ദില്ലി: അഭിമാന പദ്ധതിയായ അടൽ ടണലിൻ്റെ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച മലയാളി എഞ്ചിനീയറെ ആദരിച്ച് രാജ്യം. ബോർഡർ റോഡ് ഓർഗനൈസേഷൻ ചീഫ് എഞ്ചിനീയറായ കെ.പി.പുരുഷോത്തമനെയാണ് പരം വിശിഷ്ട സേവാ മെഡൽ പ്രഖ്യാനത്തിലൂടെ റിപബ്ളിക് ദിനത്തിൽ രാജ്യം ആദരിച്ചത്. 

കണ്ണൂർ സ്വദേശിയായ കെ.പി പുരുഷോത്തമനാണ് അതികഠിനമായ വെല്ലുവിളികളെ അതിജീവിച്ചു കൊണ്ട് അടൽ ടണൽ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കിയത്. ഹിമാലയൻ മലനിരകളെ തുരന്ന് നിർമ്മിച്ച് രാജ്യത്തിന്റെ അഭിമാനപദ്ധതിയാണ് അടൽ ടണൽ. പത്തു വർഷം കൊണ്ട് പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോർഡർ റോഡ്‌സ് ഓർഗനൈസേഷനാണ് അടൽ തുരങ്കം നിർമ്മിച്ചത്. പദ്ധതിയുടെ അണിയറയിൽ നിരവധി മലയാളികൾ പ്രവർത്തിച്ചിരുന്നു. 

മണാലി - ലേ ദേശീയ പാതയിലെ ദൂരം 45 കിലോമീറ്ററിലധികം തുരങ്കം കുറയ്ക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന്യം. ചൈനയുമായി അതിർത്തി സംഘർഷം നിലനിൽക്കേ പദ്ധതിക്ക് പ്രാധാന്യമേറയാണ്. തുരങ്കം വന്നതോടെ മഞ്ഞുക്കാലത്തും ഈ പാതിയിൽ യാത്ര നടത്താം. ഹിമാചൽ പ്രദേശിലെ ഉൾനാടൻ ഗ്രാമങ്ങൾക്കും പദ്ധതി വലിയ തോതിൽ ​ഗുണം ചെയ്തു.