'യുവതലമുറ വഴിതെറ്റാതിരിക്കാൻ കല, കായിക ഇടങ്ങൾ ശക്തമാകുകയാണ് വേണ്ടത്'
തിരുവനന്തപുരം: സമൂഹത്തിലെ കൂടി വരുന്ന അക്രമ സംഭവങ്ങളിലും ലഹരി ഉപയോഗത്തിലും ജാഗ്രതാ സന്ദേശവുമായി ഏഷ്യാനെറ്റ് ന്യൂസ് നടത്തുന്ന ലൈവത്തോണിൽ പങ്കെടുത്ത ചിന്ത ജേറോമും ആൻ സെബാസ്റ്റ്യനും ലഹരി ഉപയോഗത്തിനെതിരായ ബോധവത്കരണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. വിദ്യാർഥികളും യുവാക്കളും ലഹരിയുടെ ക്യാരിയേഴ്സ് ആയി പിടിക്കപ്പെടുന്നത് കണ്ടിട്ടുണ്ടെന്നും യുവതലമുറ വഴിതെറ്റാതിരിക്കാൻ കല, കായിക ഇടങ്ങൾ ശക്തമാകുകയാണ് വേണ്ടതെന്ന് ചിന്ത ചൂണ്ടികാട്ടി. ലഹരി ഉപയോഗിക്കുന്നവരല്ല, അത്തരത്തിൽ ഒന്നിനും അടിമപ്പെടാത്ത തലച്ചോറുള്ളവരാണ് ക്യാമ്പസുകളിൽ ട്രെൻഡായി മാറേണ്ടതെന്നും ലഹരി വിരുദ്ധ ക്യാമ്പയിനാകണം എല്ലാ വിദ്യാർഥി സംഘടനകളും ശക്തമായി ഏറ്റെടുക്കേണ്ടതെന്നുമാണ് ആൻ സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടത്.

മാധ്യമ ധർമ്മം ഉയർത്തിപ്പിടിച്ചുകൊണ്ട് ഈ വിഷയം ഏറ്റെടുത്തതിൽ ഏഷ്യാനെറ്റ് ന്യൂസിനെ അഭിനന്ദിച്ചുകൊണ്ടാണ് യുവജന കമ്മീഷൻ മുൻ അധ്യക്ഷയും സി പി എം സംസ്ഥാന സമിതി അംഗവുമായ ചിന്ത ജെറോം വിഷയത്തിൽ പ്രതികരിച്ചത്. നമ്മുടെ സമൂഹത്തിൽ വലിയ ആഴത്തിൽ ഇത്തരം ലഹരി ഉപയോഗം വ്യാപിച്ചിട്ടുണ്ട്. ഇതിനെതിരെ നിരവധി പ്രവർത്തനങ്ങൾ യുവജന സംഘടനകളും സർക്കാർ ഏജൻസികളും നടത്തുന്നുണ്ട്. അതിന്‍റെ ഗുണമുണ്ടായിട്ടുണ്ടെങ്കിലും ലഹരി ഉപയോഗത്തിന്‍റെ വ്യാപനം വലിയ തോതിൽ വർധിച്ചു എന്നത് നമുക്ക് കാണാതിരിക്കാനാകില്ല. പലപ്പോഴും ഇതിന്‍റെ ഒരു വെല്ലുവിളി ഉറവിടം കണ്ടെത്താനുള്ള പ്രയാസമാണ്. യുവജന കമ്മീഷൻ അധ്യക്ഷയായി പ്രവർത്തിക്കുന്ന ഘട്ടത്തിലടക്കം പൊലീസിനൊപ്പം പോകുമ്പോൾ വിദ്യാർഥികളും യുവാക്കളും ലഹരിയുടെ ക്യാരിയേഴ്സ് ആയി പിടിക്കപ്പെടുന്നത് കണ്ടിട്ടുണ്ട്. ഒരു പക്ഷേ അവർ ആ സമയത്തെ സൗഹൃദങ്ങളുടെ പേരിലാകും ഇത്തരത്തിൽ ക്യാരിയേഴ്സ് ആയി