ഓരോ ഭാഗങ്ങള്‍ വരയ്ക്കുമ്പോഴും കുഞ്ഞിനോട് വിവരങ്ങള്‍ ചോദിക്കുമ്പോള്‍  അവള്‍ക്ക് നല്ല ധാരണയുണ്ടായിരുന്നുവെന്ന് ഷാജിത്ത്  പറഞ്ഞു. പ്രതികളുമായി രണ്ട് ദിവസത്തെ പരിചയമുണ്ടായിരുന്നത് കൊണ്ടുതന്നെ കുഞ്ഞിന് അവരെക്കുറിച്ച് നല്ല വ്യക്തതയുണ്ടായിരുന്നു. 

കൊല്ലം: തന്നെ തട്ടിക്കൊണ്ടു പോയവരുടെ രൂപത്തെക്കുറിച്ച് ആറ് വയസുകാരിക്ക് നല്ല വ്യക്തതയുണ്ടായിരുന്നുവെന്ന് രേഖാചിത്രം തയ്യാറാക്കിയ ഷാജിത്തും ഭാര്യ സ്മിതയും പറഞ്ഞു. കുട്ടിയ്ക്ക് വ്യക്തതയുണ്ടായിരുന്നത് ചിത്രം തയ്യാറാക്കാന്‍ ഏറെ സഹായകമായെന്നും ഷാജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെ പറഞ്ഞു. 

'ആറ് വയസുകാരിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് ചിത്രം വരയ്ക്കുന്നത് വെല്ലുവിളി തന്നെയായിരുന്നു. കൊല്ലം വിക്ടോറിയ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്ന സമയത്താണ് കുട്ടിയുടെ അടുത്തേക്ക് ചെല്ലുന്നത്. ആറ് വയസുകാരിയുടെ പ്രായം ഉള്‍ക്കൊണ്ടുതന്നെ കുട്ടിയെ കളിപ്പിച്ചുകൊണ്ടാണ് തട്ടിക്കൊണ്ടു പോയവരെ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. കഴിഞ്ഞ കുറേ കാലങ്ങളായി കുട്ടികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവരാണ് തങ്ങള്‍ രണ്ട് പേരും. അതുകൊണ്ടുതന്നെ എളുപ്പത്തില്‍ തങ്ങളുമായി കൂട്ടുകൂടാന്‍ കുട്ടിക്ക് പറ്റി'.

ഒരാള്‍ പറയുന്ന വിവരങ്ങള്‍ ചേര്‍ത്തുവെച്ച് ചിത്രം വരയ്ക്കണമെന്നതിനാല്‍ ആ നിലയ്ക്കുള്ള ഒരു റിസ്ക് ഈ വരയിലുണ്ടായിരുന്നു. എന്നാല്‍ ഓരോ കാര്യങ്ങളും ചോദിക്കുമ്പോള്‍ നല്ല വ്യക്തതയോടെയും ധാരണയോടെയും തന്നെയാണ് കുട്ടി മറുപടി പറഞ്ഞത്. അത് ഏറെ സഹായകരമായി. ഓരോ ഭാഗങ്ങള്‍ വരയ്ക്കുമ്പോഴും കുഞ്ഞിനോട് വിവരങ്ങള്‍ ചോദിക്കുമ്പോള്‍ അവള്‍ക്ക് നല്ല ധാരണയുണ്ടായിരുന്നുവെന്ന് ഷാജിത്ത് പറഞ്ഞു. പ്രതികളുമായി രണ്ട് ദിവസത്തെ പരിചയമുണ്ടായിരുന്നത് കൊണ്ടുതന്നെ കുഞ്ഞിന് അവരെക്കുറിച്ച് നല്ല വ്യക്തതയുണ്ടായിരുന്നു. ആരൊക്കെയാണ്, എങ്ങനെയാണ് അവരുടെ രൂപം എങ്ങനെയാണ് എന്നൊക്കെ വ്യക്തമായി കുട്ടി പറഞ്ഞുതന്നു. ഇപ്പോള്‍ അറസ്റ്റിലായ വ്യക്തിയുടെ ചിത്രം വരച്ചപ്പോള്‍ മീശയ്ക്കിടയിലെ ഗ്യാപ് ഉള്‍പ്പെടെ എല്ലാം പറഞ്ഞുതന്നു. ഇക്കാര്യങ്ങളെല്ലാം കുട്ടി നന്നായി ശ്രദ്ധിച്ചിരുന്നു. ഇത് ഏറെ സഹായകമായിരുന്നുവെന്നും ഷാജിത്തും സ്മിതയും പറഞ്ഞു.

ഇതാദ്യമായാണ് പൊലീസിന് വേണ്ടി ഷാജിത്തും ഭാര്യ സ്മിതയും രേഖാ ചിത്രം വരയ്ക്കുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം നടന്ന ദിവസം രാത്രി എ.സി.പി പ്രദീപ് കുമാര്‍ വിളിക്കുകയും രേഖാ ചിത്രം തയ്യാറാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. കുഞ്ഞിനെ കാണാതായ ദിവസം എല്ലാവരും വല്ലാത്തൊരു അവസ്ഥയിലുമായിരുന്നു. ആ സന്ദര്‍ഭത്തില്‍ കുട്ടിയെ കണ്ടെത്താന്‍ നമ്മളാല്‍ ആവുന്നത് ചെയ്യണമെന്നു തന്നെ തോന്നുകയും ചെയ്തു. കഴിഞ്ഞ പത്ത് പതിനഞ്ച് വര്‍ഷമായി ചിത്രകലാ രംഗത്തു തന്നെ നില്‍ക്കുന്നവരാണ് തങ്ങള്‍ രണ്ട് പേരുമെങ്കിലും രേഖാ ചിത്രം തയ്യാറാക്കുന്നത് ഇതാദ്യമായാണെന്നും ഇരുവരും പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...