85 ശതമാനം സീറ്റുകളിൽ 12 ലക്ഷം രൂപ ഫീസും 15 ശതമാനം എൻആർഐ സീറ്റിൽ 30 ലക്ഷം രൂപ ഫീസും വേണമെന്നാണ് മാനേജ്‍മെന്‍റുകളുടെ ആവശ്യം. ഉയർന്ന ഫീസ് ഘടന സർക്കാർ അംഗീകരിച്ചാൽ 10 ശതമാനം ബിപിഎൽ വിദ്യാർഥികളെ സൗജന്യമായി പഠിപ്പിക്കാമെന്നും മാനേജ്‍മെന്‍റുകൾ വാ​ഗ്‍ദാനം നടത്തിയിട്ടുണ്ട്. 

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിലെ അനിശ്ചിതത്വം തീർക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ സ്വകാര്യ മെഡിക്കൽ മാനേജ്മെന്റുകളുമായി ഇന്ന് ചർച്ച നടത്തും. ഫീസ് കൂട്ടണമെന്ന് ചർച്ചയിൽ ആവശ്യപ്പെടുമെന്ന് മെഡിക്കൽ മാനേജ്മെന്റ് അസോസിയേഷൻ സെക്രട്ടറി അനിൽ വള്ളിൽ പറഞ്ഞു. ആവശ്യം സർക്കാർ അംഗീകരിച്ചില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് മാനേജ്മെന്റുകളുടെ നീക്കം. 

85 ശതമാനം സീറ്റുകളിൽ 12 ലക്ഷം രൂപ ഫീസും 15 ശതമാനം എൻആർഐ സീറ്റിൽ 30 ലക്ഷം രൂപ ഫീസും വേണമെന്നാണ് മാനേജ്‍മെന്‍റുകളുടെ ആവശ്യം. ഉയർന്ന ഫീസ് ഘടന സർക്കാർ അംഗീകരിച്ചാൽ 10 ശതമാനം ബിപിഎൽ വിദ്യാർത്ഥികളെ സൗജന്യമായി പഠിപ്പിക്കാമെന്നും മാനേജ്‍മെന്‍റുകൾ വാ​ഗ്‍ദാനം നടത്തിയിട്ടുണ്ട്. ചർച്ചയിൽ ക്രിസ്ത്യൻ മാനേജ്‍മെന്‍റുകളും ഫീസ് കൂട്ടണമെന്ന് ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, സ്വാശ്രയ മെഡിക്കല്‍ ഫീസ് നിശ്ചയിക്കുന്നത് സര്‍ക്കാർ അല്ലെന്നും മേല്‍നോട്ടസമിതിയാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ഫീസ് കൂട്ടണമെന്ന ആവശ്യം തന്‍റെ മുന്നില്‍ വന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

സ്വാശ്രയ മെഡിക്കൽ മാനേജ്‍മെന്‍റുകളുടെ എതിർപ്പ് അവഗണിച്ച് എംബിബിഎസ് പ്രവേശനം നടത്താൻ കഴിഞ്ഞ ദിവസം സർക്കാർ തീരുമാനിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ ഫീസ് പ്രകാരം പ്രവേശനം നടത്താനായിരുന്നു സർക്കാർ ഉത്തരവിട്ടത്. ഫീസ് നിർണയ സമിതി പിന്നീട് നിശ്ചയിക്കുന്ന ഫീസ് നൽകാമെന്ന് വിദ്യാർഥികളിൽ നിന്ന് എഴുതി വാങ്ങി പ്രവേശനം നടത്താനായിരുന്നു സർക്കാർ ഉത്തരവിൽ പറഞ്ഞിരുന്നത്.

കഴിഞ്ഞ വർഷം ഹൈക്കോടതി റദ്ദാക്കിയ ഫീസ് ഘടനയായതിനാൽ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉടൻ തന്നെ മെഡിക്കൽ മാനേജ്‍മെന്‍റുകൾ വ്യക്തമാക്കിയിരുന്നു. നടപടിക്രമങ്ങളിലെ സാങ്കേതികപ്പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ തവണ ഹൈക്കോടതി സംസ്ഥാന സർക്കാർ മുന്നോട്ടു വച്ച ഫീസ് ഘടന റദ്ദാക്കിയത്. 5.32 - 6.53 ലക്ഷം രൂപ വരെയാണ് സർക്കാർ കഴിഞ്ഞ തവണ നിശ്ചയിച്ച ഫീസ് ഘടന. ഇതാണ് പിന്നീട് ഹൈക്കോടതി റദ്ദാക്കിയത്.

പുതിയ ഫീസ് ഘടന തീരുമാനിക്കാനുള്ള സമിതിയെ ശനിയാഴ്ച നിയമിച്ച് സർക്കാർ ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്. ജസ്റ്റിസ് ആർ രാജേന്ദ്ര ബാബു അധ്യക്ഷനായ അഞ്ചംഗ ഫീസ് നിർണയ സമിതിയെയും ആറംഗ ഫീസ് മേൽനോട്ട സമിതിയെയുമാണ് നിയോഗിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ പുതിയ ഫീസ് ഘടന നിശ്ചയിക്കുമെന്നാണ് ജസ്റ്റിസ് ആർ രാജേന്ദ്രബാബു വ്യക്തമാക്കിയിരിക്കുന്നത്.