Asianet News MalayalamAsianet News Malayalam

നിയമസഭാ കയ്യാങ്കളി കേസ്: തടസഹർജി തള്ളി കോടതി, വിടുതൽ ഹർജിയിൽ 23-ന് വാദം തുടങ്ങും

കേസിൽ സ്പെഷ്യൽ പബ്ബിക് പ്രോസിക്യുട്ടറെ നിയമിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചെന്നിത്തലയ്ക്കും അഭിഭാഷക പരിക്ഷത്തിനും തടസ്സ ഹർജി നൽകാൻ അധികാരമില്ലെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. 

CJM Court rejected intervention petition on assembly ruckus case
Author
Thiruvananthapuram, First Published Sep 9, 2021, 1:25 PM IST

തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസിലെ തടസ ഹ‍ർജികൾ തള്ളി തിരുവനന്തപുരം സിജെഎം കോടതി. കൈയ്യാങ്കളി കേസിൽ നിന്നും തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നീ പ്രതികൾ സമ‍ർപ്പിച്ച വിടുത‍ൽ ഹ‍ർജിക്കെതിരെയാണ് കേരള അഭിഭാഷക പരിക്ഷത്ത് ഹർജി നൽകിയത്. കേസിൽ കക്ഷി ചേ‍ർന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിടുതൽ ഹ‍ർജിക്കെതിരെ തടസ്സവാദം ഉന്നയിക്കുകയും ചെയ്തിരുന്നു. 

കേസിൽ സ്പെഷ്യൽ പബ്ബിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചെന്നിത്തലയ്ക്കും അഭിഭാഷക പരിക്ഷത്തിനും തടസ്സ ഹർജി നൽകാൻ അധികാരമില്ലെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. കയ്യാങ്കളി കേസിൽ സുപ്രീം കോടതിയിൽ വരെ നിയമപോരാട്ടം നടത്തിയതിനാൽ തനിക്ക് തടസ്സഹ‍ർജി ഫയൽ ചെയ്യാൻ അധികാരമുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ എതിർവാദം.

തടസ്സഹർജി തള്ളിയതോടെ ഈ മാസം 23 മുതൽ എൽഡിഎഫ് നേതാക്കളുടെ വിടുതൽ ഹ‍ർജിയിൽ സിജെഎം കോടതി വാദം കേൾക്കും. എന്നാൽ കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ അപേക്ഷ തള്ളിയ സുപ്രീംകോടതി കേസിൽ വിചാരണ നടത്താൻ നേരത്തെ ഉത്തരവിട്ടതിനാൽ വിടുതൽ ഹ‍ർജിയും സിജെഎം കോടതി തള്ളാനാണ് സാധ്യത. 

കൈയാങ്കളി കേസിൽ അപരിചിതരെ കക്ഷി ചേർക്കാൻ കഴിയില്ലെന്ന് വിധിയിൽ സിജെഎം കോടതി വ്യക്തമാക്കുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ചെന്നിത്തലയുടെ ആവശ്യവും കോടതി തള്ളി. നിലവിലെ പ്രോസിക്യൂട്ടർ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥൻ മാത്രമല്ല കോടതി സഹായിക്കാനുള്ള ഉദ്യോഗസ്ഥൻ കൂടിയാണെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ട‍ർ എന്ന ചെന്നിത്തലയുടെ ആവശ്യം തള്ളിക്കൊണ്ട് കോടതി വിധിയിൽ പറയുന്നു 

Follow Us:
Download App:
  • android
  • ios