കൊച്ചി: എറണാകുളം ചൂർണിക്കരയില്‍ ഭൂമി തരംമാറ്റാന്‍ വ്യാജരേഖയുണ്ടാക്കിയ കേസില്‍ വ്യാപകമായി ക്രമക്കേട് നടന്നെന്ന് വിജിലൻസിന്‍റെ പ്രാഥമിക റിപ്പോർട്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ വിജിലൻസ് ‌ഡയറക്ടർ ഉത്തരവിട്ടു. ഐ ജി വെങ്കിടേഷിന്‍റെ നേതൃത്വത്തിൽ അന്വേഷിക്കാനും തീരുമാനമായി. എറണാകുളം വിജിലൻസ് എസ്പി കാർത്തിക്കിനാണ് അന്വേഷണ ചുമതല.  പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വിജിലൻസ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തും.

കേസില്‍ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വിജിലന്‍സ് എറണാകുളം യൂണിറ്റ് സംസ്ഥാന വിജിലൻസ് ഡയറക്ടർക്കാണ് സമർപ്പിച്ചത്. ചൂർണിക്കര വയൽ നികത്തൽ മോഡലിൽ സംസ്ഥാനത്ത് നടക്കുന്ന ക്രമക്കേട് കണ്ടെത്താൻ പ്രത്യക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്താനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് നിലവും തണ്ണീർതടവും നികത്തിയോ എന്നും പരിശോധിക്കും. പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം നടത്താനാണ് ഉത്തരവ്. എസ്പി കെ ഇ ബൈജുവിന്റെ നേതൃത്വത്തിൽ പരിശോധന നടത്തും