടറി നൽകിയ കത്തിന് മറുപടി.
തിരുവനന്തപുരം: കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നീട്ടിവെക്കണമെന്ന സർവീസ് സംഘടനകളുടെ ആവശ്യം പരിഗണിക്കാനാകില്ലെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ. എസ്ഐആർ നടപടികൾ നീട്ടിവെക്കുന്ന വിഷയം ചീഫ് ഇലക്ടറൽ ഓഫീസർ തലത്തിൽ പരിഗണിക്കാൻ കഴിയുന്ന വിഷയമല്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ചു. ജോയിൻ്റ് കൗൺസിൽ സെക്രട്ടറി നൽകിയ കത്തിനാണ് മറുപടി ലഭിച്ചിരിക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ജോയിന്റ് കൗൺസിൽ പരാതി നൽകിയിട്ടുണ്ട്.
സംസ്ഥാന വ്യാപകമായി നാളെ ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും
അനീഷ് ജോർജിന്റെ ആത്മഹത്യയെ തുടർന്ന് സംസ്ഥാന വ്യാപകമായി നാളെ ബിഎൽഒമാർ ജോലിയിൽ നിന്ന് വിട്ടുനിൽക്കും. എസ്ഐആറിന്റെ പേരിൽ ഉദ്യോഗസ്ഥർക്ക് വലിയ സമ്മർദമാണുള്ളതെന്ന് ജീവനക്കാർ പറയുന്നു. 35,000 ബിഎൽഓമാരെയാണ് എസ്ഐആർ ജോലിക്ക് നിയോഗിച്ചിരിക്കുന്നത്. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് നാളെ സംസ്ഥാനത്ത് ബിഎൽഓമാർ ജോലിയിൽ നിന്ന് വിട്ടു നിന്ന് പ്രതിഷേധിക്കുന്നത്. കൂടാതെ, ചീഫ് ഇലക്ടറൽ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ വരണാധികാരികളുടെയും ഓഫീസുകളിലേക്കും പ്രതിഷേധ മാർച്ച് നടത്തുമെന്നും സംയുക്ത സമരസമിതി അറിയിച്ചു.


