എന്താണോ പാർട്ടി ആഗ്രഹിക്കുന്നത് അതിനൊപ്പം നിൽക്കുകയും പ്രവർത്തിക്കുകയും ആണ് ചെയ്തതെന്നും പിണറായി വിജയൻ പറഞ്ഞു.
തിരുവനന്തപുരം: ഡോക്യുമെന്‍ററിയിലൂടെ പ്രകടിപ്പിച്ച സ്നേഹവായ്പ് പാര്‍ട്ടിയോടുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ പേരിൽ എന്തെല്ലാം പഴിയാണ് സംഘാടകർ കേൾക്കേണ്ടി വരുക എന്നാണ് ചിന്തിച്ചത്. വ്യക്തിത്വ മികവല്ല, പാർട്ടിയുടെ ഉത്പന്നമാണ്. പാർട്ടി വിവിധ ഘട്ടങ്ങളിൽ കടന്ന് വന്നിട്ടുണ്ട്. എന്താണോ പാർട്ടി ആഗ്രഹിക്കുന്നത് അതിനൊപ്പം നിൽക്കുകയും പ്രവർത്തിക്കുകയുമാണ് ചെയ്തതെന്നും പിണറായി വിജയൻ പറഞ്ഞു. പിണറായിയെ പുകഴ്ത്തി സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ഡോകുമെന്ററി പുറത്തിറക്കിയിരുന്നു. ഇതിനോടായിരുന്നു പിണറായിയുടെ പ്രതികരണം.
അമ്മയെ കുറിച്ച് പറഞ്ഞതിൽ തിരുത്ത് ഉണ്ട്. ആലക്കാട്ട് കല്യാണിയാണ് അമ്മ. അതാണ് ശരിക്കുള്ള പേര്. ഡോക്യുമെന്ററിയിലൂടെ പ്രകടിപ്പിച്ച സ്നേഹവായ്പ് പാർട്ടിയോടും ഇടതുമുന്നണിയോടും ഉള്ളതെന്ന് അറിയാം. ആക്രമണങ്ങൾ വ്യക്തിപരമായി വരാറുണ്ട്. പാർട്ടിയുടെയും മുന്നണിയുടേയും ഭാഗമായത് കൊണ്ട് വരുന്ന ആരോപണങ്ങളാണ് അവ. ആരോപണങ്ങൾ മാത്രമല്ല പ്രശംസയും പാർട്ടിയുടെ ഭാഗമായതിനാലാണെന്നും പിണറായി പറഞ്ഞു.
പിണറായി സർക്കാരിന്റെ ഒൻപതാം വാർഷികത്തോട് അനുബന്ധിച്ചാണ് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ തയ്യാറാക്കിയ പിണറായി ദ ലെജൻഡ് എന്ന ഡോക്യുമെന്ററി പ്രകാശനം ചെയ്തത്. കമൽഹാസനാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഡോക്യുമെന്ററി പ്രകാശനം ചെയ്തത്. ഇന്നലെ ഡോക്യുമെൻററിയുടെ ടീസർ പുറത്തിറങ്ങിയിരുന്നു. ഒരു ഗാനമുൾപ്പെടെ 30മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി മുഖ്യമന്ത്രിയുടെ ജീവിതവും ചരിത്രവും ഇഴചേർത്താണ് ഒരുക്കിയിരിക്കുന്നത്. ആദ്യമായാണ് ഒരു സർവ്വീസ് സംഘടന പിണറായിയെ കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കുന്നത്. ഇതേ സംഘടന തയ്യാറാക്കിയ വാഴ്ത്ത് പാട്ട് നേരത്തെ വിവാദമായിരുന്നു.
അതേ സമയം, പിണറായി ദി ലജന്റ് ഡോക്യുമെന്ററി പിണറായി സ്തുതിയല്ലെന്ന് വിശദീകരിച്ച് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ രംഗത്തെത്തി. ഒമ്പത് വർഷത്തെ സർക്കാരിന്‌റെ ഭരണ നേട്ടങ്ങളാണ് ഡോക്യുമെന്ററിയിലൂടെ പറയാൻ ഉദ്ദേശിച്ചതെന്ന് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡൻറ് പി ഹണി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ശ്രദ്ധിക്കുക, അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി യുഐഡിഎഐ


