Asianet News MalayalamAsianet News Malayalam

'ഈ വര്‍ഷവും ഓണക്കിറ്റ്'; 14 ഇനം ഭക്ഷ്യവസ്തുക്കളടങ്ങുന്ന കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി

14 ഇനങ്ങൾ അടങ്ങുന്ന കിറ്റാണ് ഈ വര്‍ഷം ഓണത്തിന് നല്‍കുക. ഇതിനായി 425 കോടിയുടെ ചെലവ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

chief minister pinarayi vijayan announces free onam kit in kerala
Author
Thiruvananthapuram, First Published Jul 26, 2022, 6:33 PM IST

തിരുവനന്തപുരം: ഓണത്തിന് ഈ വർഷവും ഭക്ഷ്യകിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 14 ഇനങ്ങൾ അടങ്ങുന്ന കിറ്റാണ് ഈ വര്‍ഷം ഓണത്തിന് നല്‍കുക. ഇതിനായി 425 കോടിയുടെ ചെലവ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 13 തവണ ഇതിനകം കിറ്റ് നല്‍കിയെന്നും 5500 കൊടിയുടെ ചെലവ് ഉണ്ടായിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് മഹാമാരി പിടിമുറുക്കിയ ഘട്ടത്തിലാണ് ഭക്ഷ്യക്കിറ്റ് തുടങ്ങിയത്. ഈ പദ്ധതി ജനത്തിന് നല്ല തോതിൽ പ്രയോജനം ചെയ്തു. കൊവിഡ് കുറഞ്ഞതോടെ കിറ്റ് അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ ഓണത്തിന് വീണ്ടും കിറ്റ് നൽകിയിരുന്നു. കേരളം വലിയ സാമ്പത്തിക പ്രയാസം നേരിടുന്നെങ്കിലും ഈ വരുന്ന ഓണത്തിന് ഈ വർഷവും ഓണക്കിറ്റ് നൽകും. ഇത്തവണ 14 ഇനങ്ങളും തുണിസഞ്ചിയടക്കം നൽകാനാണ് ഉദ്ദേശിക്കുന്നത്. 425 കോടി രൂപയുടെ ചിലവാണ് ഇതിനായി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ സംസ്ഥാനത്ത് 13 തവണ കിറ്റ് നൽകിയിരുന്നു. ആ വകയിൽ 5500 കോടി രൂപയുടെ ചിലവുണ്ടായി. ജനക്ഷേമത്തിനും സമഗ്ര വികസനത്തിനുമാണ് സർക്കാർ നടപടി സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കൊവിഡ് കാലത്ത് അടച്ചിട്ട് വീട്ടിലിരുന്നവർക്ക് ആശ്വാസമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍  നടത്തിയ സൗജന്യ ഭക്ഷ്യകിറ്റ്  പ്രഖ്യാപനം. 2020 ഏപ്രിൽ മുതൽ അരിയും പഞ്ചസാരയും ഉൾപ്പെടെയുള്ള അത്യാവശ്യ സാധനങ്ങളെല്ലാം റേഷൻ കടകൾ വഴി സര്‍ക്കാര്‍ ജനങ്ങളിലേക്കെത്തിച്ചു. കിറ്റ് നൽകി സർക്കാർ ജനങ്ങളുടെ മനസ്സിലും കയറിയിരുന്നു. കഴിഞ്ഞ തവണ 15 ഇനങ്ങ‍ളായിരുന്നു സൗജന്യ ഭക്ഷ്യകിറ്റിലുണ്ടായിരുന്നത്.

ചില്ലറ സാധനങ്ങൾക്ക് ഏർപ്പെടുത്തിയ ജിഎസ് ടി കേരളം നടപ്പാക്കില്ല

അതേസമയം, ചില്ലറ സാധനങ്ങൾക്ക് ഏർപ്പെടുത്തിയ ജിഎസ് ടി കേരളം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിത്യോപയോഗ സാധനങ്ങൾക്ക് ജിഎസ് ടി ഏർപ്പെടുത്തുന്നതിനെ സംസ്ഥാനം അനുകൂലിച്ചിട്ടില്ല. ആഡംബര വസ്തുക്കൾക്ക് നികുതി ഏർപ്പെടുത്താനാണ് കേരളം ആവശ്യപ്പെട്ടത്. കിഎഫ്ബി വായ്പകളും സംസ്ഥാനത്തിൻറെ കടമായി വ്യാഖാനിക്കുന്നത് ശരിയല്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios