ബിജെപിക്കും യുഡിഎഫിനും ഒരേ മനോഭാവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മോദി പ്രധാനമന്ത്രിയായിരിക്കുമ്പോൾ കേരളത്തിനെ സഹായിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോട്ടയം: ബിജെപിക്കും യുഡിഎഫിനും ഒരേ മനോഭാവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരളത്തോട് രാഷ്ട്രീയ വിരോധമാണെന്നും മോദി പ്രധാനമന്ത്രിയായിരിക്കുമ്പോൾ കേരളത്തിനെ സഹായിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവല്ലയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടർഭരണം എൽഡിഎഫിന് നൽകിയതിനാൽ ലോകം ശ്രദ്ധിക്കുന്ന പദവിയിലേക്ക് കേരളം ഉയർന്നു. കേരളം അതിദാരിദ്ര്യ മുക്തമായി മാറി. പാവപ്പെട്ടവരെ കണ്ടുകൊണ്ടുള്ള നിലപാടാണ് എൽഡിഎഫ് എടുക്കുന്നത്. എവിടെയെങ്കിലും മാലിന്യ കൂമ്പാരം കാണാനുണ്ടോ? നാടിന്റെ മാറ്റം എൽഡിഎഫ് ഉണ്ടായതു കൊണ്ടാണ്. എൽഡിഎഫ് തന്നെയെന്നാണ് ജനങ്ങൾ നൽകുന്ന ഉത്തരം. 5 ലക്ഷത്തിലധികം വീടുകൾ നിർമ്മിച്ചു നൽകി. യുഡിഎഫ് വന്നിരുന്നെങ്കിൽ ലൈഫ് മിഷനേ ഉണ്ടാകുമായിരുന്നില്ല. എന്തിന് എൽഡിഎഫ് എന്നതിന് ജനങ്ങൾ തന്നെ ഉത്തരം നൽകുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ദേശീയ തലത്തിൽ ആദ്യ നൂറു സ്ഥാനത്തിനുള്ളിൽ കേരളത്തിലെ 18 കോളേജുകളുണ്ട്. ആദ്യ 6 യൂണിവേഴ്സിറ്റികളിൽ 2 എണ്ണം കേരളത്തിൽ നിന്നുള്ളതാണ്. യുവാക്കൾ ആഗ്രഹിക്കുന്ന നിലയിലേക്ക് കേരളം നീങ്ങുന്നു. നിക്ഷേപ സൗഹ്യദത്തിൽ കേരളത്തിന് ഒന്നാമത് എത്താൻ ആകുമെന്ന് ആരും ചിന്തിച്ചിരുന്നില്ലെന്നും എന്നാൽ കേരളം ഒന്നാമത് എത്തിയെന്നും അദ്ദേഹം പറഞ്ഞു.

എല്ലാത്തിനെയും പരിഹസിക്കുന്നവരാണ് പ്രതിപക്ഷം. പത്തു വർഷത്തിനിടെ ഇവിടെ വർഗീയ സംഘർഷം ഇല്ല. എന്തെല്ലാം തരത്തിലുള്ള കലാപങ്ങൾ ഉണ്ടായ നാടായിരുന്നു? ആ കേരളമാണ് വർഗീയ കലാപം ഇല്ലാത്ത നാടായി മാറുന്നത്. എൽഡിഎഫിന് വർഗീയതയോട് വിട്ടുവീഴ്ചയില്ല. വർഗീയ കലാപം ഉണ്ടാക്കാൻ നോക്കിയാൽ കർക്കശമായ നടപടിയെടുക്കും. വർഗീയതയോട് മൃദു നിലപാട് സ്വീകരിക്കുന്ന മറ്റു ശക്തികളെ നമുക്ക് അറിയാമല്ലോ. നാടിന്റെ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവർ എൽഡിഎഫിന് മാത്രമേ ഇത്തരം നിലപാടെടുക്കാൻ കഴിയൂ എന്നു പറയുന്നു. നാടിനോട് പ്രത്യേകമായ പകയാണ് ബിജെപിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. മോദി പ്രധാനമന്ത്രിയായിരിക്കുമ്പോൾ കേരളത്തിനെ സഹായിക്കില്ല. അദ്ദേഹത്തിന് കേരളത്തിനോട് രാഷ്ട്രീയ വിരോധമാണുള്ളത്. കോൺഗ്രസ് ബിജെപി നിലപാടിനോടാണ് യോജിച്ചത്. ബിജെപിക്കും യുഡിഎഫിനും ഒരേ മനോഭാവമാണുള്ളത്. പ്രതിപക്ഷം നുണകൾ വല്ലാതെ പ്രചരിപ്പിക്കുന്നു. എൽഡി എഫ് പ്രവർത്തകർ എല്ലാ വീടുകളിൽ എത്തണമെന്നും അപ്പോൾ വസ്തുതകൾ അറിയുമ്പോൾ നുണകൾ താനെ പൊളിയുമെന്നും മുഖ്യമന്ത്രി തിരുവല്ലയിൽ പറഞ്ഞു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming