Asianet News MalayalamAsianet News Malayalam

മരട് ഫ്ലാറ്റ് പൊളിയ്ക്കൽ കേസ് ഇന്ന് സുപ്രീംകോടതിയിൽ: ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകും

സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് പറഞ്ഞ ചീഫ് സെക്രട്ടറി ഇക്കാര്യത്തിൽ എന്തെങ്കിലും പോരായ്മ ഉണ്ടായാൽ മാപ്പ് തരണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു

chief secretary tom jose will appear supreme court in maradu case
Author
New Delhi, First Published Sep 22, 2019, 10:47 PM IST

ദില്ലി/ കൊച്ചി: മരട് ഫ്ളാറ്റ് കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഹർജിയുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ടോം ജോസ് സുപ്രീം കോടതിയിൽ നേരിട്ട് ഹാജരാകും. കേസ് തിങ്കളാഴ്ച പരിഗണിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകാനായി ചീഫ് സെക്രട്ടറി ടോം ജോസ് ഇന്നലെ രാത്രിയോടെ ദില്ലിയിലെത്തി. കോടതി വിധി നടപ്പാക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകുന്നതാണ് നല്ലതെന്നാണ് സർക്കാരിന് കിട്ടിയ നിയമോപദേശം.

അതിനിടെ മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കാൻ സംസ്ഥാന സർക്കാരിന് താൽപര്യമില്ലെന്നും ഫ്ലാറ്റ് നിർമാതാക്കളുമായി ഒത്തുകളിക്കുകയാണെന്നും ആരോപിച്ചു സുപ്രീംകോടതിയ്ക്ക് പരിസ്ഥിതി സംരക്ഷണ ഗവേഷണ കൗൺസിൽ കത്തയച്ചിരുന്നു. ഈ കത്തും നാളെ സുപ്രീംകോടതി പരിഗണിക്കും. കത്ത് പരിഗണിക്കാനായി സുപ്രീംകോടതി രജിസ്ട്രി ഓഫീസ് റിപ്പോർട്ട് പുറത്തിറക്കിയിരുന്നു.

നേരത്തെ  സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് പറഞ്ഞ ചീഫ് സെക്രട്ടറി ഇക്കാര്യത്തിൽ എന്തെങ്കിലും പോരായ്മ ഉണ്ടായാൽ മാപ്പ് തരണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. മരട് കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

ഫ്ലാറ്റുടമകൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് നൽകി, പൊളിച്ച് മാറ്റാൻ ടെൻഡര്‍ നൽകി, നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി തുടങ്ങിയ കാര്യങ്ങളാണ് സത്യവാങ്മൂലത്തില്‍ ചീഫ് സെക്രട്ടറി വിശദീകരിച്ചിരുന്നത്. കോടതി ഉത്തരവ് നടപ്പാക്കാൻ മദ്രാസ് ഐ ഐ ടിയുടെ വിദഗ്ദ ഉപദേശം കിട്ടിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios