രണ്ടായിരത്തി മൂന്നിലാണ് ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം 301 ആദിവാസി കുടുംബങ്ങൾക്ക്  ചിന്നക്കനാലിൽ ഭൂമി അനുവദിച്ചത്. 

ഇടുക്കി: ഇടുക്കി ചിന്നക്കനാല്‍ 301 കോളനിയിലെ ആദിവാസികളെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഇടുക്കി ജില്ലാ കളക്ടര്‍ക്ക് റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശം. പട്ടിക വര്‍ഗ്ഗ ഏകോപന സമിതി നല്‍കിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാർ നടപടി.

രണ്ടായിരത്തി മൂന്നിലാണ് ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം 301 ആദിവാസി കുടുംബങ്ങൾക്ക് ചിന്നക്കനാലിൽ ഭൂമി അനുവദിച്ചത്. വന്യമൃഗ ആക്രമണം മൂലം ഭൂരിഭാഗം പേരും സ്ഥലം ഉപേക്ഷിച്ച് പോയി. 40 ൽ താഴെ കുടുംബങ്ങൾ മാത്രമാണ് ഇപ്പോഴിവിടെ താമസിക്കുന്നത്. ആനകളുടെ താവളമായിരുന്ന ഇവിടെ ആളുകളെ താമസിപ്പിച്ചതാണ് ഇപ്പോഴത്തെ കാട്ടാന ആക്രമണത്തിന് കാരണമെന്നാണ് വനംവകുപ്പിൻറെ കണ്ടെത്തൽ. ഇവരെ പുരധിവസിപ്പിക്കാൻ കഴിയുമോയെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. ഇതേ തുടർന്നാണ് പട്ടിക വര്‍ഗ്ഗ ഏകോപന സമിതി റവന്യൂ – വനം വകുപ്പ് മന്ത്രിമാർക്ക് നിവേദനം നല്‍കിയത്.

നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ആദിവാസികള്‍ക്ക് പകരം ഭൂമി നല്‍കി പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ മന്ത്രി കെ രാജന്‍ നിര്‍ദ്ദേശം നല്‍കിയത്. അ‍ർഹമായ നഷ്ടപരിഹാരം ലഭിച്ചാൽ കോളനിയിൽ നിന്നും ഒഴിയാൻ ചിലർ തയ്യാറാണ്. അതേ സമയം രണ്ട് പതിറ്റാണ്ടിലധികമായി കൃഷി ചെയ്ത് ജീവിക്കുന്ന മുന്നൂറ്റിയൊന്ന് കോളനിയില്‍ നിന്നും കുടിയൊഴിയില്ലെന്ന നിലപാടിലാണ് കൂടുതൽ പേരും. പുനരധിവാസം സംബന്ധിച്ച് പട്ടക വർഗ്ഗ വകുപ്പ് അഭിപ്രായം ആരാഞ്ഞപ്പോഴും ഇതാണിവരെടുത്ത നിലപാട്. അടുത്ത ദിവസം റവന്യൂ വകുപ്പ് സ്ഥലത്ത് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കും.

മനുഷ്യ - വന്യമൃഗ സംഘർഷം: ഇടുക്കിയിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു

301 കോളനിയിലെ ആദിവാസികളെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ നിര്‍ദ്ദേശം