വയനാട്: കനത്ത മഴയിൽ സർവ്വതും നഷ്ടമായെന്ന് ഓർത്ത് ദുരിതാശ്വാസ ക്യാമ്പിൽ വിഷമിച്ചിരിക്കാനൊന്നും കുട്ടികള്‍ ഒരുക്കമല്ല. ആടിയും പാടിയും ആഘോഷമാക്കി പെയ്തിറങ്ങിയ ദുരിതമെല്ലാം മറക്കുകയാണിവര്‍.

അഞ്ഞൂറോളം ദുരിതബാധിതര്‍ താമസക്കുന്ന മുണ്ടേരി ഹയര്‍സെക്കണ്ടറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികളെല്ലാം ആഘോഷതിമര്‍പ്പിലാണ്. സ്കൂളിലെ പൂര്‍വവിദ്യാര്‍ഥികളാണ് കുട്ടികളുടെ ആഘോഷങ്ങൾക്ക് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ വർഷം പ്രളയം ഉണ്ടായ സമയത്ത് ഇത്തരത്തില്‍ ക്യാമ്പുകളില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരുന്നതായി സ്കൂളിലെ പൂർവ്വ വിദ്യാർഥിയായ ഷാരുൺ പറഞ്ഞു.

മഴക്കെടുതിയിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന ജില്ലയാണ് വയനാട്. കനത്തമഴയും മണ്ണിടിച്ചിലും ഉരുൾപൊട്ടലിലുമായ നിരവധി പേർക്കാണ് ജീവനും ജീവിതവും നഷ്ടമായത്. കല്‍പറ്റയില്‍ കാലവര്‍ഷം കനത്തപ്പോള്‍ മണിയങ്കോട്, മുണ്ടേരി, മരവയല്‍ തുടങ്ങിയങ്ങളിലാണ് ആദ്യം വെള്ളം കയറിയത്. പ്രദേശത്തെ വീടുകളില്‍നിന്നെല്ലാം വെള്ളമിറങ്ങുന്നതുവരെ ക്യാമ്പുകളിൽ തന്നെ തുടരാണ് കുടുംബങ്ങളുടെ തീരുമാനം.