Asianet News MalayalamAsianet News Malayalam

ആക്രമിച്ചതല്ല, തള്ളി മാറ്റിയതാണ്: കെഎസ്ആര്‍ടിസി ജീവനക്കാരെ ന്യായീകരിച്ച് സിഐടിയു

കാട്ടാക്കടയിലെ അക്രമസംഭവം ദൗർഭാഗ്യകരമായ സംഭവമാണെന്നും എന്നാൽ ജീവനക്കാര്‍ ആരേയും മര്‍ദ്ദിച്ചിട്ടില്ലെന്നും തള്ളിമാറ്റുക മാത്രമാണ് ചെയ്തതെന്നും കെഎസ്ആര്‍ടിസി സിഐടിയു യൂണിയൻ നേതാവ് സി.കെ.ഹരികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു

CITU Supports accused staff in KSRTC kattakkada attack case
Author
First Published Sep 27, 2022, 9:02 PM IST

തിരുവനന്തപുരം: കെഎസ്ആര്‍ടിസി കാട്ടാക്കട യൂണിറ്റിൽ വിദ്യാര്‍ത്ഥി കണ്‍സഷന് അപേക്ഷിക്കാനെത്തിയ പിതാവിനേയും മകളേയും മകളുടെ സുഹൃത്തിനേയും ആക്രമിച്ച സംഭവത്തിൽ ജീവനക്കാരെ ന്യായീകരിച്ച് സിഐടിയു. 

കാട്ടാക്കടയിലെ അക്രമസംഭവം ദൗർഭാഗ്യകരമായ സംഭവമാണെന്നും എന്നാൽ ജീവനക്കാര്‍ ആരേയും മര്‍ദ്ദിച്ചിട്ടില്ലെന്നും തള്ളിമാറ്റുക മാത്രമാണ് ചെയ്തതെന്നും കെഎസ്ആര്‍ടിസി സിഐടിയു യൂണിയൻ നേതാവ് സി.കെ.ഹരികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. കാട്ടാക്കടയിൽ യാത്രാ കണ്‍സെഷൻ അപേക്ഷിക്കാനെത്തിയ പിതാവിനേയും മകളേയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ചിട്ടില്ല, തള്ളിമാറ്റുകയാണ് ചെയ്തത്. എന്നാൽ അതു പോലും ഉണ്ടാകാൻ പാടില്ലാത്തതാണ്. ഓഫീസിലുണ്ടായിരുന്ന  വനിതാ ജീവനക്കാരോട് വരെ പ്രേമനൻ അപമര്യാദയായി സംസാരിച്ചെന്നും ഹരികൃഷ്ണൻ പറഞ്ഞു. 

കാട്ടാക്കടയിൽ തന്നെയും മകളെയും ആക്രമിച്ച പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ  മർദ്ദനത്തിനെതിരെയായ പ്രേമനൻ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകി. പ്രതികൾക്കെതിരെ എസ് സി എസ് ടി അതിക്രമ വകുപ്പ് ചുമത്തണമെന്ന്  പ്രേമനൻ ആവശ്യപ്പെട്ടു. പ്രതികളെ ഉടൻ പിടികൂടണമെന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി യുടെ ഓഫീസ് നിർദ്ദേശം നൽകിയതായി പ്രേമനൻ അറിയിച്ചു. ഇതിനിടെ കേസിൽ നാലാം പ്രതിയായ അജികുമാറിനെയും കെഎസ്ആർടിസി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.

അതേസമയം കെഎസ്ആര്‍ടിസിയിൽ സിംഗിൾ ഡ്യൂട്ടി സംവിധാനം നടപ്പാക്കുന്നതിൽ മാനേജ്മെൻ്റും തൊഴിലാളി യൂണിയനുകളും തമ്മിൽ ചര്‍ച്ച നടത്തി. ചര്‍ച്ച മൂന്ന് മണിക്കൂറോളം നീണ്ടും. 8 യൂണിറ്റുകളിൽ  സിംഗിൾ ഡ്യൂട്ടി നടപ്പാക്കാൻ യൂണിയനുകളെ മാനേജ്മെൻ്റ് ചുമതലപ്പെടുത്തി. കെഎസ്ആര്‍ടിസിയിലെ അക്കൗണ്ട് ജീവനക്കാരുടെ ജോലി സമയം രാവിലെ 9 മുതൽ അഞ്ച് വരെയാക്കി മാറ്റും. അക്കൗണ്ട്സ് വിഭാഗം ജീവനക്കാരുടെ ഡ്യൂട്ടിസമയം അതിരാവിലെ ആരംഭിക്കണമെന്ന് മാനേജ്മെൻ്റ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

അതേസമയം പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്ന് ടിഡിഎഫ് നേതൃത്വം വ്യക്തമാക്കി. 8 മണിക്കൂർ ഡ്യൂട്ടി മാത്രമേ അംഗീകരിക്കൂവെന്നും സിംഗിൾ ഡ്യൂട്ടിക്കെതിരെ  സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്നും ടിഡിഎഫ് നേതാവ് ടി.നൗഷാദ് പറഞ്ഞു. ആദ്യഘട്ടത്തിൽ എട്ട് ഡിപ്പോകളിലേയും സിംഗിൾ ഡ്യൂട്ടി സംവിധാനം യൂണിയനുകൾ നിരീക്ഷിക്കും. സംഘടന തലത്തിൽ പഠനം നടത്തും. 

ആരോഗ്യപരമായ ച‍ര്‍ച്ചയാണ് നടന്നതെന്ന് സിഐടിയു നേതാക്കൾ പറഞ്ഞു. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയിൽ വ്യാജ പ്രചരണമാണ് നടന്നതെന്നും ഓർഡിനറി ഷെഡ്യൂളുകൾ വർധിപ്പിച്ചു കൊണ്ടാണ് ഡ്യൂട്ടി പരിഷ്ക്കരണം നടപ്പാക്കുന്നതെന്നും പറഞ്ഞ സിഐടിയു നേതാവ് ഹരികൃഷ്ണൻ എന്തിനാണ് TDF പണിമുടക്ക് നടത്തുന്നതെന്നും ചോദിച്ചു. 

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക്? മുന്നറിയിപ്പുമായി ലോകവ്യാപാര സംഘടന
Follow Us:
Download App:
  • android
  • ios