Asianet News MalayalamAsianet News Malayalam

കുട്ടികള്‍ക്ക് പടം വരയ്‌ക്കാം, ടി.വി കാണാം; സംസ്ഥാനത്തെ 75 പൊലീസ് സ്റ്റേഷനുകളില്‍ ശിശു സൗഹൃദ ഇടങ്ങളൊരുക്കി

വിവിധ ആവശ്യങ്ങള്‍ക്കായി പൊലീസ് സ്റ്റേഷനില്‍ എത്തുന്ന മാതാപിതാക്കളോടൊപ്പം വരുന്ന കുട്ടികള്‍ക്ക് ഭയരഹിതരായി സമയം ചെലവഴിക്കാന്‍ ഈ സംവിധാനം ഉപകരിക്കും. ടി.വി, പുസ്തകങ്ങള്‍, ചിത്രം വരയ്ക്കാനുള്ള സൗകര്യങ്ങള്‍ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. 

Child friendly facilities in 75 police stations inaugurated in Kerala
Author
Thiruvananthapuram, First Published Jul 16, 2020, 9:14 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ 75 പൊലീസ് സ്റ്റേഷനുകളിൽ കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ സ്ഥലവും സംവിധാനങ്ങളും അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഉദ്ഘാടനം ചെയ്തു. 75 പൊലീസ് സ്റ്റേഷനുകളിലെയും ശിശുസൗഹൃദ ഇടങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത വീഡിയോ കോണ്‍ഫറന്‍സും സംഘടിപ്പിച്ചു.

അടുത്ത മൂന്ന് വര്‍ഷത്തിനകം സംസ്ഥാനത്തെ 482 പൊലീസ് സ്റ്റേഷനുകളിലും ശിശു സൗഹൃദ ഇടങ്ങള്‍ സ്ഥാപിക്കുമെന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങില്‍ പങ്കെടുത്ത സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വിവിധ ആവശ്യങ്ങള്‍ക്കായി പൊലീസ് സ്റ്റേഷനില്‍ എത്തുന്ന മാതാപിതാക്കളോടൊപ്പം വരുന്ന കുട്ടികള്‍ക്ക് ഭയരഹിതരായി സമയം ചെലവഴിക്കാന്‍ ഈ സംവിധാനം ഉപകരിക്കും. ടി.വി, പുസ്തകങ്ങള്‍, ചിത്രം വരയ്ക്കാനുള്ള സൗകര്യങ്ങള്‍ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികളോട് സ്നേഹത്തോടെ പെരുമാറാന്‍ കഴിയുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അതേ മാനസികാവസ്ഥ തന്നെ സമൂഹത്തോടും കാണിക്കാനാവുമെന്ന് സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ മുതല്‍ എല്ലാ ജീവനക്കാരും കുട്ടികളോട് സ്നേഹത്തോടെ പെരുമാറേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം വിവരിച്ചു. 

മാതാപിതാക്കള്‍, അധ്യാപകര്‍, സമൂഹം എന്നിവരുടെ സഹായത്തോടെ എല്ലാ കുട്ടികള്‍ക്കും അദൃശ്യമായ സുരക്ഷാവലയം തീര്‍ക്കുകയാണ് പൊലീസ് സ്റ്റേഷനുകളിലെ ശിശുസൗഹൃദ ഇടങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുക, കുട്ടികളെ അവരുടെ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്‍മാരാക്കുക, കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആത്മവിശ്വാസത്തോടെ സമീപിക്കാവുന്ന നീതിയുടെ കേന്ദ്രങ്ങളായി പൊലീസ് സ്റ്റേഷനുകളെ മാറ്റുക തുടങ്ങിയവയാണ് ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകള്‍ കൊണ്ട് ലക്ഷ്യമാക്കുന്നത്. അതത് പ്രദേശങ്ങളിലെ കുട്ടികളിലേയ്ക്ക് എത്തിപ്പെടാനും അത്തരം കുട്ടികളുടെ മാനസികസംഘര്‍ഷങ്ങള്‍ മനസ്സിലാക്കി സമയോചിതമായ ഇടപെടലുകള്‍ നടത്താനും ചൈല്‍ഡ് ഫ്രണ്ട്‌ലി പൊലീസ് സ്റ്റേഷനുകള്‍ക്ക് സാധിക്കും.

എ.ഡി.ജി.പിമാരായ ഡോ.ഷേയ്ക്ക് ദര്‍വേഷ് സാഹിബ്, മനോജ് എബ്രഹാം, ഐ.ജിമാരായ ബല്‍റാം കുമാര്‍ ഉപാധ്യായ, ഹര്‍ഷിത അത്തലൂരി, പി.വിജയന്‍ എന്നിവരും മുതിര്‍ന്ന ഓഫീസര്‍മാരും ഓണ്‍ലൈന്‍ ചടങ്ങില്‍ പങ്കെടുത്തു. യുണിസെഫ് ചെന്നൈ മേഖല സോഷ്യല്‍ പോളിസി മേധാവി ഡോ.പിനാകി ചക്രവര്‍ത്തി, സിനിമാ താരം പേളി മാണി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു.

പൊലീസ് സ്റ്റേഷനുകളില്‍ ശിശു സൗഹൃദ ഇടം  ഒരുക്കുന്ന പദ്ധതിയുടെ മൂന്നാം ഘട്ടമാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍, കൊല്ലം ഈസ്റ്റ്, എറണാകുളം കടവന്ത്ര, തൃശൂര്‍ ഈസ്റ്റ്, കോഴിക്കോട് ടൗണ്‍, കണ്ണൂര്‍ ടൗണ്‍ എന്നീ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയും സ്റ്റേഷനുകളില്‍ ശിശു സൗഹൃദ ഇടം ഒരുക്കിയുമാണ് ഒന്നാംഘട്ടത്തിന് തുടക്കം കുറിച്ചത്. 2018-19 പ്ലാന്‍ ഫണ്ടിലുള്‍പ്പെടുത്തി 54 പൊലീസ് സ്റ്റേഷനുകള്‍ കൂടി ശിശു സൗഹൃദമാക്കി  മാറ്റുന്നതായിരുന്നു രണ്ടാം ഘട്ടം. 50 പൊലീസ് സ്റ്റേഷനുകളിലേയ്ക്കു കൂടി പദ്ധതി വ്യാപിപ്പിച്ചാണ് മൂന്നാംഘട്ടം നടപ്പിലാക്കിയത്. 

കലയോടൊപ്പം പഠനത്തിലും തിളക്കമാർന്ന വിജയം; 1200 ൽ 1200 മാർക്കും വാങ്ങി ദൃശ്യ

Follow Us:
Download App:
  • android
  • ios