എറണാകുളം ജില്ലയിൽ നിന്നുള്ളയാൾ മുഖ്യമന്ത്രി ആകുമോ എന്ന ചോദ്യത്തിന് ആയിരുന്നു ഷിയാസിന്റെ മറുപടി. എറണാകുളത്ത് നിന്നൊരാൾ മുഖ്യമന്ത്രിയാകുന്നതാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും ഷിയാസ് വ്യക്തമാക്കി.

എറണാകുളം: വി‌ഡി സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹം പരോക്ഷമായി പങ്കുവെച്ച് എറണാകുളം ഡിസിസി പ്രസിഡന്റും കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ മുഹമ്മദ് ഷിയാസ്. എറണാകുളം ജില്ലയിൽ നിന്നുള്ളയാൾ മുഖ്യമന്ത്രി ആകുമോ എന്ന ചോദ്യത്തിന് ആയിരുന്നു ഷിയാസിന്റെ മറുപടി. എറണാകുളത്ത് നിന്നൊരാൾ മുഖ്യമന്ത്രിയാകുന്നതാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും ഷിയാസ് വ്യക്തമാക്കി. കേരളത്തിലെ പ്രതിപക്ഷത്തെ ശക്തമായി നയിച്ച ആളാണ് സതീശൻ. അതേസമയം മുഖ്യമന്ത്രിക്കെതിരെ കടുത്ത പരാമർശങ്ങളും മുഹമ്മദ് ഷിയാസ് ഉന്നയിച്ചു. ചെറ്റത്തരവും ചന്ത വർത്തമാനവും പറയുന്ന ആളാണ് കേരളത്തിൻറെ മുഖ്യമന്ത്രിയെന്നും മറ്റൊരു സംസ്ഥാനത്തെ ഭരണാധികാരിയോട് സഹിഷ്ണുത പുലർത്താൻ പോലും കഴിയാത്ത മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

അതേസമയം പിണറായി സർക്കാരിനെ ഇല്ലാതാക്കുന്ന വിധിയെഴുത്താണ് ഉണ്ടായിരിക്കുന്നതെന്ന് മുഹമ്മദ്‌ ഷിയാസ് നേരത്തെ പറഞ്ഞിരുന്നു. കൊച്ചിയിൽ ജയം ഉറപ്പാണെന്നും ഷിയാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സർക്കാരിനെ കണ്ടം വഴി ഓടിക്കുന്ന വിധി എഴുത്താണ് നടന്നത്. തദ്ദേശ തെരഞ്ഞടുപ്പൊരു മുന്നറിയിപ്പ് ആയിരുന്നു. അവിടെയും ഈ സർക്കാർ പഠിച്ചില്ല. അതാണ് ജനങ്ങൾ ഒന്നാകെ ഇറങ്ങി വോട്ട് ചെയ്തത്. പ്രതിപക്ഷ നേതിവിന്റെ നേതൃത്വത്തിൽ ചിട്ടയായ പ്രചരണം എറണാകുളത്ത് അടക്കം ഗുണം ചെയ്തുവെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.