തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ നിയമന വിവാദം കൊഴുക്കുന്നതിനിടെ വിശദീകരണവുമായി മനോജ് കുമാര്‍. യോഗ്യത തീരുമാനിക്കേണ്ടവര്‍ തീരുമാനിച്ചിട്ടുണ്ടെന്നായിരുന്നു മനോജ് കുമാറിന്‍റെ വിശദീകരണം. ചുമതല നല്‍കിയവര്‍ക്ക് താന്‍ ജോലി ചെയ്യും എന്ന ബോധ്യമുണ്ട്. ബാലാവകാശ രംഗത്തെ മുൻ പരിചയത്തെക്കുറിച്ച് പ്രതികരിക്കേണ്ടതില്ല. മുഖ്യമന്ത്രിയുമായുള്ള ബന്ധം കൊണ്ടല്ല നിയമനം. പിടിഎ കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ച മുന്‍പരിചയമുണ്ടെന്നും മനോജ് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ബാലാവകാശ കമ്മീഷ അധ്യക്ഷ സ്ഥാനത്ത് സിപിഎം നോമിനി കെ വി മനോജ് കുമാറിനെ നിയമിച്ച നടപടി വലിയ വിവാദമായിരുന്നു. ജില്ലാ ജഡ്‍ജിമാരെ അടക്കം മറികടന്നാണ് തലശേരിയിലെ മുൻ പിടിഎ അംഗത്തെ സർക്കാർ നിയമിച്ചത്. പോക്സോ വിധികളിലൂടെ ശ്രദ്ധേയനായ കാസർകോട് ജില്ലാ ജഡ്‍ജി എസ് എച്ച് പഞ്ചാപകേശൻ, മറ്റൊരു ജഡ്‍ജി ടി ഇന്ദിര ഒപ്പം അരഡസൻ ബാലാവകാശ പ്രവർത്തകരെയും തഴഞ്ഞാണ് യോഗ്യതയിൽ പിന്നിൽ നിന്ന കെ വി മനോജ് കുമാറിനെ നിയമിക്കുന്നത്. 

പിടിഎ പ്രവർത്തനമാണ് പ്രധാന യോഗ്യതയായി മനോജ് കുമാര്‍  സാമൂഹ്യനീതി വകുപ്പിനെ അറിയിച്ചത്. സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ നേതൃത്വം നൽകിയ അഭിമുഖ പാനലാണ് യോഗ്യരെ മറികടന്ന് മനോജിനെ ഒന്നാമനാക്കിയത്. പിന്നാലെ മന്ത്രിസഭാ അംഗീകാരവും ലഭിക്കുകയായിരുന്നു. അതേസമയം ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മനോജ് കുമാര്‍ പരമയോഗ്യനാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മനോജ് പരമയോഗ്യനായ ആളാണ്, നല്ലരീതിയില്‍ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പറ്റും, നല്ല ചുറുചുറുക്കുള്ള ആളാണെന്നും ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി  പറഞ്ഞിരുന്നു. 
 

Read More: 'മനോജ് കുമാര്‍ പരമയോഗ്യന്‍'; ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ നിയമന വിവാദത്തില്‍ മുഖ്യമന്ത്രി