കൊ​ച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് ഏറ്റവും ശക്തമായി ശബ്ദമുയർത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന് ഡിഎംകെ നേതാവും തൂത്തുകുടി എംപിയുമായ എംകെ കനിമൊഴി. സിഎഎയ്ക്കെതിരെ വിവേകപൂർണമായ തീരുമാനമായിരുന്നു കേരളത്തിന്റേത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം സംഘടിപ്പിക്കാൻ കഴിയില്ല. കാരണം ബിജെപി​യു​ടെ നി​ഴ​ലിൽ പ്രവർത്തിക്കുന്ന സർക്കാരാണ് തമിഴ്നാട് ഭരിക്കുന്നതെന്നും കനിമൊഴി കൂട്ടിച്ചേർത്തു. സിഎഎയും എൻആർസിയും നടപ്പാക്കാക്കുന്നതിനെതിരെ എറണാകുളം ടൗൺ ഹാളിൽ എംഇഎസ് സംഘടിപ്പിച്ച വനിതാ സമ്മേള്ളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

പൗരത്വ നിയമ ഭേദ​ഗതിയുടെയും ദേശീയ പൗരത്വ രജിസ്റ്ററിന്റെയും ആഘാതം ചുമക്കേണ്ടിവരുക രാജ്യത്തെ സ്ത്രീകളാണ്. സ്വന്തം പേരിലുള്ള ഭൂമിയാണ് പൗരത്വം തെളിയിക്കാനുള്ള പ്രധാന രേഖയായി സമർപ്പിക്കേണ്ടത്. എന്നാൽ, ഇന്ത്യയിലെ എത്ര സ്ത്രീകൾക്ക് സ്വന്തം പേരിൽ ഭൂമിയുണ്ടെന്നും കനിമൊഴി ചോദിച്ചു. മുസ്ലിംകളെയും നിരീശ്വരവാദികളെയും ഒഴിച്ച് പീഡനമനുഭവിക്കുന്ന ഹിന്ദു, ക്രിസ്ത്യൻ, പാഴ്സി തുടങ്ങി മതവിഭാ​ഗക്കാർക്ക് പൗരത്വം നൽകുന്ന നിയമമാണിത്. താനൊരു നിരീശ്വരവാദിയാണ്. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല. തനിക്ക് മതമില്ലെന്നും നിങ്ങളെപോലെ എന്നെയും ഈ നിയമം സാരമായി ബാധിക്കുമെന്നും കനിമൊഴി പറഞ്ഞു.

ദ്രാ​വി​ഡ, മ​തേ​ത​ര പാ​ര്‍ട്ടി എ​ന്ന​നി​ല​യി​ല്‍ പൗ​ര​ത്വ നിയമ ഭേ​ദ​ഗ​തിയെ പാർലമെന്റിൽ പി​ന്തു​ണ​ച്ച എഐഎഡിഎംകെ നി​ല​പാ​ട് അസ്വസ്ഥയുണ്ടാക്കി. എഐഎഡിഎംകെ രാജ്യസഭയിൽ ബില്ലിനെതിരെ വോട്ട് ചെയ്തിരുന്നെങ്കിൽ പൗ​ര​ത്വ നിയമ ഭേ​ദ​ഗ​തി പാസാകില്ലായിരുന്നു. മുസ്ലിംകൾക്ക് എതിരെ മാത്രം പ്രവർത്തിക്കുന്ന സംഘടനയല്ല ആർഎസ്എസ്. ഇന്ത്യയൊരു മതേതര രാഷ്ട്രമാണെന്ന് ചിന്തിക്കുന്ന ഏതൊരാൾക്കും എതിരായ സംഘടനയാണിതെന്നും കനിമൊഴി കൂട്ടിച്ചേർത്തു.