Asianet News MalayalamAsianet News Malayalam

'തോൽക്കുന്നത് വരെ പഠിപ്പിക്കണം എന്ന് പറഞ്ഞു'; അധ്യാപക ദിനത്തിൽ‌ പ്രിയപ്പെട്ട അധ്യാപകരെക്കുറിച്ച് മുഖ്യമന്ത്രി

ആ സമയത്താണ്, യുപി സ്കൂൾ അദ്ധ്യാപകനായിരുന്ന ശങ്കരൻ മുൻഷി മാഷ് അമ്മയെ വിളിപ്പിച്ച്, മകനെ 'തോൽക്കുന്നതു വരെ പഠിപ്പിക്കണം' എന്ന് പറയുന്നത്. അങ്ങനെയാണ് എന്റെ വിദ്യാർത്ഥി ജീവിതം തുടർന്നത്.

chief minister pinarayi vijayan shares memories of teachers
Author
Trivandrum, First Published Sep 5, 2020, 12:35 PM IST

തിരുവനന്തപുരം: അധ്യാപക ദിനത്തിൽ പ്രിയപ്പെട്ട അധ്യാപകരെക്കുറിച്ചുള്ള ഓർമ്മ പങ്കിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. തിരിഞ്ഞു നോക്കുമ്പോൾ ജീവിത വഴിയിൽ അധ്യാപക ശ്രേഷ്ഠരുടെ കയ്യൊപ്പ് പതിഞ്ഞു നിൽക്കുന്നു എന്നാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം കുറിച്ചിരിക്കുന്നത്. അവരുടെ ആത്മമാർത്ഥമായ പിന്തുണ ഇല്ലായിരുന്നെങ്കിൽ എൽപി സ്കൂളിൽ വച്ച് തന്നെ പഠനം നിർത്തേണ്ടി വരുമായിരുന്നു എന്നും അദ്ദേഹം അനുസ്മരിക്കുന്നു. 

'എത്രകാലം വിദ്യാർത്ഥി ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയും എന്നുറപ്പില്ലായിരുന്നു. ആ സമയത്താണ് യുപി സ്കൂൾ അദ്ധ്യാപകനായിരുന്ന ശങ്കരൻ മുൻഷി മാഷ് അമ്മയെ വിളിപ്പിച്ച്, മകനെ 'തോൽക്കുന്നതു വരെ പഠിപ്പിക്കണം' എന്ന് പറയുന്നത്. അങ്ങനെയാണ് എന്റെ വിദ്യാർത്ഥി ജീവിതം തുടർന്നത്.'  മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിലെ വാക്കുകൾ. 

സമ്പൂർണ സാക്ഷര കേരളം എന്ന നമ്മുടെ അഭിമാനത്തിന്റെ പിന്നിൽ അധ്യാപക സമൂഹത്തിന്റെ സമർപ്പണവും കഠിനാധ്വാനവുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഈ മഹാമാരിക്കാലത്തും കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ പ്രശംസനീയമായ രീതിയിൽ അധ്യാപക സമൂഹം കഠിനാദ്ധ്വാനം ചെയ്യുകയാണെന്ന് കൂട്ടിച്ചേർത്താണ് അദ്ദേഹം ആശംസാകുറിപ്പ് അവസാനിപ്പിക്കുന്നത്. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

ബാല്യം പിന്നിടുന്നതിനും മുൻപേ ജീവിതത്തോട് ഏറ്റുമുട്ടാൻ കായികാദ്ധ്വാനത്തിനു ഇറങ്ങുന്നവർ ഭൂരിപക്ഷമുള്ള ഭൂതകാലം നമ്മുടെ നാടിനുണ്ടായിരുന്നു. വിദ്യാഭ്യാസത്തിന് ഇന്നുള്ള പ്രാധാന്യവും പ്രചാരവും ലഭിച്ചിരുന്നില്ല. അഞ്ചാം ക്ലാസ് കഴിഞ്ഞയുടനെ പഠിപ്പു നിർത്തി തൊഴിലിലേക്ക് തിരിയുക എന്നതിലേക്ക് നയിക്കപ്പെട്ട വ്യക്തിപരമായ അനുഭവം ആ കാലത്തിന്റെ സംഭാവനയായിരുന്നു. അന്നത്തെ കാലത്ത് അതായിരുന്നു സ്വാഭാവികമായ കാര്യം.

