ഓട്ടോകൾക്ക് സംസ്ഥാന പെർമിറ്റ്: എതിർപ്പുമായി സിഐടിയു സംസ്ഥാന ഘടകം, എംവിഡി മുന്നറിയിപ്പ് തളളിയെന്ന് വിമർശനം
സിഐടിയു ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻെറ മാടായി ഏര്യാ കമ്മിറ്റിയുടെ അപേക്ഷ പ്രകാരമാണ് സംസ്ഥാന ഗതാഗത അതോററ്റി തീരുമാനമെടുത്തത്. എന്നാൽ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു സംസ്ഥാന നേതൃത്വം ഗതാഗത കമ്മീഷണർക്ക് കത്ത് നൽകി
തിരുവനന്തപുരം : ഓട്ടോകൾക്ക് സംസ്ഥാന പെർമിറ്റ് അനുവദിച്ചതിൽ എതിർപ്പുമായി സിഐടിയു സംസ്ഥാന ഘടകം. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു സംസ്ഥാന നേതൃത്വം ഗതാഗത കമ്മീഷണർക്ക് കത്ത് നൽകി. സംസ്ഥാന കമ്മിറ്റി പെർമിറ്റ് നൽകാൻ അപേക്ഷ നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് ജനറൽ സെക്രട്ടറി കെ എസ് സുനിൽ കുമാർ പ്രതികരിച്ചു. പ്രാദേശികമായി ആരെങ്കിലും അപേക്ഷ കൊടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കും. സംസ്ഥാന വ്യാപക പെർമിറ്റ് അപകടങ്ങൾ കൂട്ടുന്നതിനും സംഘർഷത്തിനും കാരണമാകുമെന്ന് സിഐടിയു ചൂണ്ടിക്കാട്ടി.
സിഐടിയു ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻെറ മാടായി ഏര്യാ കമ്മിറ്റിയുടെ അപേക്ഷ പ്രകാരമാണ് സംസ്ഥാന ഗതാഗത അതോററ്റി തീരുമാനമെടുത്തത്. എന്നാൽ തീരുമാനം പിൻവലിക്കണമെന്ന നിലപാടിലാണ് സിഐടിയു സംസ്ഥാന നേതൃത്വം. അപകട നിരക്ക് കൂട്ടുമെന്ന് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് തള്ളിയാണ് അതോററ്റി തീരുമാനമെടുത്തതെന്നും സിഐടിയു സംസ്ഥാന ഘടകം ചൂണ്ടിക്കാട്ടുന്നു.
ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു പെർമിറ്റ് നൽകിയിരുന്നത്. ഓട്ടോകള്‍ക്ക് ദീർഘദൂര സർവ്വീസ് നടത്തുന്നതിലെ അപകട സാധ്യത കണക്കിലെടുത്താണ് പെർമിറ്റ് നിയന്ത്രിയിച്ചത്.എന്നാൽ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു മാടായി ഏര്യാകമ്മിറ്റി സെക്രട്ടറി ഗോപാലകൃഷ്ണൻ നൽകിയ അപേക്ഷ പരിഗണിച്ചാണ് സംസ്ഥാന വ്യാപക പെർമിറ്റ് നൽകാൻ അതോററ്റി യോഗം തീരുമാനിച്ചത്. ജില്ലാ അതിർത്തിയിൽ നിന്നും 30 കിലോമീറ്റർ യാത്ര ചെയ്യാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സിഐടിയു കേരള സ്റ്റേറ്റ് ഓട്ടോ-ടാക്സി ലൈററ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം യു. വി.രാമചന്ദ്രൻ നൽകിയ അപേക്ഷയും അതോററ്റി പരിഗണിച്ച ശേഷമാണ് തീരുമാനമെടുത്തത്.
എറണാകുളത്ത് ലിഫ്റ്റ് തകർന്ന് വീണു; ചുമടെടുക്കാനെത്തിയ സിഐടിയു പ്രവർത്തകന് ദാരുണാന്ത്യം
പ്രാദേശികമായി ആരെങ്കിലും അപേക്ഷ നൽകിയിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും സിഐടിയു സംസ്ഥാന നേതൃത്വം പറയുന്നു. അതേ സമയം സംസ്ഥാന വ്യാപക സർവ്വീസ് നടത്താൻ ഡിസൈൻ ചെയ്തിട്ടുള്ള വാഹനം അല്ല ഓട്ടോറിക്ഷ, സീറ്റ് ബെൽറ്റ് ഉൾപ്പെടെ സുരക്ഷ സംവിധാനവുമില്ല, അതിവേഗ പാതകളിൽ 50 കിലോമീറ്റർ വേഗപരിധിയുള്ള ഓട്ടോറിക്ഷയിറങ്ങുന്നത് അപകടം കൂട്ടുമെന്നുമായിരുന്നു മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം. ഇതെല്ലാം തള്ളിയാണ് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന തീരുമാനം അതോററ്റി എടുത്തത്. സിഐടിയു സംസ്ഥാന കമ്മിറ്റി കൂടി തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ടതോടെ സർക്കാരിൻെറ തീരുമാനമാണ് ഇനി നിർണായകം.