Asianet News MalayalamAsianet News Malayalam

വിദേശ യാത്ര നീട്ടി മുഖ്യമന്ത്രി; ഇംഗ്ലണ്ടിൽ നിന്ന് നാളെ ദുബൈയിലേക്ക്, ഔദ്യോഗിക പരിപാടികളില്ല

രണ്ട് ദിവസം മുഖ്യമന്ത്രി ദുബൈയിയിൽ ചെലവഴിക്കും. നിലവിൽ മുഖ്യമന്ത്രിക്ക് യുഎഇയിൽ ഔദ്യോഗിക പരിപാടികളില്ല. യൂറോപ്പ് പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി ഇന്ന് നാട്ടിലേക്ക് മടങ്ങും എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. 

Chief Minister Pinarayi Vijayan will return to Dubai
Author
First Published Oct 11, 2022, 2:59 PM IST

ദുബൈ: വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശ യാത്ര നീട്ടി. ഇംഗ്ലണ്ടിൽ നിന്ന് മുഖ്യമന്ത്രി നാളെ ദുബൈയിൽ എത്തും. രണ്ട് ദിവസം മുഖ്യമന്ത്രി ദുബായിയിൽ ചെലവഴിക്കും. നിലവിൽ മുഖ്യമന്ത്രിക്ക് യുഎഇയിൽ ഔദ്യോഗിക പരിപാടികളില്ല. യൂറോപ്പ് പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി ഇന്ന് നാട്ടിലേക്ക് മടങ്ങും എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. 

നിക്ഷേപം കൊണ്ടുവരാനുള്ള വിദേശ പര്യടനത്തിന് മുഖ്യമന്ത്രി ഭാര്യയെയും മകളെയും കൊച്ചുമകനേയും കൊണ്ടുപോയത് വിമർശനങ്ങൾ ഇടയാക്കിയിരുന്നു. നോര്‍വെയിൽ മുഖ്യമന്ത്രിക്കൊപ്പം കൊച്ചുമകനടക്കമുള്ള കുടുംബാഗങ്ങളും ഒപ്പമുണ്ടായിരുന്നു. നോര്‍വെ പിന്നിട്ട് യുകെയിലെത്തുമ്പോൾ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്കൊപ്പം ഭാര്യ പാർവ്വതീദേവിയും ഉണ്ടായികുന്നു. വിദേശ പര്യടനത്തിൽ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടുന്നതിന് പുറമെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും കുടുംബാംഗങ്ങൾ എന്തിനെന്നാണ് ഉയരുന്ന ചോദ്യം. യാത്രയിൽ ദുരൂഹത ഉണ്ടെന്നും മുൻ വിദേശ യാത്രകൾ കൊണ്ട് ഉണ്ടായ ​ഗുണം ജനത്തെ അറിയിക്കണമെന്നും പ്രതിപക്ഷവും ആവശ്യപ്പെട്ടു. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴുള്ള വിദേശയാത്ര തന്നെ വിവാദത്തിലാണ്. ഇതിന് പുറമെയാണ് അധിക ചെലവിനെ കുറിച്ചുള്ള വിമർശനം. 

എന്നാൽ കുടുംബാംഗങ്ങളുടെ യാത്ര സ്വന്തം ചെലവിലാണെന്ന വിശദീകരണമാണ് സർക്കാർ നൽകുന്നത്. അത് അംഗീകരിച്ചാൽ തന്നെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉള്ള പ്രത്യേക പരിഗണന ഈ യാത്രയിൽ കുടുംബാഗംങ്ങൾക്കും കിട്ടുന്നുവെന്നതാണ് യാഥാർത്ഥ്യം. യൂറോപ്യൻ യാത്രാ വിവരം പുറത്തുവന്നപ്പോൾ  ഇതുവരെ പോയിട്ട് എന്ത് കിട്ടിയെന്ന എന്ന ചോദ്യമായിരുന്നു ആദ്യമുയർന്നത്. സന്ദര്‍ശനം തുടങ്ങാൻ നിശ്ചയിച്ച തീയതി കോടിയേരിയുടെ വിയോഗ വാര്‍ത്ത വന്നതിന് പിന്നാലെ പുതുക്കി. ഫിൻലാന്റ് സന്ദര്‍ശനം വെട്ടിച്ചുരുക്കിയിരുന്നു. എന്നാൽ കോടിയേരിയുടെ സംസ്ക്കാരചടങ്ങ് തീർന്നതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രി യാത്ര തുടങ്ങിയത്. അതേസമയം, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെ യാത്രക്കുളള ചെലവ് സർക്കാർ ഖജനാവിൽ നിന്ന് അല്ലെന്നും അത് സ്വന്തം ചെലവിൽ ആണെന്നുമാണ് സർക്കാർ വിശദീകരണം.

Follow Us:
Download App:
  • android
  • ios