തിരുവനന്തപുരം: കൊവിഡിനെ നേരിടുന്നതില്‍ കേരള ജനത കൈവരിച്ച അസാധാരണമായ നേട്ടം നമ്മുടെ സംസ്ഥാനത്തെ ലോകത്തെ തന്നെ ഏറ്റവും പ്രിയപ്പെട്ടതും സുരക്ഷിതവുമായ സ്ഥലമാക്കി മാറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും സുരക്ഷിതമായ നിക്ഷേപ സംസ്ഥാനമായി കേരളം മാറി എന്നതാണ് പ്രധാനപ്പെട്ട വസ്തുത. ലോകത്തിന്‍റെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള നിക്ഷേപകരിലും സംരംഭകരിലും കേരളത്തെ കുറിച്ച് വലിയ താല്പര്യം ഉളവായിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തിന്‍റെ ശക്തി മനുഷ്യശേഷി തന്നെയാണ്. ആ വിഭവശേഷി ഒന്നു കൂടെ ശക്തിപ്പെടുകയാണെന്നും മുഖ്യമന്ത്രി പറയുന്നു. കൊവിഡ് മഹാമാരി കാരണം വിവിധ രാജ്യങ്ങളിലുള്ള പ്രവാസി സഹോദരങ്ങള്‍ ഒരു വിഭാഗം ഇങ്ങോട്ട് വരികയാണ്. വലിയ അനുഭവ സമ്പത്തുള്ളവരും വിവധ മേഖലകളില്‍ വൈദഗ്ദ്യം ആര്‍ജിച്ചവരും പല ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ നൈപുണ്യമുള്ളവരുമാണ് അവർ. ഇതെല്ലാം സംസ്ഥാനത്തിന് മുതല്‍കൂട്ടായി മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏത് വ്യവസായവും നിലനിൽക്കാനും അഭിവൃദ്ധിപ്പെടാനും മുനുഷ്യ വിഭവശേഷി പ്രധാനമാണ്. നമ്മുടെ മനുഷ്യ വിഭവശേഷി ലോകത്തെ ഏത് വികസിത രാഷ്ട്രത്തോടും കിടപിടിക്കുന്നതാണെന്ന് ഈ മഹാമാരിയ്ക്കിടയിലും നാം ഒന്നു കൂടി തെളിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്ത് കേരളത്തിലേക്ക് വ്യവസായ മുതതല്‍ മുടക്ക് വലിയ തോതില്‍ ആകര്‍ഷിക്കുന്നതിന് വേണ്ടി ചില തീരുമാനങ്ങൾ സര്‍ക്കാര്‍ എടുക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

തീരുമാനങ്ങള്‍

ഈ ഘട്ടത്തില്‍ അപേക്ഷിക്കുന്ന പ്രധാനപ്പെട്ട വ്യവസായങ്ങള്‍ക്ക് ലൈസന്‍സുകളും അനുമതികളും അപേക്ഷിച്ച് ഒരാഴ്ചയ്ക്കകം നല്‍കും. ഉപാധികളോടെ ആകും അനുമതി നല്‍കുക. ഒരു വര്‍ഷത്തിനകം സംരംഭകന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ അത് തിരുത്താന്‍ അവസരം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകും.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, എന്നീ ജില്ലകളിലെ വിമാനത്താവളങ്ങള്‍, തുറമുഖം, റെയില്‍ റോഡ്, എന്നിവ ബന്ധപ്പെടുത്തി ബഹുതല ലോജസ്റ്റിക്സ് അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തും. അന്താരാഷ്ട്ര വ്യാപരത്തിലും വാണിജ്യത്തിലും ഇത് കേരളത്തെ പ്രധാന ശക്തിയാക്കും.

കയറ്റുമതി ഇറക്കുമതി സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ലോജസ്റ്റിക്സ് പാര്‍ക്കുകള്‍ ആരംഭിക്കും. 

ഉത്തര കേരളത്തിന്‍റെ ആവശ്യം മുന്‍ നിര്‍ത്തി അഴീക്കല്‍ തുറമുഖം വികസിപ്പിക്കും. വലിയ തോതില്‍ ചരക്ക് കൈകാര്യം ചെയ്യാന്‍ തുറമുഖത്തെ സജ്ജമാക്കും. 

കാര്‍ഷിക മേഖലയില്‍ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങൾ വലിയ തോതില്‍ പ്രോത്സാഹിപ്പിക്കും. പാലക്കാട് മെഗാ ഫുഡ് പാര്‍ക്കിലെ ഭൂമി കാര്‍ഷിക ഉത്പന്നങ്ങളുടെ മൂല്യ വര്‍ദ്ധനവിനായി വ്യവസായികള്‍ക്ക് പാട്ടത്തിന് നല്‍കും. 

മൂല്യ വര്‍ദ്ധനവിന് ഊന്നല്‍ നല്‍കി ഉത്തര കേരളത്തില്‍ നാളികേര പാര്‍ക്ക് സ്ഥാപിക്കും. 

കേരളത്തെ മികച്ച വ്യവസായ കേന്ദ്രമാക്കുന്നതിനുള്ള നടപടികള്‍ക്ക് ഉപദേശക സമിതി രൂപീകരിക്കും.  വ്യവസായ നിക്ഷേപകര്‍, നയ രൂപീകരണ വിദഗ്ദര്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതായിരിക്കും ഈ സമിതി. വ്യവസായ മുതല്‍ മുടക്കിന് സ്റ്റാര്‍ റേറ്റിംഗ് സംവിധാനം ഏർപ്പെടുത്തും.