കോഴിക്കോട്: ചൊവ്വാഴ്ചത്തെ ഹര്‍ത്താലിനെതിരെ കേരളത്തിലെ പ്രമുഖ മുസ്ലീം നേതാക്കള്‍. ഹര്‍ത്താല്‍ ബിജെപിയെ സഹായിക്കാനാണെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരും വ്യക്തമാക്കി. നിയമപരമല്ല നാളത്തെ ഹര്‍ത്താലെന്നും കടകളടക്കാനും വാഹനങ്ങള്‍ തടയാനും സമ്മതിക്കില്ലെന്നും ‍ഡിജിപി വ്യക്തമാക്കി. എന്നാല്‍, ഹര്‍ത്താലുമായി മുന്നോട്ട് പോകുമെന്ന് എസ്ഡിപിഐയും വെല്‍ഫയര്‍ പാര്‍ട്ടിയും അറിയിച്ചു.

പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും ആസൂത്രണം ചെയ്ത ഹര്‍ത്താലിനോട് സഹകരിക്കില്ലെന്നാണ് മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെ നിലപാട്. ബിജെപി വടി കൊടുക്കാനില്ലെന്നും ആവശ്യമുള്ള സമയത്ത് യോജിച്ച് ഹര്‍ത്താല്‍ നടത്താമെന്നും മുസ്ലീം ലീഗ് ദേശീയ ജനറര്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും ഹര്‍ത്താലിനോട് വിയോജിപ്പറിയിച്ചു. സുന്നി, മുജാഹിദ് വിഭാഗങ്ങള്‍ നേരത്തെ തന്നെ ഹര്‍ത്താലിനോട് സഹകരില്ലെന്ന് വ്യക്തമാക്കിയിരുന്നു.

Also Read: പൗരത്വ നിയമ ഭേദഗതി: നാളത്തെ ഹർത്താൽ നിയമവിരുദ്ധമെന്ന് ഡിജിപി, നടത്തിയാൽ കർശന നടപടി

ഹര്‍ത്താല്‍ നിയമപരമല്ലെന്നും ഏഴ് ദിവസം മുമ്പ് നോട്ടീസ് നല്‍കിയിട്ടില്ലെന്നും ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. എന്നാല്‍, നോട്ടീസ് നല്‍കി ഹര്‍ത്താല്‍ നടത്തുക പ്രായോഗികമല്ലെന്നാണ് ഹര്‍ത്താലനുകൂലികളുടെ നിലപാട്. ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള വെല്‍ഫയര്‍ പാര്‍ട്ടി, പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള എസ്ഡിപിഐ തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താലിന് പിന്നില്‍. സംയമനത്തോടെ നീങ്ങാനാണ് മുഖ്യധാരാ സാമുദായിക രാഷ്ട്രീയപാര്‍ട്ടികളുടെ തീരുമാനമെങ്കിലും ചില സംഘടനകള്‍ അവസരം മുതലെടുക്കുമെന്ന് അവര്‍ക്കാശങ്കയുണ്ട്.

Also Read: പൗരത്വ നിയമ ഭേദഗതിക്ക് എതിരായുള്ള ഹര്‍ത്താലിനോട് യോജിപ്പില്ലെന്ന് കാന്തപുരം