ഇത് യുഡിഎഫ് എംപിമാരുടെ കേരളത്തോടുള്ള ദ്രോഹ മനോഭാവമാണ് കാണിക്കുന്നതെന്നും ഇത്തരം കുനുഷ്ട് ചോദ്യങ്ങൾ ചോദിക്കാനാണ് ആവേശമെന്നും മുഖ്യമന്ത്രി ആരോപിച്ചു. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്കായി ശബ്ദിക്കാൻ ഈ ഉത്സാഹം കാണിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട്: കേരളം അതിദാരിദ്ര്യ മുക്തമായെന്ന പ്രഖ്യാപനം എഎവൈ കാർഡുകൾ (മഞ്ഞക്കാർഡ്) റദ്ദാക്കാൻ കാരണമാകുമോയെന്ന് പാർലമെന്റിൽ ചോദ്യമുന്നയിച്ച എംപി എൻകെ പ്രേമചന്ദ്രനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്ത്. യുഡിഎഫ് എംപിമാരുടെ കേരളത്തോടുള്ള മനോഭാവമാണ് കൊല്ലം, കോഴിക്കോട് എംപിമാരുടെ ചോദ്യത്തിലൂടെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ചോദ്യത്തിൽ തെറ്റില്ലെന്നും രണ്ടാമത്തെ ചോദ്യത്തിൽ, കേരളം അതിദാരിദ്യമുക്തമായി പ്രഖ്യാപിച്ചതിലൂടെ സംസ്ഥാനത്തെ മുഴുവൻ എഎവൈ കാർഡുകൾ റദ്ദായി കിട്ടുമോ എന്നാണ് നോക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തെ തന്നെ അത്തരമൊരു പ്രചരണം നടന്നു. കേരളത്തെ എങ്ങനെയൊക്കെ ദ്രോഹിക്കാമെന്ന മനോ​ഗതിക്ക് പിന്തുണ നൽകുന്ന നിലപാടാണ് എംപിമാർ നൽകുന്നത്. യുഡിഎഫ് എംപിമാരുടെ കേരള വിരുദ്ധ മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഒരുതരത്തിലും വസ്തുതയുമായി ബന്ധമില്ലാത്ത ചോദ്യം ചോദിക്കുകയാണോ വേണ്ടത്. അതിദാരിദ്ര്യം അന്ത്യോദയ കാർഡിനുള്ളവരെ കണ്ടെത്താനുള്ള നടപടിയില്ല. രണ്ടിനും വ്യത്യസ്ത മാനദണ്ഡങ്ങളാണുള്ളത് എന്ന് നേരത്തെ തന്നെ വ്യക്തമാണ്. ഇക്കാര്യം കേന്ദ്രമന്ത്രി അറിയിച്ചതാണ്. പാർലമെന്റിൽ ഇത്തരം കുനുഷ്ട് ചോദ്യങ്ങൾ ചോദിക്കാൻ യുഡിഎഫ് എംപിമാർക്ക് വല്ലാത്ത ആവേശമാണ്. സംസ്ഥാനത്തിന്റെ ആവശ്യം നേടിയെടുക്കാനും കേന്ദ്ര അവ​ഗണനെക്കിതിരെ ശബ്ദിക്കാനും ഈ ഉത്സാഹമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫ് മാരുടെ കേരള വിരുദ്ധത മനോഭാവമാണ് പ്രകടമാകുന്നത്. ഇതിനെതിരെയൊക്കെയാണ് കെ.സി. വേണു​ഗോപാൽ എംപിയൊക്കെ പ്രതികരിക്കേണ്ടത്. അല്ലാതെ ന്യായീകരിക്കാനായി സംവാദം നടത്തിക്കളയാമെന്ന് പറയരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.