മാറുന്നത്. പിന്നീട് ഒരിക്കലും പുറത്തുവരാനാകാത്ത വിധം ഇവർ അകപ്പെട്ടുപോകുകയും ചെയ്യുന്ന ഒരുപാട് ദുരനുഭവങ്ങളും കണ്ടിട്ടുണ്ട്. പലപ്പോഴും കുട്ടികൾക്ക് ശരിയായി സംഘടിക്കാൻ കഴിയാത്തതും അരാഷ്ട്രീയവത്കരണവും ഇതിനൊരു പ്രധാന കാരണമാണ്. കലാ, കായിക പ്രവർത്തനങ്ങളിൽ സജീവമാകുന്നവർ ഒരു പരിധിവരെ ഇത്തരം ലഹരികൾ തേടിപ്പോകുന്നില്ല എന്നതും കാണാം. അതുകൊണ്ടുതന്നെ കളിക്കളങ്ങളോടുള്ള ലഹരി എന്ന നിലയിലുള്ള പ്രചരണം യുവജന സംഘടനകൾ ഏറ്റെടുക്കണം. ഒരു സ്കൂളിനും ഒരു കോളേജിനും വേണ്ട പ്രധാനപ്പെട്ട ഘടകങ്ങളാണ് കളിക്കളങ്ങൾ. ലഹരിയെ ചെറുക്കാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രം വിദ്യാര്‍ത്ഥികളുടെ ജനാധിപത്യ ഇടങ്ങളെന്നും ചിന്ത ജെറോം വിവരിച്ചു.
വൈരാഗ്യബുദ്ധിയുമായാണ് ഇന്ന് കുട്ടികൾ നടക്കുന്നത്, പുതുതലമുറ ലഹരി തേടി പോകാതെ നോക്കണം; ഐഎം വിജയൻ

ലഹരിയുടെ ഉപയോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ വിഷയത്തിന്‍റെ ഗൗരവം ഉൾക്കൊണ്ട് ഇത്തരത്തിൽ ലൈവത്തോൺ നടത്തുന്നതിൽ ഏഷ്യാനെറ്റ് ന്യൂസിനെ അഭിനന്ദിച്ചുകൊണ്ടാണ് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്‍റ് ആൻ സെബാസ്റ്റ്യനും സംസാരിച്ചത്. ക്യാമ്പസുകളിൽ ലഹരിയുടെ ഉപയോഗം വർധിച്ചുവെന്നത് എല്ലാവർക്കും അറിയുന്നതാണ്. സംസ്ഥാനത്തെന്നല്ല, രാജ്യത്തും ലോകത്തുമെല്ലാം ലഹരി ഉപയോഗം വർധിച്ച സാഹചര്യം തന്നെയാണ്. ഇതിനെതിരെ ശക്തമായ ബോധവത്കരണം നടത്തുക തന്നെ വേണം. ക്യാമ്പസിന്റെ തെറ്റായ ഒഴുക്കുകളെ തിരുത്താൻ കഴിയുന്നത് വിദ്യാർത്ഥി സംഘടനകൾക്കാണ്. ലഹരി ഉപയോഗിക്കുന്നവരല്ല, അത്തരത്തിൽ ഒന്നിനും അടിമപ്പെടാത്ത തലച്ചോറുള്ളവരാണ് ക്യാമ്പസുകളിൽ ട്രെൻഡായി മാറേണ്ടത്. എല്ലാ വിദ്യാർഥി സംഘടനകളും അത് കൂടുതൽ നന്നായി ഏറ്റെടുക്കണം. ലഹരി വിരുദ്ധ ക്യാമ്പയിനാകണം എല്ലാ വിദ്യാർഥി സംഘടനകളും ശക്തമായി ഏറ്റെടുക്കേണ്ടതെന്നും ആൻ സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

