Asianet News MalayalamAsianet News Malayalam

കെഎസ്എഫ്ഇയിലെ പരിശോധന; വിജിലന്‍സിനെ ന്യായീകരിച്ച് മുഖ്യമന്ത്രി, അക്കമിട്ട് മറുപടി

സ്ഥാപനത്തിന്‍റെ സാമ്പത്തിക നിലയെ ബാധിക്കുന്ന നടപടികളുണ്ടെന്ന കണ്ടെത്തലിന്‍റെ പുറത്താണ് വിജിലന്‍സ് പരിശോധന നടത്തിയതെന്ന് മുഖ്യമന്ത്രി.

chief minister pinarayi vijayan response on ksfe vigilance raid controversy
Author
Thiruvananthapuram, First Published Nov 30, 2020, 7:25 PM IST

തിരുവനന്തപുരം: കെഎസ്എഫ്ഇയില്‍ നടന്ന വിജിലന്‍സ് പരിശോധനയ്ക്ക് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎസ്എഫ്ഇയില്‍ നടന്നത് സാധാരണയായി നടക്കുന്ന പരിശോധനയാണെന്നും സ്ഥാപനത്തിന്‍റെ സാമ്പത്തിക നിലയെ ബാധിക്കുന്ന നടപടികളുണ്ടെന്ന കണ്ടെത്തലിന്‍റെ പുറത്താണ് വിജിലന്‍സ് പരിശോധന നടത്തിയതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഏതെങ്കിലും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ക്രമക്കേട് നടക്കുന്നു എന്ന രഹസ്യ വിവരം കിട്ടിയാൽ വിജിലന്‍സിലെ ഇന്‍റലിജൻസ് വിഭാഗം രഹസ്യമായി വിവരം ശേഖരിക്കും. അത് ശരിയാണെന്ന് കണ്ടാല്‍ അതത് യൂണിറ്റ് മേധാവികൾ സോഴ്സ് റിപ്പോര്‍ട്ട് തയ്യാറാക്കും. ഈ റിപ്പോര്‍ട്ടിലെ വസ്തുതകള്‍ പരിശോധിക്കാന്‍ മുന്‍കൂട്ടി അറിയച്ച ശേഷം പരിശോധന നടത്തും. അതാണ് കെഎസ്എഫ്ഇയില്‍ നടന്നത്. 

ഇത്തരം പരിശോധനകള്‍ക്ക് വിജിലന്‍സ് ഡയറക്ടറുടെ അനുമതിയാണ് വേണ്ടത്. മറ്റ് ഏതെങ്കിലും അനുമതി ഇതിന് വേണ്ടെന്നും പിണറായി വ്യക്തമാക്കി.  പരിശോധന നടത്തുന്ന ഉദ്യോഗസ്ഥനും മറ്റേതെങ്കിലും വകുപ്പിലെ ഉദ്യോഗസ്ഥനും മിന്ന‍ല്‍ പരിശോധനയ്ക്ക് ശേഷം ജോയിന്‍റ് മഹസ്സര്‍ തയ്യാറാക്കും. ഇതിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ക്രമക്കേടുകളുടെ വ്യാപ്തി പരിശോധിച്ച് ഇന്‍റേണല്‍ ഓഡിറ്റ്, വിജിലന്‍സ് അന്വേഷണം, വകുപ്പ് തല അന്വേഷണം എന്നിവ നടക്കും. സിസ്റ്റത്തിന്‍റെ വീഴ്ചയാണെങ്കില്‍ അത് പുനപരിശോധിക്കാനും ശുപാര്‍ശ നല്‍കും. ഇത് സാധാരണയായി നടക്കുന്ന നടപടിക്രമങ്ങളാണ്. വിജിലന്‍സ് നടത്തുന്ന ആദ്യത്തെ പരിശോധനയല്ല ഇത്. 2019ല്‍ വിവിധ വകുപ്പുകളില്‍  18 പരിശോധനകള്‍ നടന്നു. 2020ല്‍ ഇതുവരെ ഏഴ് പരിശോധനകള്‍ നടന്നു.

കെഎസ്എഫ്ഇയില്‍ നടന്ന പരിശോധനയുടെ കാര്യത്തില്‍, അവരുടെ ഉദ്യോഗസ്ഥര്‍ തന്നെ കണ്ടെത്തിയ പോരായ്മയുടെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍ കെഎസ്ഇബിയുടെ സാമ്പത്തിക നിലയെ ബാധിക്കുമെന്ന ശങ്ക വിജിലന്‍സിന് ഉണ്ടാകുന്നു. 2020 ഒക്ടോബറില്‍ മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് ആസ്താനത്ത് നല്‍കുന്നു. സോഴ്സ് റിപ്പോര്‍ട്ട് പരിശോധിച്ച്,  രഹസ്യാന്വേഷണ വിഭാഗം ഈ സോഴ്സ് വേരിഫൈ ചെയ്ത ശേഷം നവംബര്‍ 10ന് വിജിലന്‍സ് ഡയറക്ടര്‍ സംസ്ഥാനതല പരിശോധനയ്ക്ക് ഉത്തരവ് നല്‍കുന്നു. നവം 27ന് രാവിലെ 11 മുതല്‍ തെരഞ്ഞെടുത്ത 40 കെഎസ്എഫ്ഇ ശാഖകളില്‍ പരിശോധന നടന്നു.

സാധാരണ നടക്കുന്ന വിജിലന്‍സ് പരിശോധനയ്ക്ക് ശേഷം റിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറയ്ക്ക് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് അയക്കും. ഇതില്‍ നടപടി ആവശ്യമുള്ളതാണെങ്കില്‍ തുടര്‍നടപടി സ്വീകരിക്കും, തിരുത്തലുകള്‍ വേണ്ടിടത്ത് അത് ചെയ്യു. അതാമ് സാധാരണ നടപടിക്രമമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

ഇത്തരത്തില്‍ വിവിധ വകുപ്പുകളില്‍ പരിശോധന നടന്നിട്ടുണ്ട്. മോട്ടാര്‍ വാഹന വകുപ്പിലും, പൊലീസ് സ്റ്റേഷനുകളിലും, വനം വകുപ്പിന്‍റെ മര ഡിപ്പോകളിലും,  ഹൈവേ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ, വിദേശ മദ്യ ഔട്ട്ലെറ്റുകളില്‍, എയ്ഡഡ് സ്കൂളുകളില്‍, ആര്‍ടിഒ ഓഫീസുകളില്‍, ലീഗല്‍ മെട്രോളജി ഓഫീസുകളില്‍, ചിന്‍ഡന്‍സ് ഹോം, മഹിളാ മന്ദിരങ്ങള്‍, പ്രതീക്ഷാ ഭവന്‍, ക്വാറികളില്‍, അതിര്‍ത്തികളിലെ എക്സൈസ് മോട്ടോര്‍ വാഹന ചെക്പോസ്റ്റുകളില്‍, പൊട്ടിപ്പൊളിഞ്ഞ പൊതുമരാമത്ത് വകുപ്പ് റോഡില്‍ തുടങ്ങി, ഭക്ഷ്യസുരക്ഷാ ഓഫീസില്‍,  നിരവധി മിന്നല്‍ പരിശോധനകള്‍ നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.  


 

Follow Us:
Download App:
  • android
  • ios