തിരുവനന്തപുരം: കേരളത്തിലോ ഇന്ത്യയില്‍ തന്നെയോ കൊവിഡ് രോഗം നിയന്ത്രിതമായി എന്നത് കൊണ്ട് നമ്മൾ സുരക്ഷിതരാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 കേസുകള്‍ സ്ഥിരീകരിക്കപ്പെട്ട ഒരു രാജ്യവും അതിനെ പൂര്‍ണമായി അതിജീവിച്ചിട്ടില്ല. ഇപ്പോഴും ദിവസേന പുതിയ കേസുകള്‍ എല്ലാ രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ലോകത്താകെ കൊവിഡ് ബാധിതതരുടെ എണ്ണം മുപ്പത്തെട്ട് ലക്ഷത്തി ഇരുപതിനായിരമാണ്. രണ്ട് ലക്ഷത്തി അറുപത്തി നാലിയിരത്തോളം പേര്‍ മരിക്കുകയും ചെയ്തു. ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാല്പതിനായിരത്തോട് ആടുക്കുകയാണ്. ഇന്ന് രാവിലത്തെ കണക്കനുരിച്ച് 1981 ആണ് മരണ നിരക്ക്. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ രോഗികളുടെ എണ്ണം ആറായിരം കവിഞ്ഞു. മരണം നാല്പത് ആയി. കര്‍ണാടകത്തില്‍ രോഗികളുടെ എണ്ണം 753ഉം മരണം 33മാണ്. ഏറ്റവും കൂടുതല്‍ പ്രവാസി മലയാളികളുള്ള സംസ്ഥാനങ്ങളിൽ ഒന്നായ മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം ഇരുപതിനായിരത്തോട് അടുക്കുന്നു. മരണസംഖ്യം 73. ഇത്തരമൊരു സാഹചര്യത്തിലാണ് നാം കൊവിഡിലെ പ്രതിരോധിക്കുന്നതെന്ന് മുഖ്യമന്ത്രി പറയുന്നു.

അതുകൊണ്ട് തന്നെ മടങ്ങിയെത്തുന്ന പ്രവാസികളുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതും രോഗവ്യാപനം തടഞ്ഞ് നിര്‍ത്തുന്നതും ഏറ്റവും പ്രധാനപ്പെട്ട ചുമതലയായി ഏറ്റെടുക്കുകയാണ്. സര്‍ക്കാരിന്‍റെ കെയര്‍ സെന്‍ററുകളില്‍ കഴിയുന്നവരേയും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നരേയും ആരോഗ്യപ്രവര്‍ത്തകര്‍ നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കും. എന്തെങ്കിലും ബുദ്ധമുട്ടുണ്ടെങ്കില്‍ അത്തരക്കാർക്ക് ബന്ധപ്പെടാവുന്ന നമ്പറുകള്‍ നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്‍റെ കെയര്‍ സെന്‍ററുകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം 24 മണിക്കൂറും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് ആശുപത്രികളുടെ നിയന്ത്രണത്തിലാണ് ഓരോ കെയര്‍ സെന്‍ററുകളും പ്രവര്‍ത്തിക്കുന്നത്.