Asianet News MalayalamAsianet News Malayalam

Pink Police : മൊബൈൽ മോഷണമെന്ന പേരിലെ പിങ്ക് പൊലീസ് പരസ്യ വിചാരണ: ബാലാവകാശ കമ്മീഷന്‍റെ നിർണായക ഇടപെടൽ

കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് പൊലീസിന് ബോധവത്ക്കരണം നൽകണമെന്നും ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. 

Child Rights Commission instructions to take case under Juvenile Justice Act on Pink Police Public harassment
Author
Thiruvananthapuram, First Published Nov 26, 2021, 4:39 PM IST

തിരുവനന്തപുരം: മൊബൈൽ ഫോൺ മോഷണമാരോപിച്ച് ആറ്റിങ്ങലിൽ പിങ്ക് പൊലീസ് (Pink Police) എട്ടു വയസുകാരിയെയും അച്ഛനെയും പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ മൂന്ന് മാസത്തിന് ശേഷം നടപടിക്ക് നിർദ്ദേശിച്ച് ബാലാവകാശ കമ്മീഷൻ. ബാലനീതി നിയമപ്രകാരം കേസ് എടുക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഡിജിപിക്ക് നിർദ്ദേശം നൽകി. കുട്ടികളെ പരസ്യമായി അപമാനിക്കുന്ന വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്യണം. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് പൊലീസിന് ബോധവത്ക്കരണം നൽകണമെന്നും ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. 

ഓഗസ്റ്റ് 27നാണ് മോഷണക്കുറ്റം ആരോപിച്ച് തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ  രജിത പരസ്യമായി നടുറോട്ടിൽ ചോദ്യം ചെയ്തത്.  മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നായിരുന്നു ആരോപണം. എന്നാൽ ഫോൺ ഉദ്യോഗസ്ഥയുടെ ഹാന്‍റ്ബാഗിൽ തന്നെ ഉണ്ടെന്ന് പിന്നീട് കണ്ടെത്തി. പൊലീസ് വാഹനത്തിലെ ബാഗിൽ നിന്നും മൊബൈൽ കിട്ടിയിട്ടും നാട്ടുകാരുടെ മുന്നിൽ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയാണ് ചെയ്തത്.

ഇല്ലാത്ത മോഷണത്തിന്റെ പേരിൽ  പൊലീസ് ഉദ്യോഗസ്ഥയുടെ പരസ്യവിചാരണ നേരിട്ട ജയചന്ദ്രനും  മകളും മൂന്ന് മാസമായി നീതിക്ക് വേണ്ടി സർക്കാർ സ്ഥാപനങ്ങൾ കയറിയിറങ്ങുകയാണ്. തെറ്റു ചെയ്തിട്ടും പൊലീസ് ഉദ്യോഗസ്ഥയെ കൊല്ലത്തേക്ക് സ്ഥലം മാറ്റി നടപടികൾ അവസാനിപ്പിച്ചു.

പൊലീസുകാരുടെ പരസ്യവിചാരണ  എട്ടുവയസുകാരിയുടെ കുഞ്ഞുമനസിനെ തളർത്തി.  വിചാരണ നേരിട്ട് എട്ടുവയസുകാരി ഇപ്പോഴും കൗൺസിലിംഗിന് വിധേയയാകുന്നു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിനെ തുടർന്ന് ബാലാവകാശകമ്മീഷൻ ഉടൻ ഇടപെട്ടു. പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥയെ വെള്ളപൂശുന്ന റിപ്പോർട്ടാണ് ഡിവൈഎസ്പി നൽകിയത്. തുടർന്ന് ജയചന്ദ്രൻ ഡിജിപിക്ക് പരാതി നൽകി. ഓഗസ്റ്റ് 31ന് ഐജി ഹർഷിത അട്ടല്ലൂരിയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ട് ഡിജിപി ഉത്തരവിട്ടു. എന്നാൽ പൊലീസ് റിപ്പോർട്ട് പഴയ പടി തന്നെയായിരുന്നു. ജാഗ്രതക്കുറവ് മാത്രമാണ് രജിതയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഐജിയുടേയും റിപ്പോർട്ട്. 

നീതി നേടിഎസ് എസി എസ് ടി കമ്മീഷനെയും ജയചന്ദ്രൻ സമീപിച്ചു. പൊലീസ് ഉദ്യോഗസ്ഥയെ യൂണിഫോം ധരിച്ചുള്ള ജോലികളിൽ നിന്ന് ഒഴിവാക്കണമെന്ന് എസ് സി എസ് ടി കമ്മീഷൻ പൊലീസിന് നിർദ്ദേശം നൽകി. ബാലനീതി നിയമപ്രകാരം കേസ് എടുക്കണമെന്നും കമ്മീഷൻ ഡിജിപിക്ക് നിർദ്ദേശം നൽകിയിട്ടും ഇതുവരെ നടപടിയില്ല. ഒക്ടോബർ അഞ്ചിന് ജയചന്ദ്രനും കുഞ്ഞും മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനം നൽകി. അനുകൂലസമീപനമുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് നൽകിയെങ്കിലും എന്നാൽ രജിത എന്ന പൊലീസ് ഉദ്യോഗസ്ഥ ഇപ്പോഴും കൊല്ലം സിറ്റിയിൽ ജോലി ചെയ്യുന്നുണ്ട്. 

 

Follow Us:
Download App:
  • android
  • ios