തിരുവനന്തപുരം: ജെഡിഎസ് ദേശീയ നേതൃത്വത്തെയും താത്കാലികമായി നിയോഗിച്ച സംസ്ഥാന ഘടകത്തെയും തള്ളി വിമത വിഭാഗം. ബിജെപിയുമായി അടുക്കുന്ന ദേവഗൗ‍ഡ ദേശീയ അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്ന് വിമതർ യോഗം ചേർന്ന് പ്രമേയം പാസാക്കി.മാത്യുടി തോമസ് കൃഷ്ണൻകുട്ടി എന്നീ നേതാക്കളെ മുന്നിൽ നിർത്തുന്നതിൽ സാമ്പത്തിക താത്പര്യങ്ങളാണെന്നും ദേശീയ സംസ്ഥാന നേതൃത്വങ്ങൾ മാറിയില്ലെങ്കിൽ പാർട്ടി വിടുമെന്നും ജോർജ് തോമസിന്‍റെ നേതൃത്വത്തിലുള്ള വിമത വിഭാഗം പ്രഖ്യാപിച്ചു .സി.കെ.നാണുവിന്‍റെ പിന്തുണയോടെയാണ് യോഗം എന്ന് വ്യക്തമാക്കുമ്പോഴും സി.കെ.നാണു വിമത യോഗത്തിനെത്തിയില്ല എന്നതും ശ്രദ്ധേയമായി. 

ഇന്ന് വിളിച്ച ചേ‍ര്‍ത്ത ജെഡിഎസ് വിമത വിഭാഗം കൗണ്‍സിലിൽ 62 പേ‍ര്‍ പങ്കെടുത്തുവെന്ന് വിമത വിഭാഗം നേതാവ് ജോര്‍ജ് തോമസ് പറഞ്ഞു. 
സി.കെ.നാണു അധ്യക്ഷനായ ജെഡിഎസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട ദേവഗൗഡയുടെ ഉത്തരവ് അസാധുവാണ്. കർഷക പ്രതിഷേധത്തിൽ ദേവഗൗഡ യാതൊരു പിന്തുണയും നൽകിയില്ലെന്നും ദേവഗൗഡ ദേശീ അധ്യക്ഷസ്ഥാനം രാജിവയ്ക്കണമെന്നും വിമതവിഭാഗം ആവശ്യപ്പെട്ടു. ജനതാദൾ എസ് ദേശീയ നേതൃത്വവുമായി സഹകരിക്കില്ലെന്നും വിമത വിഭാഗം പറഞ്ഞു. 

മാധ്യമ പ്രവർത്തകൻ എസ്.വി.പ്രദീപിൻ്റെ മരണത്തിൽ അന്വേഷണം വേണമെന്നും മാത്യു ടി തോമസ് മന്ത്രിയായിരിക്കെ 300 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് കൃഷ്ണൻകുട്ടി മുമ്പ് വെളിപ്പെടുത്തിയതായി പ്രദീപ് റിപ്പോർട്ട് ചെയ്തിരുന്നുവെന്നും ജോ‍ര്‍ജ് തോമസ് ആരോപിച്ചു. ഇതിന് പിന്നാലെയാണ് പ്രദീപിൻ്റെ ദുരൂഹമായ മരണം സംഭവിച്ചത്.

ക്യുബിക് മീറ്ററിന് 200 രൂപ വിലയുള്ള മണ്ണ് 62 രൂപക്ക് സ്വകാര്യ നിർമ്മാണ കമ്പനിക്ക് നൽകി. ഇതിൽ 300 കോടി മാത്യു ടി തോമസ് കോഴ വാങ്ങിയെന്ന് കൃഷ്ണൻകുട്ടി വെളിപ്പെടുത്തിയിരുന്നു. വെളിപ്പടുത്തൽ അടിസ്ഥാന രഹിതമെങ്കിൽ കൃഷ്ണൻകുട്ടി സ്ഥാനമൊഴിയണം ശരിയെങ്കിൽ മാത്യു ടി തോമസിനെതിരെ നടപടി വേണം. എൽഡിഎഫ് യോഗത്തിൽ മാത്യു ടി തോമസിനെയും കൃഷ്ണൻകുട്ടിയെയും പങ്കെടുപ്പിക്കരുതെന്ന് മുന്നണിയിൽ ആവശ്യപ്പടുമെന്നും ജോര്‍ജ് തോമസ് പറഞ്ഞു.