അട്ടപ്പാടി ശിശുമരണവുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോർട്ട് ലഭിച്ചതായി ആരോഗ്യ മന്ത്രി കെ മുരളീധരൻ അറിയിച്ചു. കോട്ടത്തറ ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാനും പീഡിയാട്രിക് ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി

പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണങ്ങൾ പരിഹരിക്കാൻ കൂടുതൽ നടപടികൾ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി കെ മുരളീധരൻ. പല ഡോക്ടർമാർക്കും അട്ടപ്പാടിയിലേക്ക് വരാൻ മടിയെങ്കിലും കൂടുതൽ പേരെ ഉടൻ നിയമിക്കുമെന്ന് മന്ത്രി പറഞ്ഞു. ശിശുമരണങ്ങളിൽ ആരോഗ്യസംവിധാനങ്ങളിലെ പോരായ്മകൾ നേരിട്ട് വിലയിരുത്താൻ ആരോഗ്യ മന്ത്രി അട്ടപ്പാടിയിലെത്തി. അതേസമയം ശിശുമരണങ്ങൾ വർധിക്കുന്നതിൽ പ്രതിഷേധിച്ച് എൽഡിഎഫ് അട്ടപ്പാടിയിൽ കരിദിനം ആചരിച്ചു.

അട്ടപ്പാടിയിലെ ശിശുമരണങ്ങൾ വീണ്ടും ചർച്ചയാകുന്നതിനിടെയാണ് ആരോഗ്യ മന്ത്രി കെ മുരളീധരൻ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിയത്. ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങളും ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളും വിലയിരുത്തി. ആരോഗ്യവകുപ്പിലെ വിദഗ്ധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ പരിശോധിച്ചു. കോട്ടത്തറ ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവുണ്ടെന്ന് മന്ത്രി തന്നെ സമ്മതിച്ചു. പീഡിയാട്രിക് ആംബുലൻസ് എത്തിക്കുന്നതിനൊപ്പം നിയോനാറ്റൽ പീഡിയാട്രി വിഭാഗം വിപുലീകരിക്കും.

ഫീൽഡ് സ്റ്റാഫുകളുടെ എണ്ണവും വർധിപ്പിക്കും. ജനനി ജന്മരക്ഷ പദ്ധതിയിൽ പണത്തിന് പകരം പോഷകാഹാരം നൽകുന്ന കാര്യവും പരിഗണനയിലുണ്ട്. ഫണ്ട് ലഭിക്കാത്തതിനാലാണ് കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം അവതാളത്തിലായതെന്നും കുടിശ്ശിക ഉടൻ നൽകുമെന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടിയിലെ ശിശുമരണങ്ങളിൽ പ്രതിഷേധിച്ചായിരുന്നു എൽഡിഎഫിന്റെ കരിദിനാചരണം. ഡിവൈഎഫ്ഐ അട്ടപ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും നടത്തി.

YouTube video player