Asianet News MalayalamAsianet News Malayalam

ഇന്ന് കൊവിഡ് കേസില്ല: സംസ്ഥാനത്ത് വിദഗ്‌ധ ഉപദേശക സമിതി രൂപീകരിക്കും, ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് പുതിയതായി ആർക്കും രോഗം സ്ഥിരീകരിച്ചില്ല. രോഗാണുക്കൾ അതിവേഗതയിൽ വർധിക്കുന്നുവെന്നും സംസ്ഥാനത്ത് ജാഗ്രത നല്ല പോലെ തുടരണമെന്നും മുഖ്യമന്ത്രി.

chief minister Pinarayi Vijayan press meet on covid 19
Author
Thiruvananthapuram, First Published Mar 17, 2020, 7:20 PM IST

തിരുവനന്തപുരം: കൊവിഡിന്‍റെ വ്യാപനം തടയാൻ സഹായിക്കുന്നതിനും ഉപദേശിക്കാനും വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നത്തെ അവലോകന യോഗത്തിന് ശേഷം തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും വിവരങ്ങൾ കൈമാറാൻ പ്രത്യേക വെബ് പോർട്ടൽ തുടങ്ങുമെന്നും പ്രഖ്യാപിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ...

രോഗാണുക്കൾ അതിവേഗതയിൽ വർധിക്കുന്നു. സംസ്ഥാനത്ത് ജാഗ്രത നല്ല പോലെ തുടരണം. ഇന്നൊരാശ്വാസം ഉള്ളത്, പുതിയതായി ആർക്കും രോഗം സ്ഥിരീകരിച്ചില്ല. എന്നാൽ മലയാളിയായ ഒരാൾക്ക്, മാഹിയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 18011 പേരാണ് നിരീക്ഷണത്തിലുള്ളത്. 17743 പേർ വീടുകളിലാണ്. 268 പേർ ആശുപത്രികളിലുണ്ട്. ഇന്ന് 65 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5372 പേർ പുതുതായി നിരീക്ഷണത്തിലായി. 4353 പേരെ രോഗബാധ ഇല്ലെന്ന് കണ്ട് നിരീക്ഷണത്തിൽ നിന്നൊഴിവാക്കി. രോഗ പ്രതിരോധ സന്ദേശം വീടുകളിലെത്തിക്കുകയാണ് ഏറ്റവും പ്രധാനം. ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ മെഡിക്കൽ വിദ്യാർത്ഥികളുടെ സേവനം ഉറപ്പുവരുത്തണം. മെഡിക്കൽ സർവ്വകലാശാല അതിന് നേതൃത്വം കൊടുക്കും. ഐഎംഎ സഹകരിക്കും. പാരാ മെഡിക്കൽ വിദ്യാർത്ഥികളും ജീവനക്കാരും ഇതിന്‍റെ കാര്യങ്ങൾക്കായി ഉപയോഗിക്കും. ഐഎംഎ ഇതിനുള്ള നടപടികൾ സ്വീകരിക്കും.

പ്രായമായവരെയും മറ്റ് രോഗം ബാധിച്ചവരെയും പ്രത്യേകം പരിചരിക്കാൻ പാലിയേറ്റീവ് സംഘങ്ങളുടെ സഹകരണം ഉറപ്പാക്കും. ഡോക്ടർമാർ തന്നെ നിരീക്ഷണത്തിൽ കഴിയേണ്ട സ്ഥിതി പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. ഡോക്ടർമാരും മറ്റ് ജീവനക്കാരും ആവശ്യമായ മുൻകരുതൽ സ്വീകരിക്കണം.

സാമ്പത്തിക രംഗത്ത് കൊവിഡ് ഉണ്ടാക്കിയ ആഘാതം വലുതാണ്. ബാങ്കിൽ നിന്ന് വിവിധ ആവശ്യങ്ങൾക്കായി വായ്പയെടുത്തവർക്ക് സഹായവും പ്രത്യേക ഇളവും എങ്ങിനെ നൽകാനാവുമെന്ന് ആലോചിച്ചു. അതിന് ആവശ്യമായ സഹായം നൽകാമെന്ന് ബാങ്ക് സമിതി അറിയിച്ചിട്ടുണ്ട്. വായ്പ പുനക്രമീകരിക്കാനും, പലിശ ഇളവ് ചെയ്യാനും, പുതിയ വായ്പകൾക്ക് ഇളവുകൾ നൽകാനുമുള്ള നിർദ്ദേശം ബാങ്കുകൾക്ക് മുന്നിൽ വച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ സഹായിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്ന് അവർ പറഞ്ഞു. അവരുടെ നിർദ്ദേശങ്ങൾ റിസർവ് ബാങ്കിന്‍റെ പരിഗണനയ്ക്ക് അയക്കുമെന്ന് ഉറപ്പുനൽകി.

കൊവിഡിൽ ടൂറിസം മേഖലയാണ് ഏറ്റവുമധികം പാടുപെടുന്നത്. ഒരുപാട് പേർക്ക് തൊഴിലെടുക്കാൻ സാധിക്കുന്നില്ല. യാത്രയുടെ രംഗത്ത് വന്ന പ്രശ്നങ്ങളും സാമ്പത്തിക മേഖലയെ ബാധിക്കുന്നുണ്ട്. രോഗത്തെ പ്രതിരോധിക്കാൻ ജാഗ്രത പാലിക്കണം. സാമൂഹിക ജീവിതവും മുന്നോട്ട് പോകണം. അതിനാണ് വായ്പയെടുത്തവരുടെ കാര്യം പരിഗണിക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടത്.

