ഡിഎൻഎ ഫലം നെഗറ്റീവായെന്നതിന്‍റെ പേരില്‍  മാത്രം പീഡിപ്പിച്ചെന്ന പരാതി സത്യമല്ലാതാകുന്നില്ലെന്നും പെൺകുട്ടിക്ക് നേരെ സൈബര്‍ ആക്രമണം നടത്തിയാല്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും സിഡബ്ലിയുസി മുന്നറിയിപ്പ് നല്‍കി.

മലപ്പുറം: തെന്നല പോക്സോ കേസില്‍ ഇരയായ പെൺകുട്ടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നവര്‍ക്ക് സിഡബ്ലിയുസിയുടെ മുന്നറിയിപ്പ്. ഡിഎൻഎ ഫലം നെഗറ്റീവായെന്നതിന്‍റെ പേരില്‍ മാത്രം പീഡിപ്പിച്ചെന്ന പരാതി സത്യമല്ലാതാകുന്നില്ലെന്നും പെൺകുട്ടിക്ക് നേരെ സൈബര്‍ ആക്രമണം നടത്തിയാല്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും സിഡബ്ലിയുസി മുന്നറിയിപ്പ് നല്‍കി.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയെന്ന പരാതിയിൽ അറസ്റ്റിലായ തെന്നല സ്വദേശിയുടെ ഡിഎൻഎ ഫലം നെഗറ്റീവായതോടെ കോടതി ജാമ്യം നല്‍കിയിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിയെ വിമര്‍ശിച്ച് വ്യാപകമായ പ്രചാരണമുണ്ടായി. നിരപരാധിയായ യുവാവിനെ കള്ളക്കേസില്‍ കുടുക്കിയെന്ന നിലയിലായിരുന്നു പ്രചാരണം. എന്നാല്‍ കേസ് അന്വേഷണത്തിലും പ്രതിയെ കണ്ടെത്തിയതിലും പൊലീസിന് വീഴ്ച്ച ഉണ്ടായിട്ടില്ലെന്നാണ് ജില്ലാ സിഡബ്ലിയുസിയുടെ നിലപാട്. കേസിലുള്ള മറ്റ് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പെൺകുട്ടിക്ക് കൗൺസിലിംഗ് അടക്കം നല്‍കി മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് തിരൂരങ്ങാടി പൊലീസ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.