Asianet News MalayalamAsianet News Malayalam

'അത് ചീറ്റിപ്പോയി'; ശശീന്ദ്രനെതിരായ പരാതിയെ കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം

കുണ്ടറ പീഡന കേസ് ഒത്തു തീർക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മന്ത്രി എകെ ശശീന്ദ്രനെ വീണ്ടും പിന്തുണച്ച് മുഖ്യമന്ത്രി. അത് ചീറ്റിപ്പോയെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി. 

Chief Minister Pinarayi Vijayan s reply to the complaint against ak Saseendran
Author
Kerala, First Published Jul 23, 2021, 8:40 PM IST

തിരുവനന്തപുരം: കുണ്ടറ പീഡന കേസ് ഒത്തു തീർക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മന്ത്രി എകെ ശശീന്ദ്രനെ വീണ്ടും പിന്തുണച്ച് മുഖ്യമന്ത്രി. അത് ചീറ്റിപ്പോയെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി. 'അതൊക്കെ ചീറ്റിപ്പോയില്ലേ അസംബ്ലിയിലെ കാര്യങ്ങളൊക്കെ നിങ്ങൾ കണ്ടതല്ലേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പാർട്ടി പ്രശ്നത്തിലാണ് ശശീന്ദ്രൻ ഇടപെട്ടതെന്നും സംഭവം മറ്റൊരു രീതിയിൽ എത്തിയത് അദ്ദേഹം അറിഞ്ഞിരുന്നില്ലെന്നുമായിരുന്നു നേരത്തെ മുഖ്യമന്ത്രി വിശദീകരിച്ചത്. 

അതേസമയം പീഡന പരാതിയില്‍ നുണപരിശോധനയ്ക്ക് സന്നദ്ധത അറിയിച്ച് ആരോപണ വിധേയനായ എന്‍സിപി നേതാവ് രംഗത്തെത്തി. നാര്‍ക്കോ അനാലിസിസ് ഉള്‍പ്പെടെ ഏത് പരിശോധനയ്ക്കും താന്‍ തയാറാണെന്ന് ചൂണ്ടിക്കാട്ടി എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പദ്മാകരന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി. 

രാഷ്ട്രീയ വിരോധത്തിന്‍റെ പേരിലുളള അടിസ്ഥാന രഹിതമായ ആരോപണമെന്ന വാദമാണ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലും പദ്മാകരന്‍ ആവര്‍ത്തിക്കുന്നത്. ബ്രെയിന്‍ മാപ്പിംഗോ,നാര്‍ക്കോ അനാലിസിസോ,പോളിഗ്രാഫ് ടെസ്റ്റോ അടക്കം ഏത് ശാസ്ത്രീയ നുണ പരിശോധനയ്ക്കും പദ്മാകരന്‍ സമ്മതവും അറിയിച്ചിട്ടുണ്ട്. പരാതിക്കാരിയോട് ഒരിക്കല്‍ പോലും താന്‍ നേരിട്ട് സംസാരിച്ചിട്ടില്ലെന്നും കത്തില്‍ അവകാശപ്പെടുന്നു. 

എന്നാൽ മന്ത്രി ശശീന്ദ്രനെതിരെ ദേശീയ വനിതാ കമ്മിഷന് പരാതി നല്‍കുമെന്ന് പരാതിക്കാരിയായ യുവതി അറിയിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍റെ നിര്‍ദേശ പ്രകാരമാണ് ദേശീയ വനിതാ കമ്മിഷന് പരാതി നല്‍കുന്നതെന്ന് യുവതി അറിയിച്ചു. ശശീന്ദ്രനെതിരെ പരാതി നല്‍കാന്‍ തിങ്കളാഴ്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നേരില്‍ കാണാനും യുവതി അനുമതി തേടിയിട്ടുണ്ട്. അന്വേഷണവുമായി താന്‍ സഹകരിച്ചില്ലെന്ന ആരോപണവും പരാതിക്കാരി നിഷേധിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios