Asianet News MalayalamAsianet News Malayalam

അതിർത്തി കടന്ന് കേരളത്തിലെത്തിയ കുട്ടിക്ക് കൊവിഡെന്ന് തമിഴ്‌നാടിന്റെ പരിശോധനാ ഫലം

ചെന്നൈയിൽ മാത്രം ഇന്ന് 316 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 5409 ലേക്കെത്തി

Child who reached trivandrum from chennai confirmed covid by TN authorities
Author
Thiruvananthapuram, First Published May 7, 2020, 11:28 PM IST

തിരുവനന്തപുരം: ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് വന്ന കുട്ടിക്ക് കൊവിഡ് രോഗം ഉണ്ടെന്ന് സ്ഥിരീകരിച്ച് തമിഴ്‌നാട്. തിരുവനന്തപുരത്തേക്ക് വന്ന കുട്ടിയെ ഇതോടെ ആശുപത്രിയിലേക്ക് മാറ്റി. ചെന്നൈയിൽ നിന്ന് കുടുംബാംഗങ്ങൾക്ക് ഒപ്പം ചൊവ്വാഴ്ചയാണ് കുട്ടി കേരളത്തിലെത്തിയത്. കുട്ടിയുടെ സ്രവം കേരളവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ചെന്നൈയിൽ മാത്രം ഇന്ന് 316 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 5409 ലേക്കെത്തി. സംസ്ഥാനത്ത് ഇന്ന് മാത്രം 580 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം കേരളത്തിൽ ഇന്ന് ആർക്കും കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടില്ല. അഞ്ച് പേർക്ക് രോഗം ഭേദമാവുകയും ചെയ്തു. ഇനി 25 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 474 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 16,693 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 16,383 പേര്‍ വീടുകളിലും 310 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 131 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 35,171 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 34,519 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. 

ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 3035 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 2337 സാമ്പിളുകള്‍ നെഗറ്റീവായി.

Follow Us:
Download App:
  • android
  • ios