മിനുട്സ് തിരുത്തിയത് ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാർ എന്ന് ഉറപ്പാക്കാനായി കയ്യക്ഷരം പരിശോധിക്കും. ഇതിനായി കയ്യക്ഷര സാമ്പിൾ ശേഖരിച്ചു. കുറ്റപത്രം നൽകുന്നതിന്റെ ഭാഗമായാണ് നടപടി.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സ്വർണ്ണം ചെമ്പാക്കിയതിന്റെ രേഖകൾ ശാസ്ത്രീയ പരിശോധന നടത്തും. മിനുട്സ് തിരുത്തിയത് ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാർ എന്ന് ഉറപ്പാക്കാനായി കയ്യക്ഷരം പരിശോധിക്കും. ഇതിനായി കയ്യക്ഷര സാമ്പിൾ ശേഖരിച്ചു. കുറ്റപത്രം നൽകുന്നതിന്റെ ഭാഗമായാണ് നടപടി. എന്നാൽ കുറ്റപത്രം നൽകാൻ കടമ്പകൾ ഏറെയാണ്.
ജീവനക്കാർക്കെതിരെ കുറ്റപത്രം നൽകാൻ പ്രോസിക്യൂഷൻ അനുമതി വേണം. അനുമതി നൽകേണ്ടത് സർക്കാരും ബോർഡുമാണ്. അന്വേഷണം പൂർത്തിയായാൽ മാത്രമേ അനുമതി തേടാൻ കഴിയൂ. എഫ്എസ്എൽ റിപ്പോർട്ട് കിട്ടാനും പ്രോസിക്യൂഷൻ അനുമതി കിട്ടാനും ദിവസങ്ങൾ വേണ്ടിവരും. കുറ്റപത്രം സമർപ്പിക്കുന്നത് വൈകും എന്നത് വ്യക്തമാണ്. മുരാരി ബാബുവിനെ പോലെ പല പ്രതികളും ഇതിനിടയിൽ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങും. പ്രതികൾ പുറത്തിറങ്ങുന്നത് ത്തെളിവുകൾ നശിപ്പിക്കാൻ ഇടയാക്കും എന്ന ആരോപണം പ്രതിപക്ഷം ഇതിനകം ഉന്നയിച്ചുകഴിഞ്ഞു.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങുന്നത് തടയാനുള്ള നീക്കവുമായി പൊലീസ്. പോറ്റിക്കെതിരെ പുതിയ കേസുകൾ എടുക്കാനാണ് പൊലീസിൻ്റെ നീക്കം. റിയൽ എസ്റ്റേറ്റ്, ചെക്ക് തട്ടിപ്പ് പരാതികളിൽ പോറ്റിക്കെതിരെ കേസെടുത്തേക്കും. തിരുവനന്തപുരത്തെ വിവിധ സ്റ്റേഷനുകളിൽ പോറ്റിക്കെതിരെ നേരത്തെ പരാതികൾ എത്തിയിരുന്നു. ഈ പരാതികളിൽ കേസെടുത്ത് സ്വർണക്കൊള്ള കേസിൽ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങുന്നത് തടയാനാണ് പൊലീസിൻ്റെ തീരുമാനം. അതേസമയം, കട്ടിളപാളി കേസിൽ പോറ്റി അറസ്റ്റിലായിട്ട് ഫെബ്രുവരി രണ്ടിന് 90 ദിവസം കഴിയും.