വിദേശ ടൂറിസ്റ്റുകളോടുള്ള പെരുമാറ്റം ആശാസ്യമല്ലാതാകുന്നു. കൊവിഡ് രോഗം ബാധിച്ചത് അവരുടെ ആരുടെയും കുറ്റം കൊണ്ടല്ല. നമ്മൾ ഏറ്റവും നല്ല പ്രതിരോധ സംവിധാനമാണ് ഒരുക്കുന്നത്. രോഗ പ്രതിരോധത്തിനായി ആരും നിയമം കയ്യിലെടുക്കരുത്. വടക്കൻ കേരളത്തിൽ രണ്ട് വിദേശ വിനോദ സഞ്ചാരികൾക്ക് താമസവും ഭക്ഷണവും ലഭിച്ചില്ല. ഫ്രഞ്ച് പൗരനെ കൊവിഡ് സംശയിച്ച് ബസിൽ നിന്ന് ബലമായി ഇറക്കിവിട്ടു. ഒരു ഫ്രഞ്ച് യുവതി അവരുടെ മൂന്ന് വയസുള്ള കുട്ടിയ്ക്കും ഭക്ഷണവും താമസവും കിട്ടാതെ പ്രയാസപ്പെട്ടു. ഇത് മധ്യകേരളത്തിലുണ്ടായതാണ്. ചെയ്യുന്നവർ ഇതൊരു നാണംകെട്ട പണിയാണെന്ന് ഓർക്കണം. ഇവിടങ്ങളിലെല്ലാം പൊലീസ് ഇടപെട്ടാണ് ടൂറിസ്റ്റുകൾക്ക് സൗകര്യം കൊടുക്കുന്നത്.

റഷ്യയിൽ നിന്നുള്ള മൂന്നംഗ കുടുംബത്തിന് റെയിൽവെ സ്റ്റേഷനിൽ ടാക്സിയും മുറിയും ലഭിക്കുന്നില്ല. കൊവിഡ് രോഗത്തോട് കൂടി ലോകം അവസാനിക്കില്ല. നമ്മൾ ഏറ്റവും ശക്തിപ്പെടുത്തേണ്ടത് ടൂറിസം മേഖലയെ ആണ്. നാടിനെ കുറിച്ച് വലിയ മോശമായ അഭിപ്രായം ഉണ്ടാക്കരുത്. അതിനെല്ലാം അപ്പുറം മനുഷ്യത്വം ഇല്ലാതാക്കപ്പെടുന്ന ഒരനുഭവവും അനുവദിക്കാൻ പറ്റില്ല. ഇത്തരം തെറ്റായ പ്രവർത്തികൾക്കെതിരെ കടുത്ത നടപടിയുണ്ടാകും.

ടൂറിസം വ്യവസായത്തിലുള്ളവർ എല്ലാ ജില്ലകളിലും കൂട്ടായ്മകൾ ഉണ്ടാക്കിയിട്ടുണ്ട്. അവർ തന്നെ സൗകര്യമൊരുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇവിടെ വന്ന വിനോദ സഞ്ചാരികൾ താമസ- ഭക്ഷണ സൗകര്യങ്ങൾ കിട്ടാതെ ബുദ്ധിമുട്ടരുത്.

ഐടി രംഗത്ത് വീടുകളിൽ ഇരുന്ന് ജോലി ചെയ്യുന്ന സാഹചര്യത്തിൽ ലോഡ് ഷെഡ്ഡിങും പവർ കട്ടും ഇല്ലാതെ വൈദ്യുതി ലഭ്യമാക്കും. നാം ഇന്നത്തെ അവസ്ഥയല്ല കാണേണ്ടത്. ഇത് മോശമായാൽ എന്ത് ചെയ്യുമെന്ന് ചിന്തിക്കണം. ഇതിന്റെ ഭാഗമായി കൂടുതൽ ടെസ്റ്റിങ് സൗകര്യമൊരുക്കും. രോഗം ഉദ്ദേശിക്കാത്ത തരത്തിൽ വ്യാപിക്കുന്നുണ്ട്, അത് ലോകത്തിന്റെ അനുഭവമാണ്. നേരിയ ജാഗ്രതക്കുറവ് പോലും ഉണ്ടാകരുത്. അത് പലയിടത്തും ഉണ്ടാകുന്നുണ്ട്. ഇപ്പോൾ അതിലേക്ക് കടക്കുന്നില്ല.

ഒരാൾ എടുക്കുന്ന കരുതൽ സമൂഹത്തിന് ഗുണകരമാകും. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന സമയമാണ്. അക്കാര്യത്തിൽ നല്ല ജാഗ്രത പാലിക്കണം. പത്രം, പാൽ വിതരണക്കാർ അവരൊക്കെ നല്ല രീതിയിൽ ഇതുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ പാലിക്കണം. നമ്മളും ശ്രദ്ധിക്കണം. ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലർ എല്ലാവരും ഇക്കാര്യം നല്ല പോലെ ശ്രദ്ധിക്കണം. വിമാനത്താവളങ്ങളിൽ പരിശോധന നടക്കുമ്പോൾ എല്ലാവരെയും അതിന്റെ ഭാഗമാക്കണം. ഇവിടെ കഴിയുന്ന വിദേശികൾ രോഗമില്ലാത്തവരാണെങ്കിൽ തിരിച്ചുപോകാൻ മറ്റ് തടസങ്ങളുണ്ടാവില്ല. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

Follow Us:
Download App:
  • android
  • ios