എൻ്റെ കാര്യത്തിൽ അസ്വാഭാവികമായ ഒന്ന് സംഭവിച്ചു. അദ്ധ്യാപകനായ ഗോവിന്ദൻ മാഷ് അമ്മയെ വിളിപ്പിച്ച് മകനെ തുടർന്നും പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ആ പ്രേരണയെ അംഗീകരിക്കുന്നതും ഉൾക്കൊള്ളുന്നതുമായിരുന്നു അമ്മയുടെ വാത്സല്യം. അങ്ങനെ എനിക്കു പഠനം തുടരാൻ സാധിച്ചു. എങ്കിലും എത്രകാലം വിദ്യാർത്ഥി ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയും എന്നുറപ്പില്ലായിരുന്നു. ആ സമയത്താണ്, യുപി സ്കൂൾ അദ്ധ്യാപകനായിരുന്ന ശങ്കരൻ മുൻഷി മാഷ് അമ്മയെ വിളിപ്പിച്ച്, മകനെ 'തോൽക്കുന്നതു വരെ പഠിപ്പിക്കണം' എന്ന് പറയുന്നത്. അങ്ങനെയാണ് എന്റെ വിദ്യാർത്ഥി ജീവിതം തുടർന്നത്.

തിരിഞ്ഞു നോക്കുമ്പോൾ ജീവിതവഴിയിൽ അധ്യാപക ശ്രേഷ്ഠരുടെ കയ്യൊപ്പ് തെളിഞ്ഞു നിക്കുന്നു. അവരുടെ ആത്മാർഥമായ പിന്തുണ ഇല്ലായിരുന്നെങ്കിൽ എൽ.പി സ്കൂളിൽ വച്ചു തന്നെ പഠിപ്പു നിർത്തേണ്ടി വന്നേനെ.

ഇതെൻ്റെ മാത്രം അനുഭവമല്ല. എൻ്റെ തലമുറയുടേയും, ഞങ്ങളെക്കഴിഞ്ഞു വന്ന തലമുറകളുടേയുമെല്ലാം, ഇന്നും തുടർന്നു കൊണ്ടിരിക്കുന്ന അനുഭവമാണ്. ഇന്ന് സമ്പൂർണ്ണ സാക്ഷര കേരളം എന്ന നമ്മുടെ അഭിമാനത്തിന്റെ അടിത്തറയിൽ അദ്ധ്യാപക സമൂഹത്തിൻ്റെ സമർപ്പണത്തിൻ്റേയും കഠിനാദ്ധ്വാനവുമുണ്ട്. ഈ ആധുനിക കേരളത്തിലേയ്ക്ക് നമ്മളെ നയിച്ചതിൽ അധ്യാപക സമൂഹത്തിന് നിർണായകമായ പങ്കുണ്ട്. ഈ മഹാമാരിയുടെ കാലത്ത് പോലും കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ പ്രശംസനീയമായ രീതിയിൽ അധ്യാപക സമൂഹം കഠിനാദ്ധ്വാനം ചെയ്യുകയാണ്.

നാളത്തെ തലമുറയെ, ഇന്നിൻ്റെ പ്രതീക്ഷകളെയാണ് അവർ വാർത്തെടുക്കുന്നത്. ഈ അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപക സമൂഹത്തോട് നമുക്ക് നന്ദി പറയാം. കൂടുതൽ പ്രചോദിതരായി ഈ നാടിനു വേണ്ടി കൂടുതൽ കരുത്തോടെ അദ്ധ്യാപകർക്ക് മുന്നോട്ടു പോകാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.

Follow Us:
Download App:
  • android
  • ios