മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ 'പുതുയുഗ കേരളം' ലക്ഷ്യമിട്ട് വൻ പദ്ധതികൾ പ്രഖ്യാപിച്ചു. 400 കോടിയുടെ 'മിഷൻ സമുദ്ര' പദ്ധതിയിലൂടെ തീരദേശ വികസനവും, 50 കോടിയുടെ 'തെക്കൻ കേരള എക്കണോമി കോറിഡോർ' പദ്ധതിയിലൂടെ തെക്കൻ ജില്ലകളുടെ സാമ്പത്തിക വളർച്ചയുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് കരയിലും കടലിലും വലിയ വിസ്മയ വികസനം ലക്ഷ്യമിട്ടുള്ള ബജറ്റ് പ്രഖ്യാപനങ്ങളുമായി ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വിഡി സതീശൻ. 'പുതുയുഗ കേരളം' യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപ്ലവകരമായ പദ്ധതികൾ ബജറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്. തീരദേശ മേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും മുൻഗണന നൽകുന്നതാണ് പുതിയ പ്രഖ്യാപനങ്ങൾ. കേരളത്തിന്റെ കടൽത്തീര സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നതിനായി 'മിഷൻ സമുദ്ര' പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. 400 കോടി രൂപയാണ് പദ്ധതിക്കായി വകയിരിത്തിയിരിക്കുന്നത്. തുറമുഖ നഗരമാക്കും: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തെ ലോകോത്തര മാരിടൈം ശക്തിയാക്കി മാറ്റുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കേരളത്തെ പ്രമുഖ തുറമുഖ നഗരമായി വികസിപ്പിക്കും. ഈ വികസന പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തെ തീരമേഖലയിൽ ഉള്ളവർക്ക് വലിയ തോതിൽ തൊഴിൽ ലഭ്യമാക്കാൻ സാധിക്കുമെന്ന് ബജറ്റിൽ വ്യക്തമാക്കുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ റെയിൽ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കും. സംസ്ഥാനത്ത് പുതിയൊരു കപ്പൽ നിർമ്മാണ കേന്ദ്രം ആരംഭിക്കുന്നതിനൊപ്പം, സമുദ്ര പാരമ്പര്യം വിളിച്ചോതുന്ന അന്താരാഷ്ട്ര മാരിടൈം മ്യൂസിയം സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തെക്കൻ കേരള എക്കണോമി കോറിഡോർ

സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളുടെ സാമ്പത്തിക വളർച്ചയ്ക്ക് വേഗത കൂട്ടാൻ 'തെക്കൻ കേരള എക്കണോമി കോറിഡോർ' പദ്ധതിയും ബജറ്റിൽ വിഭാവനം ചെയ്യുന്നു. ഈ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ബന്ധിപ്പിക്കുന്ന ജില്ലകൾ: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ മൂന്ന് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ടാണ് എക്കണോമി കോറിഡോർ സ്ഥാപിക്കുന്നത്. പദ്ധതിയെക്കുറിച്ച് വിശദമായ പഠനം നടത്തുന്നതിനായി ഒരു വിദഗ്ദ്ധ ഏജൻസിയെ ചുമതലപ്പെടുത്തുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ബജറ്റവതരണത്തിൽ കൂടുതൽ പ്രഖ്യാപനങ്ങൾ തുടരുകയാണ്.