ഒഡീഷയിൽ മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ച സംഭവത്തിൽ സീറോ മലബാർ സഭ പ്രതിഷേധം ഉയർത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർ അരക്ഷിതാവസ്ഥയിലാണെന്നും കേന്ദ്ര സർക്കാർ ഇടപെടണമെന്നും സഭ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: സംഘപരിവാർ സംഘടനകളുടെ ക്രൈസ്തവ വേട്ട അവസാനിപ്പിക്കണമെന്ന് സീറോ മലബാർ സഭ. ഒഡീഷയിൽ മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ച സംഭവത്തിൽ വലിയ പ്രതിഷേധമാണ് സഭ ഉയര്‍ത്തുന്നത്. ആക്രമണം ഉണ്ടായ സ്ഥലത്ത് പൊലീസ് എത്തിയിട്ടും കേസെടുത്തില്ല. നിയമ സംവിധാനങ്ങളെ വർഗീയശക്തികൾ നിയന്ത്രിക്കുന്നുവെന്നും സഭ പ്രസ്താവനയിൽ പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർ അരക്ഷിതാവസ്ഥയിലാണെന്നും കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സിറോ മലബാർ സഭ വക്താവ് പറഞ്ഞു.
അതേസമയം, ഡബിൾ എൻജിൻ സർക്കാരുകൾ പുരോഹിതരെയും കന്യാസ്ത്രീകളെയും വേട്ടയാടുകയാണെന്ന് കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു. ഛത്തീസ്ഗഡ് സംഭവം കഴിഞ്ഞ് നാടിനോട് പറഞ്ഞ കാര്യങ്ങൾ മറന്നിട്ടില്ല. വിഷയം പാർലമെന്‍റിൽ വരെ ഉന്നയിച്ചു. ആ ചൂട് മാറുന്നതിനു തൊട്ടുമുൻപാണ് ഒഡീഷയിലെ ആക്രമണം. ഇത് സംഘപരിവാർ അജണ്ടയുടെ ഭാഗമാണ്. വിഷയം വെള്ളിയാഴ്ച പാർലമെന്‍റിൽ ഉന്നയിക്കുമെന്നും കെ സി വ്യക്തമാക്കി.
നിയമം കൈയിലെടുക്കാൻ സംഘപരിവാറിന് ആരാണ് അധികാരം നൽകിയതെന്ന് കോണ്‍ഗ്രസ് നേതാവ് ചോദിച്ചു. എന്താണ് ഉദ്ദേശം എന്ന് കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയും വ്യക്തമാക്കണം. എന്തും ചെയ്യാനുള്ള ലൈസൻസ് കൊടുത്തതിന്‍റെ ഭാഗമായിട്ടാണ് ഇത് വീണ്ടും ആവർത്തിക്കുന്നത്. പരസ്യമായി രാജ്യത്ത് ഇതിനെ പ്രോത്സാഹിപ്പിക്കുകയും കേരളത്തിൽ വന്ന തിരിച്ചു പറയുകയും ചെയ്യുകയാണ്. സംഘപരിവാറിന്‍റെ ഗൂഢ പദ്ധതിയാണ് ഇത്. ക്രൈസ്തവരെ മാത്രമല്ല മുസ്ലീങ്ങളെയും പട്ടിക വർഗ്ഗക്കാരെയും
ഇല്ലായ്മ ചെയ്യാനാണ് നോക്കുന്നത്. ഉന്മൂലന സിദ്ധാന്തമാണ് അവരുടെ ലക്ഷ്യമെന്നും കെസി കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷങ്ങൾക്ക് എതിരായ ആക്രമണം രാജ്യത്ത് ആവർത്തിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി പ്രതികരിച്ചു. നടന്നത് ക്രൂരമായ മർദ്ദനമാണ്. പൊലീസ് കേസെടുക്കാൻ തയ്യാറാകുന്നില്ല. ഛത്തീസ്ഗഡിലും കേസെടുക്കാൻ തയ്യാറായിരുന്നില്ല. ക്രൈസ്തവരെ ഭീഷണിപ്പെടുത്തുകയാണ്. രാജ്യത്ത് ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാക്കുന്നു. ചിലരുടെ മാത്രം രാജ്യമാക്കാനുള്ള ശ്രമം. ഇത് ഗൗരവപരമായി ഏറ്റെടുത്തു മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.
ഒഡീഷയിലെ ജലേശ്വറിലാണ് വിവാദമായ സംഭവം ഉണ്ടായിട്ടുള്ളച്. മതപരിവര്‍ത്തനം ആരോപിച്ച് രണ്ട് മലയാളി വൈദികരെയും രണ്ട് മലയാളി കന്യാസ്ത്രീകളെയും കയ്യേറ്റം ചെയ്തതായാണ് പരാതി. ബജ്‍രംഗ്ദള്‍ പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്തതെന്നാണ് പരാതി. 70 പേരടങ്ങുന്ന ബജ്‍രംഗ്ദള്‍ പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്തതെന്നാണ് ആരോപണം. അതിക്രമത്തിന് ഇരയായ രണ്ടു വൈദികരും രണ്ടു കന്യാസ്ത്രീകളും മലയാളികളാണ്. മതപരിവര്‍ത്തനം ആരോപിച്ച് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.


